India - 2024

മദ്യശാലകള്‍ അടിച്ചേല്‍പിക്കരുത്: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

സ്വന്തം ലേഖകന്‍ 01-03-2017 - Wednesday

തൊടുപുഴ: ദേശീയ–സംസ്‌ഥാന പാതകളുടെ ദൂരപരിധിയിൽ നിന്ന് മാറ്റേണ്ട മദ്യശാലകൾ ജനങ്ങൾ തിങ്ങിപാർക്കുന്ന സ്‌ഥലങ്ങളിലും ജനങ്ങൾ എതിർക്കുന്ന ഇടങ്ങളിലും അടിച്ചേൽപ്പിക്കരുതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. നെടുങ്കണ്ടത്തു നിന്നു ബിവറേജസ് ഔട്ട്ലെറ്റ് ജനനിബഢമായ തൂക്കുപാലം ടൗണിലേക്ക് മാറ്റി സ്‌ഥാപിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിനു പിന്തുണ അറിയിക്കുകയായിരിന്നു അദ്ദേഹം.

"സാമൂഹ്യ തിന്മകൾക്കെല്ലാം കാരണമാകുന്ന മദ്യമെന്ന വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് സുപ്രീംകോടതി നടത്തിയ ശക്‌തമായ വിധിയെ മനസിലാക്കാതെ പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടുന്നതിനുപകരം ജനവാസ കേന്ദ്രങ്ങളിലേക്കും ജനങ്ങൾ എതിർക്കുന്ന സ്‌ഥലങ്ങളിലേക്കും മാറ്റി സ്‌ഥാപിക്കാനുള്ള അധികൃതരുടെ നീക്കം തികച്ചും അപലപനീയമാണ്".

"കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണ്. ജില്ലയിൽ പലസ്‌ഥലങ്ങളിലും ജനങ്ങളുടെ പ്രതിഷേധം വിജയം കണ്ടുവെന്നത് ശുഭസൂചകമാണ്". തൂക്കുപാലം ടൌണിലെ മദ്യശാലയ്ക്കെതിരെ സമരമുഖത്തണിനിരന്നിരിക്കുന്ന എല്ലാവർക്കും ധാർമ്മിക പിന്തുണയും നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Related Articles »