News - 2024

സിറിയന്‍ പ്രസിഡന്റ് മെല്‍ക്കൈറ്റ് കത്തോലിക്കാ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 06-07-2017 - Thursday

ഡമാസ്ക്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ്, പാത്രിയാര്‍ക്കീസ് ജോസഫ് അബ്സിയുടെ നേതൃത്വത്തിലുള്ള മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ജൂലൈ 4 ചൊവ്വാഴ്ച ഡമാസ്കസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മെല്‍ക്കൈറ്റ് സഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പുതിയ പാത്രിയാര്‍ക്കീസിനെ സിറിയന്‍ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. കൂടിക്കാഴ്ചക്കിടയില്‍ സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, തീവ്രവാദി ആക്രമണം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ച നടന്നു.

സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ സിറിയയുടെ ഐക്യവും, സുസ്ഥിരതയും, ദേശീയബോധവും ശക്തിപ്പെടുത്തുന്നതിനായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുള്‍പ്പെടെയുള്ള സിറിയയിലെ ക്രിസ്ത്യന്‍ സഭകള്‍ വഹിച്ച പങ്കിനെക്കുറിച്ച് സിറിയന്‍ പ്രസിഡന്റ് എടുത്തുപറഞ്ഞു.

ജിഹാദികള്‍ അക്രമപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ട് സിറിയയുടെ ആഭ്യന്തരസുരക്ഷക്ക് ഭീഷണിയായിക്കൊണ്ടിരുന്ന അവസരത്തില്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രസ്നേഹവും ദേശബോധവും ഉളവാക്കുവാന്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് കഴിഞ്ഞുവെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ജിഹാദികള്‍ക്കും, ഭീകരവാദത്തിനുമെതിരെ സിറിയ വിജയം കൈവരിക്കുമെന്ന പൂര്‍ണ്ണവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് അബ്സി പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘം പ്രസിഡന്റിനെ അറിയിച്ചു. ജൂണ്‍ 21-നായിരുന്നു അന്തിയോക്ക ആസ്ഥാനമായുള്ള മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി 71-കാരനായ മെത്രാന്‍ ജോസഫ് അബ്സി തിരഞ്ഞെടുക്കപ്പെട്ടത്. ഡമാസ്കസ് സ്വദേശിയായ ഇദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വവും ഉണ്ട്.


Related Articles »