News - 2024
പാക്കിസ്ഥാനില്‍ ക്രൈസ്തവ ബാലികയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 03-02-2017 - Friday
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പന്ത്രണ്ട് വയസുള്ള ക്രൈസ്തവ ബാലികയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടാനിയ എന്ന ബാലികയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ജനുവരി 23-നു സിയാല്‍കോട്ടില്‍ നടന്ന സംഭവം ബ്രിട്ടീഷ് പാക്കിസ്ഥാനി അസ്സോസിയേഷന്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറലോകത്തെ അറിയിച്ചത്. അതേ സമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് ഭാഷ്യം. ജനുവരി 23 ന് മൂത്ത സഹോദരന്റെ ഒപ്പം സ്‌കൂളിലേക്ക് പോയ ടാനിയായെ കനാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസിന്റെ ആത്മഹത്യ വാദത്തെ ബന്ധുക്കള്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞിട്ടുണ്ട്. മാനഭംഗം ചെയ്യപ്പെട്ടതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ടാനിയായുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവര്‍ ഇസ്ലാം മതവിശ്വാസികളില്‍ നിന്ന് നിരവധിയായ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ പാക്കിസ്ഥാന് നാലാം സ്ഥാനമാണ്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കു നേരെ ഓരോ ദിവസവും പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരികെയാണ്. മതപരിവര്‍ത്തനത്തിന് വിധേയമായി ഇസ്ലാം മതം സ്വീകരിക്കാത്ത ക്രൈസ്തവര്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് തീവ്രമുസ്ലിം സംഘടനകള്‍ നടത്തുന്നുന്നത്. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി ഇസ്ലാം മതാചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നത് രാജ്യത്തു സ്ഥിരം സംഭവമാണ്. അതേ സമയം ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുള്ള സര്‍ക്കാര്‍ നടപടികളും അനുദിനം പാക്കിസ്ഥാനില്‍ വര്‍ധിച്ചു വരികയാണ്.