Meditation. - December 2024
കര്‍ത്താവില്‍ സന്തോഷിക്കുവിന്‍
സ്വന്തം ലേഖകന്‍ 28-12-2023 - Thursday
"നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍" (ഫിലിപ്പി 4:4).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 28
ലോകത്തില്‍ സന്തോഷം കൊണ്ടുവരാനാണ് കര്‍ത്താവ് വന്നത്: കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും, കൂട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പണ്ഡിതര്‍ക്കും, രോഗികള്‍ക്കും വയോധികര്‍ക്കും, മനുഷ്യരാശിക്കാകമാനം സന്തോഷം നല്‍കുവാനാണ് ഭൂമിയില്‍ അവന്‍ ജാതനായത്. ശരിയായ അര്‍ത്ഥത്തില്‍ ക്രിസ്ത്രീയ സന്ദേശത്തിന്റെ കേന്ദ്രതത്ത്വവും സുവിശേഷങ്ങളുടെ ആവര്‍ത്തിച്ചുവരുന്ന പ്രധാന പ്രതിപാദ്യവും സന്തോഷമാണ്. മറിയത്തിനോടുള്ള മാലാഖയുടെ ആദ്യവാക്കുകള്‍ ഓര്‍ക്കുക. "ദൈവകൃപനിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" കൂടാതെ, യേശുവിന്റെ ജനനത്തില്‍ മാലാഖമാര്‍ ആട്ടിടയന്മാരോട് വിളംബരം ചെയ്തു. "ഇതാ, വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു". വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഴുതക്കുട്ടിയുടെ മേല്‍ കയറി യേശു ജറുസലേമില്‍ പ്രവേശിച്ചപ്പോള്‍ ശിഷ്യഗണം മുഴുവനും സന്തോഷിച്ച് ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി.
"കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗ്രഹീതന്‍". തുടര്‍ന്നു നമ്മള്‍ വായിക്കുന്നത്, ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില ഫരിസേയര്‍ പരാതിപ്പെട്ടുകൊണ്ട് പറഞ്ഞു: "ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക". പക്ഷേ, യേശു പ്രതിവചിച്ചു: "ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു." യേശുവിന്റെ ഈ വാക്കുകള് ഇന്നും സത്യമല്ലേ? യേശുവിനെ അറിയുന്നതില്‍ നിന്നുണ്ടാകുന്ന സന്തോഷത്തെപ്പറ്റി നാം മൗനം ഭജിച്ചാല്‍ നമ്മുടെ നഗരങ്ങളിലെ കല്ലുകള്‍ പോലും ആര്‍ത്തുവിളിക്കും. 'ഹലേലുയ്യാ...' ആണ് നമ്മുടെ ഗീതം. വി. പൗലോസിനോട് ചേര്‍ന്ന് ഞാന്‍ ഉത്ബോധിപ്പിക്കുന്നു: "കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍, ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.''
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.