News - 2024
മതനിന്ദാ കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവ ഗവര്‍ണ്ണറുടെ വിചാരണ ആരംഭിച്ചു: കോടതിയില്‍ പൊട്ടികരഞ്ഞു ജക്കാര്‍ത്ത ഗവര്‍ണ്ണര്‍
സ്വന്തം ലേഖകന്‍ 16-12-2016 - Friday
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയുടെ വിചാരണ ആരംഭിച്ചു. വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നും, തെറ്റായ കാര്യങ്ങളാണ് തന്റെ പേരില്‍ ചിലര്‍ ഉന്നയിക്കുന്നതെന്നും തുറന്ന് പറഞ്ഞ ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുക്കി കോടതിയില്‍ പൊട്ടികരഞ്ഞു. സെപ്റ്റംബര്‍ 27-ാം തീയതി നടത്തിയ ഒരു പ്രസംഗത്തില്‍ 51-ാം സൂറയിലെ ചില വാക്കുകള്‍ തെറ്റായി പരാമര്‍ശിച്ച് ഇസ്ലാം മത വിശ്വാസത്തെ നിന്ദിച്ചുവെന്നതാണ് കേസ്.
തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2017 ഫെബ്രുവരി മാസം നടത്തപ്പെടുവാനിരിക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലേക്ക് അഹോക്കിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ബസുക്കിയുടെ പേരില്‍ വ്യാജ മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്.
"ഞാന്‍ ഇസ്ലാം മതത്തെ അധിക്ഷേപിച്ചുവെന്ന ആരോപണം കേള്‍ക്കുവാന്‍ ഇടയായതില്‍ തീവ്രമായി ദുഃഖിക്കുന്നു. ഇത്തരമൊരു പ്രവര്‍ത്തി ഞാന്‍ ചെയ്തിട്ടില്ല. എന്നെ ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളുടെ മതത്തെ ഞാന്‍ ഒരിക്കലും അപമാനിക്കില്ല. എന്റെ സഹോദരന്‍മാരും, സഹോദരിമാരും വിശ്വസിക്കുന്ന മതത്തെ ഞാന്‍ അപമാനിച്ചുവെന്ന് പറയുന്നത് തന്നെ തെറ്റായ കാര്യമാണ്. അടിസ്ഥാന രഹിതമായ ഈ ആരോപണം എന്നെ ഏറെ വേദനിപ്പിക്കുകയാണ്". വികാരാധീനനയ ബസുക്കി ജഹാജ കോടതിയില്‍ പറഞ്ഞു.
ഗവര്‍ണ്ണറായി ഭരണം നടത്തിയപ്പോള്‍ താന്‍ മുസ്ലീം മതസ്ഥര്‍ക്ക് വേണ്ടി ചെയ്ത വിവിധ ക്ഷേമ പ്രവര്‍ത്തികളെ കുറിച്ച് ബസുക്കി ജഹാജ കോടതിയില്‍ വിവരിച്ചു. രാജ്യ തലസ്ഥാനത്ത് നിരവധി മോസ്‌ക്കുകള്‍ താന്‍ നിര്‍മ്മിച്ചതായും, റംസാന്‍ നോമ്പിന്റെ സമയത്ത് മുസ്ലീം മതസ്ഥര്‍ക്ക് ജോലിയില്‍ ഇളവുകള്‍ നല്‍കി ഉത്തരവിറക്കിയ കാര്യവും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഹജ്ജിനു പോകുന്നതിനായും, വീടുകള്‍ വയ്ക്കുന്നതിനായും മുസ്ലീം വിശ്വാസികള്‍ക്ക് ഭരണതലത്തില്‍ താന്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളും ഗവര്‍ണ്ണര്‍ കോടതിയില്‍ വെളിപ്പെടുത്തി.
തീവ്ര വിഭാഗക്കാരായ മുസ്ലീം മതസ്ഥര്‍ വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് ബസുക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തടിച്ചുകൂടിയിരുന്നു. ഇന്തോനേഷ്യന്‍ ഭരണഘടനയ്ക്ക് നേരെ ഉയര്‍ന്നുവന്നിരിക്കുന്ന ഒരു വെല്ലുവിളിയാണ് ബസുക്കിയുടെ കേസ് എന്നു ഫാദര്‍ ബെന്നി സുസീറ്റിയോ പ്രതികരിച്ചു. ഭരണഘടന പ്രകാരമുള്ള കാര്യങ്ങള്‍ രാജ്യത്ത് നടക്കേണമോ, അതോ ജനകൂട്ടത്തിന്റെ താല്‍പര്യത്തിന് വിലനല്‍കിയുള്ള തീരുമാനമാണോ ആവശ്യമെന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും ഫാദര്‍ ബെന്നി സുസീറ്റിയോ വിഷയത്തില്‍ പ്രതികരിച്ചു. ഗവര്‍ണ്ണറിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ മൂന്നുമാസമെങ്കിലും എടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.