Social Media - 2024

ഭാര്യയും ഭർത്താവും പരസ്‌പരം കലഹിക്കുന്ന ഒരു കുടുംബത്തെ എങ്ങനെ സ്വർഗ്ഗമാക്കി മാറ്റാം

Social media 26-02-2022 - Saturday

അടുത്തടുത്തുള്ള രണ്ടു ഭവനങ്ങൾ. ഒന്നിൽ വസിച്ചിരുന്നത് എന്തിനും ഏതിനും ശണ്ഠകൂടുന്നവർ. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടുമ്പോൾ അന്യോന്യം കുറ്റപ്പെടുത്തുകയും ആരോപണങ്ങൾ ഉയർത്തുകയും പഴിചാരൽ നടത്തുകയും ചെയ്യും. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന സംഭവമല്ല; അവരുടെ പതിവു പരിപാടിയാണ്. അത്തരം ഭവനങ്ങൾ ഇന്നത്തെ സമൂഹത്തിൽ വിരളമല്ല എന്നോർത്തുപോകുന്നു. പ്രത്യേകിച്ച് മദ്യം ആധിപത്യം പുലർത്തുന്ന ഭവനങ്ങളിൽ.

മേൽപ്പറഞ്ഞ ഭവനത്തിന്റെ സമീപത്തുള്ള ഭവനത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ശാന്തിയും സമാധാനവും സ്വസ്ഥതയും വാണരുളി. ഒരപശബ്ദവും ഒരിക്കൽപ്പോലും അവിടെനിന്നുയർന്നില്ല. ഒരിക്കൽ ആദ്യം പരാമർശിച്ച ഭവനത്തിൽ ശണ്ഠ ഉച്ചകോടിയിൽ എത്തിനിൽക്കുമ്പോൾ അടുത്തുള്ള വീട്ടിലേക്കു വിരൽചൂണ്ടിക്കൊണ്ട് ഭർത്താവിനോടു ഭാര്യ ചോദിക്കുകയാണ്: ‘ഹേ മനുഷ്യാ, ആ വീട്ടിലുള്ളവർ എന്തെങ്കിലും വഴക്കിട്ടു നിങ്ങൾ കേട്ടിട്ടുണ്ടോ? അവരുടെ അട്ടഹാസമോ, ശകാരവർഷമോ, എന്തെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ല; ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങൾ അവിടെനിന്നു പഠിക്കണം. എങ്ങനെയാണു വഴക്കും കലഹവും കൂടാതെ ശാന്തമായി ജീവിക്കുന്നതെന്ന് അവരെ നോക്കി പഠിക്ക്!’

അതിനെതിരായി ഒന്നും പറയാൻ അയാൾ ഒരുമ്പെട്ടില്ല. അയൽക്കാരന്റെ വീട്ടിലെ ശാന്തതയും സ്വൈരതയും അയാളെയും ആകർഷിച്ചിട്ടുള്ളതാണ്; അസൂയപ്പെടുത്തിയിട്ടുമുണ്ട്. ഏതായാലും അയൽവീട്ടിലെ കാര്യം ഒന്നു ശ്രദ്ധിക്കാമെന്നു തീരുമാനിച്ചു. അയാൾ അവരുടെ ജനലരികെ നിന്ന് അകത്തേക്കു നോക്കി. അവിടെ ഭാര്യ അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കുന്നു. ഭർത്താവ് ഒരു മേശയുടെ മുമ്പിലിരുന്ന് ഗൗരവത്തോടും സൂക്ഷ്മതയോടും എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പോൾ അവരുടെ ടെലിഫോൺ ബെൽ മുഴങ്ങി. ഉടൻ അയാൾ ചാടിയെഴുനേറ്റ് ടെലിഫോൺ എടുക്കാൻ പാഞ്ഞു. ആ പോക്കിൽ അവിടെയിരുന്ന ഒരു പാത്രത്തിൽ ചവിട്ടി അത് ഉടഞ്ഞുപോയി.

അയാൾ ഉടൻ കുനിഞ്ഞ് അതിന്റെ കഷണങ്ങൾ പെറുക്കിക്കൂട്ടുവാൻ ശ്രമിച്ചു. ഉടൻതന്നെ ഭാര്യ അടുക്കളയിൽ നിന്ന് ഓടിയെത്തി കുനിഞ്ഞ് കഷണങ്ങൾ പെറുക്കുന്നതിൽ ഭർത്താവിനെ സഹായിച്ചു. അപ്പോൾ ഭർത്താവ് പറഞ്ഞു: ‘എനിക്കേറെ ഖേദമുണ്ട്; ഫോൺ എടുക്കാനുള്ള തത്രപ്പാടിൽ പാത്രം കാണാതെ അതിൽ തട്ടി ഉടയുകയായിരുന്നു.’ ഉടനെ ഭാര്യ പറഞ്ഞു: ‘എന്റെ പൊന്നേ, അത് എന്റെ കുഴപ്പമാണ്. ഞാനാണ് ആ പാത്രം ആ വഴിയിൽ വച്ചത്. അതുകൊണ്ടാണ് നിങ്ങൾ അതിൽ തട്ടാൻ ഇടയായത്. ഏതായാലും നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ.’ ഇത്രയും പറഞ്ഞ് അവർ പരസ്പരം ചുംബിച്ചു രംഗം അവസാനിപ്പിച്ചു.

ഈ സംഭവമെല്ലാം ജനലിങ്കൽ നിന്നു നിരീക്ഷിച്ച അയൽക്കാരൻ തിരിച്ചെത്തി ഭാര്യയോടു പറഞ്ഞു: ഇപ്പോൾ എനിക്കു കാര്യം മനസ്സിലായി. അവരുടെ വീട്ടിൽ അവർ രണ്ടുപേരും ‘തെറ്റുകാരാണ്’. ഇവിടെ നമ്മുടെ വീട്ടിൽ, നമ്മൾ രണ്ടുപേരും എല്ലായിപ്പോഴും ‘ശരി മാത്രം’ ചെയ്യുന്നവരുമാണ്.

കുടുംബ ജീവിതത്തിലേക്കും ഭാര്യാഭർതൃ ബന്ധത്തിലേക്കും വെളിച്ചം വീശുന്ന കഥയാണ് നമ്മുടെ മുമ്പിലുള്ളത്. ഭൂമിയിലെ പറുദീസാ എന്നോ, സ്വർഗത്തിന്റെ പ്രതിരൂപമെന്നോ കുടുംബത്തെ നിർവചിക്കുന്നതിന്റെ കാരണം അവിടെ വ്യാപരിക്കുന്ന അന്തരീക്ഷവും പുലർത്തുന്ന സ്നേഹത്തിന്റെ ചൈതന്യവുമാണ്. എന്നാൽ പല കുടുംബങ്ങളും കുട്ടിനരകങ്ങളായിത്തീരുന്നത് അവിടെ അരങ്ങേറുന്ന ശണ്ഠകളും അവയ്ക്കു കാരണമാകുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും മൂലമാണ്.

ഏറ്റവും പ്രധാനമായ ഒന്ന് സ്വന്തം തെറ്റ് അംഗീകരിക്കാനും അതിനു മാപ്പ് അപേക്ഷിക്കാനും സന്നദ്ധമാകാതെ സ്വയം നീതീകരിക്കുകയും കുറ്റം എപ്പോഴും മറ്റേ ആളിൽ ആരോപിക്കുന്നതുമാണ്. ഈ പ്രവണത പ്രഥമ മനുഷ്യനിൽത്തന്നെ ആരംഭിച്ചുവെന്ന് ബൈബിൾ സാക്ഷിക്കുന്നു. ദൈവം ആദാമിനോടു നീ തെറ്റുചെയ്തത് എന്ത് എന്നു ചോദിക്കുമ്പോൾ, താനല്ല തനിക്കു പങ്കാളിയായി നൽകപ്പെട്ട ‘സ്ത്രീ’യാണ് കുറ്റക്കാരിയെന്ന് ആരോപിക്കുകയായിരുന്നു. ‘മറ്റേ ആളിൽ’ കുറ്റം ആരോപിക്കുന്ന പ്രവണത ഇന്നും തുടരുന്നു.

സ്വന്തം തെറ്റിനെ അംഗീകരിച്ച് മാപ്പിരക്കുന്ന രംഗം ഉണ്ടായാൽ കലഹത്തിനുള്ള സാധ്യത അപ്പോഴേ അസ്തമിക്കുന്നു. ഇംഗ്ലിഷ് ഭാഷയിൽ ‘sorry’ എന്നുള്ള പദം യഥാസമയം പ്രയോഗിച്ചാൽ പൊട്ടിത്തെറിക്കാൻ മുട്ടിനിൽക്കുന്ന അവസ്ഥ പോലും ശാന്തിയുടെ കുളിർമഴ പെയ്യിക്കുന്നതായി മാറും. ആ വാക്ക് ഹൃദയത്തിൽ നിന്നുയരുന്നതാവണം. അതിനു തടസ്സം സൃഷ്ടിക്കുന്നത് സ്വാർഥതയും അഹന്തയുമാണ്. ‘ഈഗോ’ ഉള്ളിൽ തിളച്ചുപൊന്തുമ്പോൾ സ്വന്തം തെറ്റിനെ കാണുവാനോ അംഗീകരിക്കുവാനോ ഒരുമ്പെടുകയില്ല. ആത്മബോധവും ആത്മവിശ്വാസവും അവശ്യം വേണ്ട ഗുണങ്ങൾതന്നെ. പക്ഷേ അതിന്റെ അളവു വർധിച്ച് അഹന്തയെന്ന അവസ്ഥയിലെത്തിയാൽ അതു നിശ്ചയമായും അപകടകരമാണ്.

മുകളിൽ കണ്ടപ്രകാരം പാത്രമുടയുകയും നഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യം പല ഭവനത്തിലും കലഹത്തിനു കാരണമാകാം. പാത്രം സൂക്ഷിച്ചുവയ്ക്കാതെ നടക്കുന്നവഴിയിൽ കൊണ്ടുവച്ചതിന് ഭാര്യയെ പ്രതിക്കൂട്ടിൽ നിർത്താം. അതുപോലെ ഭർത്താവ് സൂക്ഷ്മത ഇല്ലാതെ ഓടിച്ചാടി നടക്കുന്നതായി ഭാര്യയ്ക്ക് ആരോപിക്കാം. ഇരുഭാഗത്തുനിന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും വഴി ആ ദിവസം മുഴുവൻ സംഘർഷപൂരിതമാകാൻ ഇടയാകാം.

നമ്മുടെ ഭവനങ്ങളെ പറുദീസയാക്കി മാറ്റാനുള്ള ഉത്തരവാദിത്തം നമ്മിൽത്തന്നെയാണ്. അതു സാധ്യമാകണമെങ്കിൽ വിനയവും ആത്മാർഥതയും നിലനിർത്താൻ ശ്രമിക്കണം. യേശു അരുൾചെയ്തു: "സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും".

#Repost

More Archives >>

Page 1 of 1