
മൂന്നാം സ്ഥലം: ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
കല്ലുകള്‍ നിറഞ്ഞ വഴി.... ഭാരമുള്ള കുരിശ്.... ക്ഷീണിച്ച ശരീരം... വിറയ്ക്കുന്ന കാലുകള്‍... അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു.... മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു... യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു... പട്ടാളക്കാര്‍ അടിക്കുന്നു... ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നു..... അവിടുന്നു മിണ്ടുന്നില്ല.
"ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല."
"അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു."
കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
------------------------------------------------------------------------------------------------------------------
( നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി.
"ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"
ആരറിഞ്ഞാഴത്തിലലതല്ലിനില്‍ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.
നാലാം സ്ഥലം: ഈശോ വഴിയില്‍ വെച്ചു തന്റെ മാതാവിനെ കാണുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു. കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു... ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച... അവിടുത്തെ മാതാവു ഓടിയെത്തുന്നു... അവര്‍ പരസ്പരം നോക്കി... കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍... അമ്മയും മകനും സംസാരിക്കുന്നില്ല... മകന്റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു... അമ്മയുടെ വേദന മകന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു.
നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്റെ ഓര്‍മ്മയില്‍ വന്നു. "നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും" എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു. "കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു". "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു."
ദുഃഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
------------------------------------------------------------------------------------------------------------------
( അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ )
കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം, നിന്‍ നുകമാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.
അഞ്ചാം സ്ഥലം: ശിമയോന്‍ ഈശോയെ സഹായിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു... ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല... അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു... അപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു. കെവുറീന്‍കാരനായ ആ മനുഷ്യന്‍ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു... അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു - അവര്‍ക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശില്‍ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.
കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ "എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ." അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
------------------------------------------------------------------------------------------------------------------
( ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
വാടിത്തളര്‍ന്നു മുഖം -നാഥന്റെ
കണ്ണുകള്‍ താണുമങ്ങി വേറോനിക്കാ മിഴിനീര്‍ തൂകിയ ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമലമേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.