News - 2024

ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരെ ആക്രമിക്കുവാന്‍ ഐ‌എസ് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 24-12-2016 - Saturday

വാഷിംഗ്ടണ്‍: ക്രിസ്തുമസ്, പുതുവത്സര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരെ ആക്രമിക്കുവാന്‍ ഐഎസ് ഭീകരര്‍ പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ട്. കാനഡ, യുഎസ്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള ദേവാലയങ്ങളുടെ ലിസ്റ്റ് പ്രത്യേകമായി തയ്യാറാക്കിയ ശേഷമാണ് തീവ്രവാദികള്‍ ആക്രമണത്തിനായി ഒരുങ്ങുന്നത്. പ്രമുഖ ഹോട്ടലുകള്‍, ക്രിസ്തുമസിനായി വിശ്വാസികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, തെരുവുകള്‍ തുടങ്ങിയവ അക്രമിക്കുവാനാണ് ഐഎസ് പദ്ധതിയിട്ടിട്ടുള്ളത്. ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.

'ഇസ്ലാമിന്റെ മക്കള്‍' എന്ന തലകെട്ടോടെയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിക്കുന്നത്. ടെലിഗ്രാം സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഐഎസ് തീവ്രവാദികള്‍ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നത്. ക്രൈസ്തവരെ ആക്രമിക്കുവാനുള്ള നിരവധി ആഹ്വാനങ്ങള്‍ ഇത്തരം സന്ദേശങ്ങളിലൂടെ പരക്കുന്നു. 'രക്തത്തില്‍ കുതിര്‍ന്ന ഒരു ക്രിസ്തുമസും പുതുവത്സരവും' എന്നതാണ് ചില സന്ദേശങ്ങളുടെ ഉള്ളടക്കം. ഈ സന്ദേശത്തിലാണ് ആക്രമണം നടത്തേണ്ട പള്ളികളുടെ ലിസ്റ്റ് രാജ്യം തിരിച്ച് തയ്യാറാക്കിയിരിക്കുന്നത്.

"ഈ ക്രിസ്തുമസ്, പുതുവത്സരദിനങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്, രക്തത്തില്‍ കുതിര്‍ന്ന ഒരു ഭീകര ചലച്ചിത്രമായി മാറണം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേണ്ടി പള്ളികളിലേക്ക് കടന്നു പോയതിനെ കുറിച്ച് അവരും, ബന്ധുക്കളും ദുഃഖിക്കണം. ഐഎസിനെതിരെ യുദ്ധം ചെയ്യുവാന്‍ തീരുമാനിച്ചതിനെ കുറിച്ച് ഓര്‍ത്ത് ഈ രാജ്യങ്ങള്‍ വിലപിക്കണം". ഐഎസ് തീവ്രവാദികളുടെ രഹസ്യഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

അടുത്തിടെ ബെര്‍ലിനിലെ ക്രിസ്തുമസ് മാർക്കറ്റില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് ഭീഷണിയെ തികഞ്ഞ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ യുഎസിലെ വിവിധ ക്രൈസ്തവ സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന 15,000 അത്മായരുടെ ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്തുവാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു. ടെക്‌സാസ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ലിസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഹിറ്റ് ലിസ്റ്റ് പുറത്തുവന്നതിനെ തുടര്‍ന്നു വിശ്വാസികള്‍ കടുത്ത ഭീതിയിലായിരുന്നു. ഇതേ തുടര്‍ന്ന് എഫ്ബിഐ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ലിസ്റ്റിലുള്ള വിശ്വാസികള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.


Related Articles »