News - 2024

ക്രൈസ്തവ വിശ്വാസിയായ പട്ടാളക്കാരന്റെ കഥ പറയുന്ന ചലച്ചിത്രത്തിന് ഓസ്കാര്‍ നോമിനേഷന്‍

സ്വന്തം ലേഖകന്‍ 25-01-2017 - Wednesday

ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഉത്തമ ക്രൈസ്തവ വിശ്വാസിയായ ഡെസ്മണ്ട് ഡൂസിന്റെ കഥ പറയുന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്, നടന്‍ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിന് ഓസ്‌കാര്‍ നോമിനേഷന്‍. 'ഹാക്‌സോ റിഡ്ജ്' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിന് അക്കാഡമി നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഡെസ്മണ്ട് ഡൂസ് തോക്കു ഉപയോഗിക്കുകയോ, വെടിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത.

ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്ന ഡെസ്മണ്ട് ഡൂസ്, യുദ്ധമുഖത്ത് പരിക്കേല്‍ക്കുന്ന സൈനികര്‍ക്ക് വൈദ്യസഹായം എത്തിച്ചു നല്‍കുന്ന ചുമതലയാണ് വഹിച്ചിരുന്നത്. യുദ്ധത്തില്‍ വൈദ്യസഹായം എത്തിച്ചു നല്‍കുന്ന പ്രത്യേക സൈനികര്‍ക്കും ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന നിരവധി സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകേണ്ടി വരുമായിരിന്നു. എന്നാല്‍ ഒരു തോക്ക് ഉപയോഗിക്കുകയോ, ഒരു വെടിയുതിര്‍ക്കുകയോ ചെയ്യാതെയാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ ഡെസ്മണ്ട് ഡൂസ് എന്ന വ്യക്തി പങ്കെടുത്തതെന്ന വസ്തുത അതിശയകരമാണ്.

ഡെസ്മണ്ടിന്റെ ജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് 'ഹാക്‌സോ റിഡ്ജ്'. അമേരിക്കയിലെ ഏറ്റവും വലിയ സൈനിക പുരസ്‌കാരമായ 'മെഡല്‍ ഓഫ് ഓണര്‍' നല്‍കി രാജ്യം ഡെസ്മണ്ട് ഡൂസിനെ ആദരിച്ചിട്ടുണ്ട്. മികച്ച ചലച്ചിത്ര ആസ്വാദന അനുഭവമാണ് 'ഹാക്‌സോ റിഡ്ജ്' പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നു സിനിമ നിരീക്ഷകനായ റവ: സിമണ്‍ കാര്‍വല്‍ അഭിപ്രായപ്പെടുന്നു.

"തന്റെ ഉത്തമ ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യമാണ് ഡെസ്മണ്ട് ഡൂസ് എന്ന സൈനികന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഒരു യുദ്ധത്തിനാണ് താന്‍ പോകുന്നതെന്ന് അറിഞ്ഞിട്ടും ഒരായുധവും അദ്ദേഹം കൈയില്‍ കരുതുന്നില്ല. വലിയ സാക്ഷ്യമാണ് അദ്ദേഹം തന്റെ പ്രവര്‍ത്തിയിലൂടെ ലോകത്തിന് കാണിച്ചു നല്‍കിയത്. സൈനികന്റെ ജീവിതത്തിന്റെ നേര്‍ചിത്രമാണ് ഹാക്‌സോ റിഡ്ജ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്". റവ: സിമണ്‍ കാര്‍വല്‍ പറഞ്ഞു. മെല്‍ ഗിബ്‌സണ്‍ ആണ് ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


Related Articles »