News - 2024
ഇന്ത്യാനയില്‍ ക്രിസ്തുമസ് ട്രീയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശ് ടൗണ്‍ കൗണ്‍സില്‍ നീക്കം ചെയ്തു: പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ 14-12-2016 - Wednesday
വാഷിംഗ്ടണ്‍: ഇന്ത്യാനയിലെ ചെറുപട്ടണമായ നൈറ്റ്സ് ടൗണില്‍, ക്രിസ്തുമസ് ട്രീയുടെ മുകളിലായി സ്ഥാപിച്ചിരുന്ന കുരിശ് എടുത്ത് മാറ്റി. ജോസഫ് ടോംപ്കിന്‍സ് എന്ന പ്രദേശവാസിയുടെ പ്രതിഷേധത്തെ തുടര്‍ന്നു അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൈറ്റ്സ്ടൗണ്‍ നഗരസഭ കുരിശ് എടുത്ത് മാറ്റുവാന്‍ തീരുമാനിച്ചത്.
കോടതിയില്‍ നല്‍കിയ പരാതിയില്‍ മറുവാദങ്ങള്‍ ഉന്നയിക്കുവാന്‍ പോകില്ലെന്നുള്ള നഗരസഭയുടെ പ്രതികരണം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. താന്‍ നികുതി നല്‍കുന്ന പണം ഇത്തരത്തില്‍ ക്രിസ്തുമസ് ട്രീകള്‍ അലങ്കരിക്കുവാനും, അതിനു മുകളിലായി കുരിശ് സ്ഥാപിക്കുവാനും വിനിയോഗിക്കുവാന്‍ സാധ്യമല്ലെന്നതായിരുന്നു ജോസഫ് ടോംപ്കിന്‍സിന്റെ പരാതി.
നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കുരിശ് എടുത്തു മാറ്റിയതെന്നു നൈറ്റ്സ് ടൗണ്‍ അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൗണ്‍ സ്വകയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും കുരിശ് എടുത്ത് മാറ്റുമെന്ന് വാര്‍ത്താകുറിപ്പിലൂടെ മുന്‍കൂട്ടി അറിയിച്ച നഗരസഭ, ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ പ്രത്യേക പ്രമേയം പാസാക്കുമെന്ന വിചിത്രമായ പ്രഖ്യാപനവും നടത്തി.
ടൗണ്‍ കൗണ്‍സിലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരന്‍ നികുതിയായി നല്‍കിയ പണത്തിന്റെ 0.0004 സെന്റ് മാത്രമാണ് ഇത്തരത്തില്‍ ഒരു ക്രിസ്തുമസ് ട്രീ അലങ്കരിക്കുവാനായി ചെലവഴിച്ചിരിക്കുന്നതെന്നാണ് കണക്ക്. തീരെ തുച്ഛമായ ഈ തുക മടക്കി നല്‍കുവാന്‍ നഗരവാസികള്‍ക്ക് നിഷ്പ്രയാസം കഴിയുമെന്നും നൈറ്റ്സ് ടൌണിലെ ബിസിനസ് പ്രമുഖനായ ലാവു ഗിയോച്ച് 'ഫോക്‌സ് ന്യൂസിനോട്' പ്രതികരിച്ചു.