Christian Prayer - July 2025

വിശുദ്ധ ബെനഡിക്ടിനോടുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 11-07-2022 - Monday

സ്വര്‍ഗ്ഗീയ പിതാവേ, ഈ ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ നിന്ന്‍ ഓടിയകന്ന് പ്രാര്‍ത്ഥനയുടേയും, പ്രായശ്ചിത്തത്തിന്‍റെയും ജീവിതം നയിച്ച വി. ബെനഡിക്ടിനെ പോലെ പാപങ്ങളേയും പാപസാഹചര്യങ്ങളേയും ഉപേക്ഷിച്ച് വിശുദ്ധ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവായ യേശുവേ, വി.ബെനഡിക്ടിന്‍റെ മാദ്ധ്യസ്ഥത വഴി സാത്താന്‍റെ കുടില തന്ത്രങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ. വിശുദ്ധന്‍റെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം.... തരണമേയെന്നും, അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

(വി. ബെനഡിക്ട്, എ.ഡി.480-ല്‍ റോമിനടുത്തുള്ള നൂര്‍സി എന്ന പട്ടണത്തില്‍ ജനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു റോമിലേക്ക് അയക്കപ്പെട്ടെങ്കിലും അവിടുത്തെ തിന്മയുടെ സ്വാധീനത്തില്‍ പെടാതിരിക്കാന്‍ ദൂരെയുള്ള വനാന്തരങ്ങളിലേക്ക് ഒളിച്ചോടി. ഒരു ഗുഹയില്‍ 3 വര്‍ഷത്തോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചു. അദ്ദേഹം വി.കുരിശ്‌ ഉപോയോഗിച്ച് പല അത്ഭുതങ്ങളും ചെയ്തിരുന്നു. ഇതറിഞ്ഞ അടുത്തുള്ള ആശ്രമാധിപര്‍ അദ്ദേഹത്തെ അവിടുത്തെ ആബട്ട് ആയി തെരഞ്ഞെടുത്തു. അവിടെയും അദ്ദേഹത്തിന് പലതരം പൈശാചിക പ്രലോഭനങ്ങള്‍ ഉണ്ടായതിനാല്‍ ചില ശിഷ്യന്മാരുമൊത്ത് മോണ്‍ടി കാസിനോയിലേക്ക് പോയി.

അവിടെ അദ്ദേഹം വിജാതീയരെ ക്രൈസ്തവ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുകയും "ബെനഡിക്ടന്‍ സഭ" സ്ഥാപിക്കുകയും, അതിന്‍റെ നിയമാവലി എഴുതി ഉണ്ടാക്കുകയും ചെയ്തു. എ.ഡി. 543-ല്‍ മാര്‍ച്ച്‌ 21-ന് അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ശിഷ്യന്മാര്‍ അദ്ദേഹത്തെ ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.)


Related Articles »