News - 2024

കത്തോലിക്ക സഭയുടെ സേവനങ്ങളെ ആത്മാര്‍ത്ഥമായി പ്രശംസിക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന

സ്വന്തം ലേഖകന്‍ 05-12-2016 - Monday

കൊളംമ്പോ: ദരിദ്രരുടെയും, നിരാശ്രയരുടെയും, സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെയും ഇടയില്‍ കത്തോലിക്ക സഭ നടത്തുന്ന സേവനങ്ങളെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന കത്തോലിക്ക സഭയെ പ്രശംസിച്ചത്. കൊളംമ്പോ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ മാല്‍ക്കം രജ്ഞിത്തുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെ കുറിച്ചും സിരിസേന ഏഷ്യന്‍ ബിഷപ്പുമാരുടെ യോഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

"ശ്രീലങ്കയിലെ പാവങ്ങളുടെ ഇടയില്‍ കത്തോലിക്ക സഭ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. രാജ്യത്തെ സാമൂഹികവും, ആത്മീയവുമായ ചുറ്റുപാടുകളെ മെച്ചപ്പെടുത്തുന്നതിനായി കത്തോലിക്ക സഭ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്റെ അടുത്ത സ്‌നേഹിതനാണ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ജീവിതത്തില്‍ പല ക്ലേശങ്ങളും, ബുദ്ധിമുട്ടുകളും നേരിടുമ്പോള്‍ വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തെ പോയി സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശങ്ങള്‍ എനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്". മൈത്രിപാല സിരിസേന പറഞ്ഞു.

2015 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മൈത്രിപാല സിരിസേന രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് ന്യൂനപക്ഷവിഭാഗങ്ങളോട് അനുഭാവപൂര്‍വ്വമുള്ള നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മൈത്രിപാല സിരിസേന. ന്യൂനപക്ഷങ്ങളുടെ അവകാശത്തെ സംരക്ഷിക്കുവാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.


Related Articles »