News - 2024
മാലിയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്രിസ്തുമസ് ആഘോഷിച്ചു
സ്വന്തം ലേഖകന്‍ 30-12-2016 - Friday
ഗവോ: മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്ത മാലിയിലെ ഗവോ നിവാസികള്‍, ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കായി വീണ്ടും ഒത്തുകൂടി. 2012-ല്‍ ഗവോയുടെ നിയന്ത്രണം അല്‍-ഖ്വയ്ദ തീവ്രവാദികള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പൂട്ട് വീണത്. ജിഹാദികള്‍ പട്ടണം പിടിച്ചെടുത്തതോടെ ക്രൈസ്തവര്‍ ഭയന്നു നാടുവിടുകയായിരിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം പട്ടണത്തിലേക്ക് ചുരുക്കം ക്രൈസ്തവരാണ് മടങ്ങിയെത്തിയത്. ഇവരില്‍ തന്നെ ഒരു വിഭാഗം വിശ്വാസികളാണ് ക്രിസ്തുമസ് ശുശ്രൂഷകളില്‍ പങ്കെടുത്തത്. ഗവോയിലെ കത്തോലിക്ക ദേവാലയത്തില്‍ ക്രിസ്തുമസ് തലേന്നു രാത്രിയിലും, പിറ്റേ ദിവസം രാവിലെയും ജനനതിരുന്നാളിന്റെ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.
ശക്തമായ പോലീസ് സുരക്ഷ ദേവാലയത്തില്‍ ഒരുക്കിയിരുന്നു. ക്രിസ്തുമസ് തലേന്ന് സ്വിസ് സന്നദ്ധ പ്രവര്‍ത്തകയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത് ശുശ്രൂഷകള്‍ക്കായി ദേവാലയത്തിലേക്ക് എത്തിയവരെയും ആശങ്കയിലാക്കിയിരുന്നു. ദേവാലയത്തിനുള്ളില്‍ അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെ മുന്നില്‍ പത്തു പേരടങ്ങുന്ന ചെറു ഗായക സംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. പുല്‍ക്കുടിലിന്റെ ചെറിയ മാതൃകയും ദേവാലയത്തിനുള്ളിലായി തയ്യാറാക്കപ്പെട്ടിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന രാത്രിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം, ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി വന്നുകൂടിയവര്‍ക്കു ലഘു ഭക്ഷണവും ദേവാലയത്തില്‍ ഒരുക്കിയിരുന്നു.
ഉഗാണ്ടയില്‍ നിന്നുള്ള ഫാദര്‍ അഫീക്കു അന്തീരോയാണ് ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ക്രിസ്തുവിന്റെ സമാധാനവും, സന്തോഷവും ഗവോയിലും, മാലിയിലും വന്നു നിറയട്ടെ എന്ന് അദ്ദേഹം തന്റെ ക്രിസ്മസ് ദിന സന്ദേശത്തില്‍ ആശംസിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രിസ്തുമസ് മനസിലേക്ക് കൊണ്ടുവരുന്ന സ്‌നേഹത്തിന്റെയും പ്രത്യാശയുടെ സന്ദേശം അവസാനിക്കാത്തതാണെന്നും ഫാദര്‍ അഫീക്കു തന്റെ സന്ദേശത്തില്‍ പറഞ്ഞു.
150-ല്‍ താഴെ ക്രൈസ്തവര്‍ മാത്രമാണ് പട്ടണത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയിട്ടുള്ളത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗവോ നഗരത്തില്‍ 300-ല്‍ അധികം ക്രൈസ്തവര്‍ വസിച്ചിരുന്നതായി ഗവോയിലെ ക്രൈസ്തവ കൂട്ടായ്മയുടെ പ്രസിഡന്റായ ഫിലിപ്പി ഒമോറി പറഞ്ഞു. "ഇവിടെയുള്ള ക്രൈസ്തവര്‍ ഭയത്തിലാണ്. ഇതിനാലാണ് അവര്‍ ആരാധനയ്ക്കായി കടന്നു വരാത്തത്. വീണ്ടും അവരെ ദേവാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ പ്രത്യേക ബോധവല്‍ക്കരണം ആവശ്യമാണ്". ഫിലിപ്പി ഒമോറി പറഞ്ഞു.
അള്‍ജീരിയ, ഈജിപ്റ്റ്, ടുണേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയ തീവ്രവാദികളാണ് രാജ്യത്തെ സമാധാനം തകര്‍ത്തത്. പ്രാദേശിക സമൂഹങ്ങളുടെ മേല്‍ കടുത്ത മുസ്ലീം വിശ്വാസം അടിച്ചേല്‍പ്പിച്ച അവര്‍ പ്രദേശത്തെ മുസ്ലീം വിശ്വാസികളെ ക്രൈസ്തവര്‍ക്ക് എതിരെ തിരിച്ചു. ഫ്രാന്‍സിന്റെ കോളനിയായിരുന്ന മാലിയിലേക്ക് ഫ്രഞ്ച് മിഷ്ണറിമാരാണ് കത്തോലിക്ക വിശ്വാസം കൊണ്ടുവന്നത്. ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത തങ്ങളുടെ ദേവാലയങ്ങളെയും, സമൂഹത്തേയും പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് രാജ്യത്ത് അവശേഷിക്കുന്ന വിശ്വാസികള്‍ക്കുള്ളത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക