News - 2024

ക്രൈസ്തവരുടെ രക്തത്താല്‍ ധന്യമായ കന്ധമാലില്‍ നിന്നും രണ്ട് ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 14-12-2016 - Wednesday

ഭുവനേശ്വര്‍: ഭാരതത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടകൊലയ്ക്ക് സാക്ഷ്യം വഹിച്ച ഒഡീഷായിലെ കന്ധമാൽ ജില്ലയില്‍ നിന്നും രണ്ട് യുവാക്കള്‍ കൂടി തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ഇക്കഴിഞ്ഞ 12-ാം തീയതി നടന്ന തിരുപട്ട ശുശ്രൂഷകള്‍ക്ക് രായഗഡ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് അപ്ലിനാര്‍ സേനാപതിയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. ബാലബന്ദ് റാണാസിംഗ്, മുനിബ് പ്രധാന്‍ എന്നീ യുവാക്കളാണ് തിരുപട്ടം സ്വീകരിച്ചത്.

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന റായിക്കിയായിലെ 'ഔര്‍ ലേഡി ഓഫ് ചാരിറ്റി' ദേവാലയത്തിലാണ് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ സഭയിലെ വൈദികരായിട്ടാണ് ബാലബന്ദ് റാണാസിംഗും, മുനിബ് പ്രധാനും അഭിഷിക്തരായത്. വൈദികരാകുക എന്നത് കൊണ്ട് ഒരു പ്രത്യേക ജോലിയിലേക്ക് പ്രവേശിക്കുകയല്ല ചെയ്യുന്നതെന്നും, സേവനമാണ് വൈദികരുടെ ലക്ഷ്യമെന്നും ബിഷപ്പ് അപ്ലിനാര്‍ സേനാപതി ചടങ്ങുകള്‍ക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

കട്ടക് - ഭുവനേശ്വര്‍ അതിരുപതയുടെ കൗണ്‍സിലറായി സേവനം ചെയ്യുന്ന ഫാദര്‍ അഗസ്റ്റീന്‍ സിംഗും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ കത്തോലിക്ക മാധ്യമമായ 'ഫീഡ്‌സിനോട്' കന്ധമാലില്‍ നടക്കുന്ന ദൈവീക ഇടപെടലുകളെ കുറിച്ച് അദ്ദേഹം പ്രത്യേകം സംസാരിച്ചു. "സാമൂഹികമായും, സാമ്പത്തികമായും, മതപരമായും വിവിധ പ്രശ്‌നങ്ങള്‍ കാണ്ഡമാല്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ളവരുടെ വിശ്വാസ തീഷ്ണതയ്ക്ക് ഒരു മങ്ങലും ഏല്‍പ്പിക്കുവാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാരണമായിട്ടില്ല. നിരവധി പേര്‍ വൈദികരായി പ്രദേശത്തു നിന്നും സഭയുടെ ശുശ്രൂഷയിലേക്ക് കടന്നു വരുന്നു".

"ദൈവത്തിന്റെയും മനുഷ്യരുടെയും ശുശ്രൂഷകരാകുക എന്നതാണ് വൈദീകരുടെ ജീവിതലക്ഷ്യം. ഇന്നത്തെ കാലഘട്ടത്തില്‍ ദൈവ വിളിയോട് ശരിയായി പ്രതികരിക്കുകയും, വൈദീക ജീവിതം തെരഞ്ഞെടുക്കുകയും ചെയ്യുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. പ്രാര്‍ത്ഥനയാണ് ഒരു വൈദികന്റെ ശക്തി. കന്ധമാലില്‍ നിന്നും വൈദികര്‍ സഭയിലേക്ക് കടന്നു വരുന്നതിനെ സന്തോഷത്തോടെയാണ് നോക്കികാണുന്നത്". ഫാദര്‍ അഗസ്റ്റീന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലും ഇവിടെ നിന്നും രണ്ടു വൈദികര്‍ സഭാ ശുശ്രൂഷകളിലേക്ക് പ്രവേശിച്ചിരിന്നു. കുട്ടക്- ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ നേതൃത്വത്തിലാണ് അന്ന് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കാണ്ഡമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു.


Related Articles »