News - 2024

ഉയിര്‍പ്പ് ജീവന്റെ തിരുനാള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം

സ്വന്തം ലേഖകന്‍ 16-04-2017 - Sunday

അവര്‍ക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണു ഞാന്‍ വന്നിരിക്കുന്നത് (യോഹ. 10.10). തന്നെത്തന്നെ നല്ല ഇടയനായി വിശേഷിപ്പിച്ചുകൊണ്ടു ഈശോ സംസാരിക്കുമ്പോഴാണു ആടുകള്‍ക്കു ജീവനുണ്ടാകുവാന്‍ അവിടുന്നു വന്നിരിക്കുന്നു എന്നു പറയുന്നത്. ഉപമയില്‍ ഉദ്ദേശിക്കുന്ന ആടുകള്‍ മനുഷ്യര്‍ തന്നെയാണ്. മനുഷ്യവംശത്തിനു ജീവന്‍ നല്‍കുവാന്‍ യേശു വന്നു. തന്റെ തന്നെ ജീവന്‍ നല്‍കിക്കൊണ്ടാണ് ആ ജീവന്‍ അവിടുന്നു മനുഷ്യര്‍ക്കു നല്‍കിയത്; ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നത്.

സൃഷ്ടിയുടെ കഥയില്‍ ജീവന്റെ വൃക്ഷത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതിന്റെ ഫലത്തില്‍ നിന്നു ഭക്ഷിക്കരുതെന്നായിരുന്നു ദൈവത്തിന്റെ കല്പന. എന്നാല്‍ മനുഷ്യന്‍ ആ ഫലത്തില്‍ കൈവച്ചു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്. അതിനു ഹാനി വരുത്താന്‍ മനുഷ്യന് അവകാശമില്ല എന്നു തന്നെയാണു സൃഷ്ടികഥയിലെ സൂചന. ആദം ദൈവത്തില്‍ നിന്നുള്ള ജീവന്റെ ഉത്ഭവത്തെ ചോദ്യം ചെയ്തുവെന്നുവരികില്‍ മകനായ കായേന്‍ തന്റെ സഹോദരനെ വധിച്ചുകൊണ്ടു ദൈവം നല്‍കിയ ജീവനെ നശിപ്പിച്ചു. അന്നു തുടങ്ങുന്നു മനുഷ്യചരിത്രത്തില്‍ ജീവന്റെ നാശം.

ഉയിര്‍പ്പുതിരുനാള്‍ ജീവന്റെ തിരുനാളാണ്. മനുഷ്യനിലും പ്രപഞ്ചത്തിലും നിലനില്‍ക്കുന്ന ദൈവികജീവന്റെ വിവിധ രൂപങ്ങളിലുള്ള പ്രകാശനത്തിന്റെ തിരുനാള്‍. പ്രപഞ്ചത്തിന്റെ ചൈതന്യവും സകല ചരാചരങ്ങളിലും ജീവജാലങ്ങളിലുമുള്ള ജീവന്റെ ശക്തിയും ദൈവത്തില്‍ നിന്നു വരുന്നതാണ്. എല്ലാറ്റിലുമുപരി മനുഷ്യജീവനിലാണു ദൈവികജീവന്റെ ഉന്നതമായ പ്രകാശനം. ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചുവെന്നു ബൈബിള്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. ദൈവത്തിന്റെ ജീവന്‍ അതിന്റെ സത്തയില്‍ത്തന്നെ മനുഷ്യന് അവിടുന്നു നല്‍കിയിരിക്കുന്നു.

ദൈവത്തില്‍ നിന്നുള്ള ആ ജീവനെയാണ് നാം ദൈവത്തിന്റെ ആത്മാവ് എന്നു വിളിക്കുന്നത്. ദൈവത്തില്‍നിന്നു വരുന്ന മനുഷ്യാത്മാവ് ദൈവത്തിങ്കലേക്കു തന്നെയാണു തിരിച്ചുപോകുന്നത്. മനുഷ്യന്റെ ശരീരത്തിലും മനസിലുമായി അധിവസിക്കുന്ന ഈ ആത്മാവ് അവന്റെ ജീവന്‍ പിരിയുമ്പോള്‍ ദൈവത്തിങ്കലേക്കു തിരിച്ചെത്തുന്നു. അവന്റെ ശരീരത്തിന്റെയും മനസിന്റെയും സഹായത്തോടെ അവന്‍ ചെയ്യുന്ന നന്മകളും തിന്മകളും അവന്റെ ആത്മാവിനെയും ബാധിക്കുന്നു. നന്മകള്‍ ചെയ്തു ജീവിക്കുന്ന മനുഷ്യാത്മാവ് യേശുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

ഇതാണ് ഉയിര്‍പ്പു തിരുനാളിന്റെ കാതലായ സന്ദേശം. യേശു പറയുന്നുണ്ട് 'ഞാന്‍ ഈ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും' (യോഹ 12.32). യേശുവിന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് ഈ ഭൂമിയില്‍നിന്ന് അവിടുന്ന് ഉയര്‍ത്തപ്പെട്ടത്. അതോടെ മനുഷ്യവംശവും അവിടുത്തോടൊപ്പം ഉയര്‍ത്തപ്പെട്ടു. അവിടുന്നു വീണ്ടും പറയുന്നു; ഞാനാണു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും (യോഹ. 11.25).

ജീവന്റെ സംരക്ഷണവും പരിപോഷണവും മനുഷ്യന്റെ കടമയാണ്. എല്ലാ ജീവനും സംരക്ഷിക്കപ്പെടണം. മനുഷ്യജീവന്റെ സംരക്ഷണം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. മദര്‍ തെരേസ പറയുന്നുണ്ട്: നിങ്ങളുടെ ഇഷ്ടവും സുഖവും അനുസരിച്ചു ജീവിക്കുന്നതിനു വേണ്ടി ഒരു കുഞ്ഞിന്റെ ജീവനെ നിങ്ങള്‍ കൊല ചെയ്യുന്നുവെങ്കില്‍ അതു നിങ്ങളുടെ പാപ്പരത്തമാണ്. മനുഷ്യജീവനെ അതിന്റെ ആദ്യ അവസ്ഥ മുതല്‍ സംരക്ഷിക്കാന്‍ മനുഷ്യനുള്ള കടമ ഇന്നു പല രാജ്യങ്ങളിലും നിയമം മൂലവും നിഷേധിക്കുന്നുണ്ട്.

പിറക്കാന്‍ പോകുന്ന കുഞ്ഞിന് അംഗവൈകല്യമോ മാനസിക വളര്‍ച്ചയുടെ അഭാവമോ ഉണ്ടെന്നതിന്റെ പേരില്‍ അതിന്റെ ഗര്‍ഭസ്ഥാവസ്ഥയില്‍ നശിപ്പിക്കുന്നത്, കൊല്ലരുത് എന്ന ദൈവത്തിന്റെ കല്പനയ്ക്കു വിരുദ്ധമാണ്. അത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആ കുഞ്ഞുങ്ങള്‍ ജനിക്കുന്ന കുടുംബങ്ങള്‍ക്കു സാധ്യമല്ലെന്നു വരികില്‍ മതങ്ങളും സഭയും സര്‍ക്കാരും അതിനാവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തുകയാണു വേണ്ടത്.

പൂര്‍ണവളര്‍ച്ചയെത്തിയ മനുഷ്യരുടെ ജീവിതത്തിനു സംവിധാനങ്ങളേര്‍പ്പെടുത്താന്‍ സമൂഹവും സര്‍ക്കാരും എത്രമാത്രം ബദ്ധപ്പെടുന്നു. നാം നിരൂപിച്ചാല്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ സാധിക്കുകയില്ലെന്നോ? ഒരു ആറ്റംബോംബിനു വേണ്ടി മനുഷ്യന്‍ ചെലവിടുന്ന പണംപോലും ആവശ്യമില്ല ഇത്തരം ഒരു ലക്ഷം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍. മാനുഷികമൂല്യങ്ങളെ വിലയിരുത്തുന്നതിലാണു മനുഷ്യനു തെറ്റുപറ്റിയിരിക്കുന്നത്.

ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം ജീവനു ഹാനികരമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടി നാം മാറിനില്‍ക്കണം. മദ്യപാനം മനുഷ്യന് ആരോഗ്യക്ഷതവും കുടുംബത്തകര്‍ച്ചയും സമൂഹശൈഥില്യവും വരുത്തുന്ന ദുശീലമാണ്. അതുപോലെതന്നെ പുകവലിയും ലഹരിസാധനങ്ങളുടെ ഉപയോഗവും. വിവിധങ്ങളായ മലിനീകരണ പ്രവര്‍ത്തനങ്ങളും ജീവനെ അപകടത്തിലാക്കുന്നു. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, മായംചേര്‍ക്കുന്നതുവഴിയുള്ള ഭക്ഷണസാധനങ്ങളുടെ മലിനീകരണം എന്നിവയെല്ലാം മനുഷ്യജീവനെ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്.

കാന്‍സറും ശ്വാസകോശ, കിഡ്‌നി സംബന്ധമായ രോഗങ്ങളും ഈ മലിനീകരണങ്ങളുടെ ബാക്കിപത്രമാണ്. ആധുനിക നഗരങ്ങളില്‍ അവ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നദികളും പുഴകളും എന്തിനേറെ കടലും തന്നെ മനുഷ്യന്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. രോഗാണുക്കളും വൈറസുകളും പെരുകുന്നു. പുതിയ രോഗങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു. മനുഷ്യന്‍ തന്റെ ജീവനുതന്നെ ഒരുക്കുന്ന കൊലക്കുരുക്കുകളാണ് ഇവയെല്ലാം. കാലാവസ്ഥയുടെ വ്യതിയാനവും താപനിലയുടെ വര്‍ധനവും മനുഷ്യന്‍ പ്രപഞ്ചത്തെ വികലമായി കൈകാര്യം ചെയ്യുന്നതിന്റെ ഫലമാണെന്ന പണ്ഡിതമതത്തെ നാം ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. താപനിലയില്‍ വന്ന മാറ്റം പരിഹരിക്കപ്പെടാന്‍ മാനുഷികമായി പരിശ്രമിക്കുന്നതിനൊപ്പം മഴയ്ക്കായി സര്‍വശക്തനായ ദൈവത്തോടു പ്രാര്‍ഥിക്കുകയും വേണം.

മനുഷ്യന് ആത്മീയവും ഭൗതികവുമായി ജീവന്റെ സമൃദ്ധിയുണ്ടാകുവാന്‍ വന്ന യേശുവിന്റെ ഉയിര്‍പ്പുതിരുനാള്‍ ഈ രംഗത്തെല്ലാം നമ്മില്‍ നിന്നു തിരുത്തലുകള്‍ ആവശ്യപ്പെടുന്നു. മനുഷ്യജീവനെ സംരക്ഷിക്കുക, സര്‍വജീവജാലങ്ങളുടെയും സുസ്ഥിതി ഉറപ്പുവരുത്തുക, മരങ്ങളും കാടുകളും സംരക്ഷിക്കുക, പുഴകളും തോടുകളും ശുചീകരിക്കുക ഇവയെല്ലാം വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും ഉത്തരവാദിത്തമായി കാണാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ നിര്‍ബന്ധിക്കുന്നു. കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു കാലഘട്ടത്തിന്റെ ഈ ഉത്തരവാദിത്തം നിറവേറ്റുവാന്‍ നമുക്കു പരിശ്രമിക്കാം. മനുഷ്യനിലും പ്രകൃതിയിലും ജീവന്റെ ചൈതന്യം പ്രകാശമാനമാകട്ടെ. ആത്മാവിലും ശരീരത്തിലും ആരോഗ്യമുള്ള ഒരു ജനത എല്ലായിടത്തും രൂപപ്പെടുവാന്‍ ഇടയാകട്ടെ.


Related Articles »