News - 2024

ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ 08-12-2016 - Thursday

റായ്പൂര്‍: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നു ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 55-കാരിയായ വീട്ടമ്മയെ ആള്‍ക്കൂട്ടം ഹീനമായി കൊലപ്പെടുത്തിയ സംഭവം ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ഡോകാവായ എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന സമാരി കസാബി എന്ന വീട്ടമ്മയെയാണ് തീവ്രഹൈന്ദവ വാദികള്‍ അക്രമിച്ച് നഗ്നനായാക്കിയ ശേഷം കൊലപ്പെടുത്തിയത്. ഇവരുടെ മൃതശരീരം രാത്രിയില്‍ തന്നെ അക്രമികള്‍ തീയിലിട്ട് ചുട്ടുകരിച്ചിരിന്നു. സമാരി കസാബി താമസിച്ചിരിന്ന ഗ്രാമത്തിലെ നിരവധി ക്രൈസ്തവര്‍ ഹൈന്ദവതീവ്രവാദികളുടെ വധഭീഷണിയെ തുടര്‍ന്ന് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുകയാണെന്ന് പിന്നീട് പ്രഖ്യാപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരേയും, ഗ്രാമതലവനേയും പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തുവെങ്കിലും കേസ് ചാര്‍ജ് ചെയ്യാതെ തന്നെ വിട്ടയച്ചിരിന്നു. സമാരിയുടെ 35 വയസുകാരന്‍ മകന്‍ സുകൂറയെ കൊലപ്പെടുത്തുവാനാണ് അക്രമികള്‍ കൂട്ടമായി എത്തിയത്. സുകൂറയെ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ സമാരി കസാബിയെ ഹീനമായി കൊലചെയ്തത്. മധ്യപ്രദേശിലെ ജബാട്ട് എന്ന പ്രദേശത്തെ ക്രൈസ്തവര്‍ക്കു നേരെ അക്രമം നടന്ന അതേ സമയത്താണ് ഛത്തീസ്ഗഢില്‍ അക്രമികള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത്. ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ 'ഡെയിലി എക്സ്പ്രെസ്' തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിട്ടുള്ളത്. ഒരുതരത്തിലുള്ള വേര്‍ത്തിരിവും രാജ്യത്ത് അനുവദിക്കില്ലെന്നും മോഡി പ്രഖ്യാപിച്ചിരിന്നു.

രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാന്‍ ഭരണഘടന തന്നെ അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ മതം മാറുന്നതിനെ വിലക്കി പ്രത്യേക നിയമം പാസാക്കിയിരിക്കുകയാണ്. പിന്നോക്ക ജനവിഭാഗങ്ങള്‍ എല്ലാക്കാലത്തും മുന്നോക്ക ഹൈന്ദവരുടെ അടിമകളായി തുടരണമെന്ന താല്‍പര്യമാണ് ഇത്തരം നിയമങ്ങള്‍ക്ക് പിന്നിലെന്ന ആരോപണം ശക്തമാണ്.

മതംമാറുവാന്‍ നിരോധനമുള്ള സംസ്ഥാനങ്ങളില്‍ ഹൈന്ദവ മതത്തിലേക്ക് ചേരുന്നതിന് വിലക്കില്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. വീട്ടിലേക്കുള്ള ഒരു മടങ്ങിവരവ് എന്നാണ് ഇത്തരം മതം മാറ്റത്തെ ഭരണാധികാരികള്‍ പോലും വിവരിക്കുന്നത്. ഇത്തരം നടപടികളില്‍ നിന്നും തന്നെ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന കാര്യം വ്യക്തമാണ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചാരിറ്റബിള്‍ സംഘടനകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തടഞ്ഞിട്ടുണ്ട്.

യുകെയില്‍ നിന്നുള്ള സഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന 'ജനറല്‍ കൗണ്‍സില്‍ ഫോര്‍ കംപാഷന്‍ ഇന്റര്‍നാഷണല്‍' എന്ന സംഘടനയ്ക്കും ഇത്തരത്തില്‍ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ഒന്നരലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനും, മറ്റു കാര്യങ്ങള്‍ക്കും സഹായങ്ങള്‍ എത്തിച്ചു നല്‍കിയ സംഘടനയായിരുന്നു ഇത്. ഇത്രയും കുട്ടികള്‍ക്ക് സമാന്തരമായ ഒരു സൗകര്യവും ഒരുക്കാതെയാണ് കേന്ദ്രം സര്‍ക്കാര്‍ സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ചത്.

മതം മാറ്റുകയാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു ഉദ്ദേശവും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സംഘടനയ്ക്കില്ലെന്ന് അതിന്റെ വക്തവായ സ്റ്റീഫന്‍ ഓക്ലേ പറഞ്ഞു. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതത്തിന് 17-ാം സ്ഥാനമാണുള്ളത്.


Related Articles »