Arts - 2024

ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി ചലച്ചിത്രം ബോക്‌സ് ഓഫീസിൽ വന്‍ ഹിറ്റ്

പ്രവാചകശബ്ദം 19-06-2024 - Wednesday

കാലിഫോര്‍ണിയ: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച "ജീസസ് തേസ്റ്റ്സ്: ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്" എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയവുമായി മുന്നോട്ട്. ഡോക്യുമെൻ്ററി ചലച്ചിത്രം ബോക്‌സ് ഓഫീസിൽ $2,141,273 നേടിയെന്നാണ് ഇതിനോടകം കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം ആദ്യം റിലീസ് ചെയ്ത മൂന്ന് ദിവസങ്ങളിലും സ്‌ക്രീൻ ശരാശരിയിൽ ഒന്നാം സ്ഥാനത്ത് എത്തി. ചിത്രത്തിൻ്റെ വിതരണക്കാരായ ഫാത്തം ഇവൻ്റ്സ് പറയുന്നതനുസരിച്ച്, 2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഡോക്യുമെൻ്ററിയാണ് ഈ ചിത്രം. 2024-ൽ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെൻ്ററികളിലും ഇത് രണ്ടാം സ്ഥാനത്താണ്. ചിത്രത്തിന്റെ പ്രദര്‍ശനം ജൂണ്‍ 26 വരെ തുടരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള എൻ്റെ ഏറ്റവും വലിയ പ്രതീക്ഷ യേശു ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുകയാണെന്നു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൻ സ്റ്റീവ് ഗ്രെഗ് പറഞ്ഞു. ലോക പ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ന്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »