India - 2024

ചങ്ങനാശേരി അതിരൂപതയുടെ മില്ല്യൻസ്റ്റാർ അവാര്‍ഡ് 4 ഇടവകകള്‍ക്ക്

സ്വന്തം ലേഖകന്‍ 16-12-2016 - Friday

ചങ്ങനാശേരി: കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ചങ്ങനാശേരി അതിരൂപതയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവച്ച 4 ഇടവകകള്‍ക്കു മില്ല്യൻസ്റ്റാർ അവാര്‍ഡ്. തോട്ടയ്ക്കാട് സെന്റ് ജോർജ്, എടത്വാ സെന്റ് ജോർജ് ഫൊറോനാ, നാലുകോടി സെന്റ് തോമസ്, തുരുത്തി മർത്ത് മറിയം ഫൊറോനാ എന്നീ ഇടവകകള്‍ക്കാണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. രൂപതയുടെ ജീവകാരുണ്യനിധി ട്രസ്റ്റാണ് അവാർഡ് നല്‍കുന്നത്.

സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ സമർഥരായ കുട്ടികൾക്ക് ഉന്നതപഠനത്തിന് ധനസഹായം നൽകുന്ന പദ്ധതിയായ കളർ എ ഡ്രീം, നിര്‍ധനരെ ഭവനനിർമ്മാണ രംഗത്ത് സഹായിക്കാന്‍ കളർ എ ഹോം തുടങ്ങിയവ വഴി ഏറ്റവും അധികം പേരെ സഹായിച്ച ഇടവകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

കരുണയുടെ വർഷത്തിൽ 27 വീടുകൾ പൂർത്തിയാക്കിയ തുരുത്തി ഇടവകയും 20 വീടുകൾ പൂർത്തിയാക്കിയ തോട്ടയ്ക്കാട് ഇടവകയും 19 വീടുകൾ പൂർത്തിയാക്കിയ എടത്വാ സെന്റ് ജോർജ് ഇടവകയും എട്ട് വീടുകൾ പൂർത്തിയാക്കിയ നാലുകോടി ഇടവകയും ഭവനനിർമ്മാണ രംഗത്തും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സന്ദേശനിലയം ഹാളിൽ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാർഡ് വിതരണം ചെയ്യും. വികാരിജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും.