Meditation. - April 2024
മനുഷ്യര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്താനായി ദൈവം ബൈബിളിലൂടെ മാനുഷിക വാക്കുകളില്‍ സംസാരിക്കുന്നു
സ്വന്തം ലേഖകന്‍ 23-04-2018 - Monday
"വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു- കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം." (യോഹ 1:14)
യേശു ഏകരക്ഷകൻ: ഏപ്രില്‍ 23
ലോകത്തിലുള്ള എല്ലാ മതങ്ങൾക്കും തന്നെ 'മതഗ്രന്ഥ'ങ്ങളുണ്ട്. ആ മതങ്ങളുടെ വിശ്വാസം അവരുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എന്നാൽ ക്രൈസ്തവവിശ്വാസമെന്നതു വെറുമൊരു 'ഗ്രന്ഥത്തിന്‍റെ മതം' അല്ല. ദൈവ 'വചന'ത്തിന്‍റെ മതമാണു ക്രിസ്തുമതം. ഈ വചനം എഴുതപ്പെട്ട, മൂകമായ ഒരു വചനമല്ല, പ്രത്യുത അവതാരം ചെയ്ത, ജീവിക്കുന്ന വചനമാണ്. ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരമാണ്. ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളതും, ഇന്നും വിറ്റഴിക്കപ്പെടുന്നതും, ഏറ്റവും കൂടുതൽ ഭാഷകളിലേക്കു തർജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളതും, ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ളതും, ഇന്നും വായിക്കുന്നതും വിശുദ്ധ ബൈബിളാണ്.
ലോകത്തിലെ മറ്റെല്ലാ ഗ്രന്ഥങ്ങളിലെയും വാക്കുകൾ വെറും നിര്‍ജീവാക്ഷരങ്ങളായി നിൽക്കുമ്പോൾ, ബൈബിളിലെ വാക്കുകൾ 'ജീവനുള്ളവയായി' എന്നും നിലനിൽക്കുന്നു. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ്, ഒരുകാലത്തു ക്രിസ്ത്യാനികളെ ഈ ഭൂമിയിൽനിന്നും തുടച്ചുനീക്കാൻ പ്രതിജ്ഞയെടുത്ത സാവൂൾ, വിശുദ്ധ പൗലോസായി മാറിക്കൊണ്ട് "സുവിശേഷം രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്" എന്ന് ലോകത്തോടു വിളിച്ചു പറഞ്ഞത്.
മറ്റെല്ലാ മതഗ്രന്ഥങ്ങളും ദൈവം എന്ന 'ശക്തിയെ' അന്വേഷിക്കാനും കണ്ടെത്താനുമായി ചില നിർദ്ദേശങ്ങൾ മനുഷ്യനു നൽകുമ്പോൾ, ബൈബിളിലിൽ സാക്ഷാൽ ദൈവം തന്നെ ഒരു 'വ്യക്തിയായി' മനുഷ്യരോടു മാനുഷിക രീതിയില്‍ സംസാരിക്കുന്നു. "മനുഷ്യന്‍റെ ഭാഷകളില്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ വചസ്സുകള്‍ വാസ്തവത്തില്‍ എല്ലാരീതികളിലും മാനുഷിക ഭാഷണത്തോടു സാധര്‍മ്യമുള്ളവയാണ്. നിത്യപിതാവിന്‍റെ വചനം മാനുഷിക ബലഹീനതയുടെ മാംസം ധരിച്ചപ്പോള്‍ മനുഷ്യരോടു സാദൃശ്യമുള്ളവനായിത്തീര്‍ന്നതുപോലെയാണിത്." (DEI Verbum 13)
വിചിന്തനം
വി.ഗ്രന്ഥത്തിന്‍റെ വാക്കുകളില്‍ക്കൂടിയെല്ലാം ദൈവം സംസാരിക്കുന്നത് ഒരേയൊരു വചനമാണ്, തന്‍റെ അനന്യ വചനം, ആദിമുതൽക്കേ ദൈവത്തോടോപ്പമായിരുന്ന വചനം, മാംസമായി നമ്മുടെ ഇടയിൽ വസിച്ച വചനം. ബൈബിളിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും, മാംസമായി അവതരിച്ച വചനമായ യേശുക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി തീരാനും ഒരു ക്രിസ്ത്യാനിക്കു ലഭിച്ച ഭാഗ്യം എത്രയോ വലുതാണ്. ഈ വലിയ സൗഭാഗ്യത്തിലേക്ക് ദൈവം എല്ലാ ജനതകളെയും വിളിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും ഏകരക്ഷകനും ലോകരക്ഷകനുമായ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് രക്ഷപ്രാപിക്കുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.