News

ഫാ. ടോമിന്റെ തിരോധാനത്തിന് ഇന്നു പത്തു മാസം തികയുന്നു: പ്രാര്‍ത്ഥനദിനമായി ആചരിക്കാന്‍ സലേഷ്യന്‍ സഭയുടെ അഭ്യര്‍ത്ഥന

സ്വന്തം ലേഖകന്‍ 04-01-2017 - Wednesday

ബാംഗ്ലൂര്‍: യെമനിലെ ഏദനില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനത്തിനു ഇന്നേക്ക് പത്തുമാസം തികയുന്നു. ഫാ. ടോമിന്റെ തിരോധനത്തിന് പത്തുമാസം തികയുന്ന ഇന്നേ ദിവസം ദിവ്യകാരുണ്യ ആരാധന നടത്തിയും ജപമാല ചൊല്ലിയും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമേയെന്ന് സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാല്‍ ഫാ. ജോയിസ് തോണികുഴിയില്‍ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ മാര്‍ച്ച് നാലിനാണ് ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനം ആക്രമിച്ചു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ ഇക്കഴിഞ്ഞ ഡിസംബര്‍ 26നു പുറത്തുവന്നത്. മോചനത്തിനായി അധികാരികള്‍ എല്ലാം ചെയ്തുവെന്നു മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നെങ്കിലും തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്തില്ല എന്നതാണു യാഥാര്‍ത്ഥ്യമെന്ന്‍ അദ്ദേഹം ഈ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിന്നു.

ഫാ. ടോമിന്റെ മോചനത്തിനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് അറിയില്ലായെന്ന് ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു.

നേരത്തെ ജൂലൈ 30നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് അല്‍ഖ്വയ്ദ ഭീകരരര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. തീവ്രവാദികള്‍ പിടിയിലായ കാര്യം പിന്നീട് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍ ഭീകരരെ പിടികൂടിയിട്ട് 5 മാസം പിന്നിടുമ്പോഴും ഫാ. ടോമിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലയെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ബ്ളോക്ക് ചെയ്യിപ്പിച്ചതോടെ അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കിയെന്നും ആരോപണമുണ്ട്.

ഭീകരരില്‍നിന്ന് ജീവനു വേണ്ടി യാചിച്ചുള്ള വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റും താടിയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും തട്ടികൊണ്ട് പോയവര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും യാചനയോടെയുള്ള വീഡിയോയും പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നുമുള്ള നിശബ്ദ സമീപനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൈദികന്റെ മോചനത്തിന് വേണ്ടി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങന്നു അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഫാ.ടോമിന്റെ തിരോധാനത്തിന് 10 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെങ്ങുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ്.

വൈദികന്റെ മോചനത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രവാചക ശബ്ദം' ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിന്നു. Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഇത് വരെ 17000-ല്‍ അധികം ആളുകളാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

#SaveFrTom

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക