Meditation. - April 2024
ക്രിസ്തുവിന്റെ കൽപ്പനകൾ പഠിപ്പിക്കാൻ മാതാപിതാക്കളും വൈദികരും മറന്നുപോകുമ്പോൾ..!
സ്വന്തം ലേഖകന്‍ 05-04-2024 - Friday
"യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: ...ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും". (മത്തായി 28:18-20)
യേശു ഏകരക്ഷകൻ: ഏപ്രിൽ 05
ഉത്ഥിതനായ ക്രിസ്തു, തന്‍റെ ശിഷ്യന്മാര്‍ക്കു നല്‍കുന്ന പ്രധാനപ്പെട്ട ഒരു ദൗത്യമാണ് അവിടുന്ന് കല്‍പ്പിച്ച കാര്യങ്ങള്‍ അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുക എന്നത്. ക്രിസ്തുവും തന്റെ പരസ്യജീവിതകാലത്ത് ജനങ്ങളെ പഠിപ്പിച്ചിരുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിൽ വിശ്വാസം പകർന്നു കൊടുക്കാൻ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന മാതാപിതാക്കളും, ഇടവകയിൽ വിശ്വാസികളെ നയിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന വൈദികരും ഈ 'പഠിപ്പിക്കലിന്' വലിയ പ്രാധാന്യം കൊടുക്കേണ്ടതായിട്ടുണ്ട്. ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഓരോ മനുഷ്യനും തന്റെ ബാല്യം മുതല്‍ ആരംഭിക്കുന്ന വിദ്യാഭ്യാസം ജീവിതാവസാനം വരെ തുടരുന്നു. നമ്മുടെ ജീവിതത്തിൽ ഉയർന്ന ജോലിയും, ശമ്പളവും ലക്ഷ്യം വച്ചുകൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നത്.
നിത്യതയുമായി തുലനം ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ ജീവിതം വെറും നൈമിഷികമാണ്. എന്നാൽ, ഈ ലോകത്തിലെ നേട്ടങ്ങൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസവുമായി തുലനം ചെയ്യുമ്പോൾ, ദൈവത്തിന്റെ കല്‍പ്പനകള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും നീക്കിവയ്ക്കുന്ന സമയം എത്രയോ ചെറുതാണ് എന്നു നാം തിരിച്ചറിയാറുണ്ടോ. ക്രിസ്തുവിന്‍റെ കല്‍പ്പനകളേക്കാള്‍ അധികമായി ഈ ലോകത്തിന്‍റെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കുവാന്‍ താല്‍പര്യം കാണിക്കുന്ന മാതാപിതാക്കളും, ക്രിസ്തുവിന്‍റെ നിയമങ്ങള്‍ വിശ്വാസികളോടും ലോകത്തോടും പ്രഘോഷിക്കുന്നതിനു പകരം ഈ ലോകത്തിന്‍റെ അംഗീകാരം പിടിച്ച് പറ്റുന്ന കാര്യങ്ങള്‍ ചെയ്തുകൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന വൈദികരും ദൈവരാജ്യത്തിന്‍റെ അതിര്‍ത്തികള്‍ വ്യാപിക്കുന്നതിന് എന്നും തടസ്സമായി നില്‍ക്കുന്നു.
റോമന്‍ കുടുംബിനി ലേറ്റായ്ക്ക് അവരുടെ മകളെ വളര്‍ത്തുന്നത് സംബന്ധിച്ച് വി.ജറോമിന്‍റെ ഉപദേശം ഇപ്രകാരമായിരുന്നു. "എല്ലാ ദിവസവും വിശുദ്ധ ലിഖിതത്തിലെ ഒരു ഭാഗം അവള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കുക. വായനയെത്തുടര്‍ന്ന് പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയെ തുടര്‍ന്ന് വായനയും വേണം." വൈദികനായ നെപോഷ്യനുള്ള വി.ജറോമിന്‍റെ ഉപദേശം ഇപ്രകാരമായിരുന്നു "വിശുദ്ധ ലിഖിതങ്ങള്‍ കൂടെക്കൂടെ വായിക്കുക. വിശുദ്ധ ഗ്രന്ഥം ഒരിക്കലും താങ്കളുടെ കൈയ്യില്‍ ഉണ്ടാകാതിരിക്കരുത്. താങ്കള്‍ പഠിക്കേണ്ടത് അതില്‍ നിന്നും പഠിക്കുക".
വിചിന്തനം
ക്രിസ്തുവിന്‍റെ കല്പനയനുസരിച്ച് അവിടുത്തെ നിയമങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍, നാം ആദ്യം വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യണം. ഇപ്രകാരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനാണോ നാം ഒന്നാം സ്ഥാനം കൊടുക്കുന്നത്? അതോ, ഈ ലോകത്തിലെ നേട്ടങ്ങൾ വാരിക്കൂട്ടാനുള്ള വ്യഗ്രതയിൽ 'ക്രിസ്തു ഏകരക്ഷകൻ, എന്ന് പഠിക്കാനും, അത് മറ്റുള്ളവരെ പഠിപ്പിക്കാനും നാം മറന്നുപോയോ?
പ്രിയപ്പെട്ട സഹോദരങ്ങളെ, 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന കല്‍പ്പന അനുസരിച്ച്, ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന മഹത്തായ ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന്‍ എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!" (സങ്കീര്‍ത്തനങ്ങള്‍ 7:1)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.