Christian Prayer - May 2024

പരിശുദ്ധാത്മാവിനോട്‌ തുറവുള്ളവരായിരിക്കുക; അവിടന്ന് നമ്മുടെ ജീവിതത്തിന്‍റെ യജമാനനായിരിക്കും

സ്വന്തം ലേഖകന്‍ 19-05-2023 - Friday

"ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും." (അപ്പ 2:17)

യേശു ഏകരക്ഷകൻ: മെയ് 21
പരിശുദ്ധാത്മാവിനെ 'നമ്മുടെ ആത്മാവിന്‍റെ പ്രശാന്തനായ അതിഥി'യെന്നാണ് വിശുദ്ധ ആഗസ്തീനോസ് വിളിക്കുന്നത്. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണമായി, നമ്മുടെ മനസ്സാക്ഷിയിലും, ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെയും അവിടുന്ന് സംസാരിക്കും. പരിശുദ്ധാത്മാവിന്‍റെ ആലയമായിരിക്കുകയെന്നതിന്‍റെ അര്‍ത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്കു വേണ്ടി നിലകൊള്ളുകയെന്നാണ്. പരിശുധാത്മാവിലൂടെ നമ്മുടെ ശരീരം ദൈവത്തിന്‍റെ 'ലിവിംഗ് റൂം' ആയി മാറുന്നു. നമ്മിലുള്ള പരിശുദ്ധാത്മാവിനോട്‌ നമ്മള്‍‍ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടന്ന് നമ്മുടെ ജീവിതത്തിന്‍റെ യജമാനനായിരിക്കും. അങ്ങനെ ശരീരത്തിന്‍റെ പ്രവൃത്തികള്‍ക്കുപകരം പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ നമ്മില്‍ വളരും.

"യേശു കര്‍ത്താവാണ്" എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല. "ആബ്ബാ - പിതാവേ!" എന്നു വിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു. ക്രിസ്തുവിനോടു ബന്ധപ്പെടാന്‍, നാം ആദ്യമായി പരിശുദ്ധാത്മാവിനാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടുണ്ടായിരിക്കണം. അവിടുന്ന് നമ്മില്‍ വരികയും നമ്മില്‍ വിശ്വാസത്തിന്‍റെ ദീപം തെളിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനെക്കൂടാതെ ദൈവത്തിന്‍റെ പുത്രനെ കാണാന്‍ സാധ്യമല്ല. പുത്രനെക്കൂടാതെ പിതാവിനെ സമീപിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

പഴയനിയമം പിതാവിനെക്കുറിച്ചു വ്യക്തമായി പ്രഘോഷിച്ചു. എന്നാല്‍ പുത്രനെക്കുറിച്ച് വളരെ അവ്യക്തമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. പുതിയനിയമം പുത്രനെ വെളിപ്പെടുത്തുകയും ആത്മാവിന്‍റെ ദൈവികതയെക്കുറിച്ച് അല്‍പമാത്ര അറിവു നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആത്മാവു നമ്മുടെയിടയില്‍ വസിക്കുകയും തന്നെക്കുറിച്ചു തന്നെ കൂടുതല്‍ വ്യക്തമായ അറിവു തരുകയും ചെയ്യുന്നു.

നമ്മുടെ രക്ഷയ്ക്കു വേണ്ടിയുള്ള പദ്ധതിയുടെ ആരംഭം മുതല്‍ അതിന്‍റെ പൂര്‍ത്തീകരണം വരെ പരിശുദ്ധാത്മാവു പിതാവിനോടും പുത്രനോടുമൊപ്പം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പുത്രന്‍റെ രക്ഷാകരമായ മനുഷ്യാവതാരത്തില്‍ ആരംഭിച്ച ഈ 'അന്തിമകാലങ്ങളില്‍' പരിശുദ്ധാത്മാവ് ഒരു വ്യക്തിയായി വെളിപ്പെടുത്തപ്പെടുകയും, നല്‍കപ്പെടുകയും, അംഗീകരിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ പരിശുദ്ധാത്മാവിനോട്‌ നാം എത്രമാത്രം തുറവുള്ളവരായിരിക്കുന്നുവോ അത്രയധികമായി അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഭരണം നടത്തും. പരിശുദ്ധാത്മാവായ ദൈവം നമ്മോടു സംസാരിക്കുകയും, ദൈവിക പദ്ധതികൾക്കനുസരിച്ചു തീരുമാനങ്ങളെടുക്കാൻ കഴിവുനൽകുകയും, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും, മറ്റുള്ളവരെ സഹായിക്കാന്‍ കഴിവു നല്‍കുകയും ചെയ്യും.

വിചിന്തനം
പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ പരിശുദ്ധാത്മാവിനെ സ്വീകരിച്ചത് വരങ്ങളും ദാനങ്ങളുമായിട്ടായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ഈ 'അന്തിമകാലങ്ങളില്‍' പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായി നാം സ്വീകരിക്കുന്നു. നമ്മുടെ കർത്താവും ഏകരക്ഷകനുമായ യേശുക്രിസ്തുവിലൂടെയാണ് ഈ മഹത്തായ ഭാഗ്യം ലോകത്തിനു കൈവന്നത്. അതിനാൽ ലോകം മുഴുവനും യേശുവിന്റെ തിരുരക്തത്താൽ കഴുകപ്പെടുവാനും പരിശുദ്ധാത്മാവായ ദൈവത്തെ സ്വീകരിക്കുവാൻ എല്ലാ ഹൃദയങ്ങളും ഒരുക്കപ്പെടുവാനുമായി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »