Meditation. - April 2024

ക്രിസ്തുവിന്‍റെ കല്ലറ: ലോക ചരിത്രത്തിലെ ശൂന്യമായ ഏക കല്ലറ

സ്വന്തം ലേഖകന്‍ 16-04-2024 - Tuesday

"എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ അവനെ പൊതിഞ്ഞിരുന്ന തുണികൾ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവൻ തിരിച്ചു പോയി". (ലൂക്കാ 24:12)

യേശു ഏകരക്ഷകൻ: ഏപ്രിൽ 16
മനുഷ്യന്‍റെ ഉല്‍പ്പത്തി മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും- ക്രിസ്തുവിന്‍റെ കല്ലറ മാത്രമാണ് ലോകത്തിലെ ശൂന്യമായ കല്ലറ. കാരണം അവിടുന്നു മാത്രമാണ് മരണത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഉത്ഥാനം ചെയ്തത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ധാരാളം സന്ദർശകരാണ് ദിവസംതോറും ഈ കല്ലറ നേരിൽ കാണുവാൻ ജറുസലേമിൽ എത്തിച്ചേരുന്നത്.

നൂറ്റാണ്ടുകള്‍ക്ക് ശേഷം, 2016 ഒക്ടോബറിലാണ് ജറുസലേമിലെ 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ ഉപരിഘടന തുറന്നത്. കല്ലറയുടെ അറ്റകുറ്റപണികള്‍ക്കും, ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് ഈ കല്ലറ തുറന്നത്. ക്രിസ്തുവിന്റെ തിരുശരീരം സംസ്‌കരിച്ച കല്ലറ തുറന്നതിനു പിന്നാലെ, ആ സ്ഥലത്തു നിരവധി അത്ഭുതങ്ങൾ നടന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ശാസ്ത്രത്തിനു പോലും ചിന്തിക്കാൻ കഴിയാത്ത അത്ഭുത പ്രതിഭാസങ്ങളാണ് കല്ലറ തുറന്നപ്പോൾ സംഭവിച്ചത്.

ലോകാരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ കല്ലറകളും ഈ കല്ലറയോടു അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകം മുഴുവനുമുള്ള ഓരോ കല്ലറകളിലും മണ്ണിനോട് അലിഞ്ഞു ചേര്‍ന്ന എല്ലാ ശരീരങ്ങളും അവസാന വിധി ദിവസം, മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഒരു അവസ്ഥയില്‍ ഉയിര്‍പ്പിക്കപ്പെടേണ്ടതാണ്. കല്ലറ ശൂന്യമാക്കിക്കൊണ്ട് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ മുന്നില്‍ എല്ലാ ജനതകളും അന്നേ ദിവസം ഒരുമിച്ചു കൂട്ടപ്പെടും. എന്നാൽ, ഒരു മനുഷ്യായുസ്സു മുഴുവനും ഈ ഭൂമിയില്‍ ജീവിച്ചിട്ടും 'യേശു ഏകരക്ഷകൻ' എന്ന സത്യം തിരിച്ചറിയാതെ പോയ നിരവധി മനുഷ്യരും അനേകം കല്ലറകളിൽ വിശ്രമം കൊള്ളുന്നു.

വിചിന്തനം
'യേശു ഏകരക്ഷകൻ' എന്ന സത്യം തിരിച്ചറിയാതെ പോകുന്ന ഒരുപാട് മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. അവരെ എങ്ങനെ ഈ സത്യം അറിയിക്കും? മരിക്കുന്നതിനു മുമ്പെങ്കിലും അവരും ഈ സത്യം തിരിച്ചറിയേണ്ടതല്ലേ?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"കര്‍ത്താവേ, എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി കാരുണ്യപൂര്‍വ്വം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 4:1)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »