India - 2024
ഡോണ്‍ ബോസ്കോ കോളേജിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 13-07-2017 - Thursday
കൊച്ചി: ബത്തേരി ഡോൺ ബോസ്കോ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അപലപിച്ചു. കലാലയങ്ങൾ അടിച്ചുതകർക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനും ചേർന്നതല്ലായെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കര്‍ദിനാള്‍ പറഞ്ഞു.
ക്യാമ്പസ് രാഷ്ട്രീയം അനുവദിക്കണമെന്ന പേരിൽ വിദ്യാർഥി സംഘടന രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെ അക്രമം അഴിച്ചുവിടുകയും കലാലയത്തിനു വൻ നാശനഷ്ടം വരുത്തുകയും ചെയ്തു. സർക്കാർ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കണം. അക്രമികൾക്കെതിരേ കർശന നടപടിയെടുക്കണം. കലാലയങ്ങൾ അടിച്ചുതകർക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനും ചേർന്നതല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. കര്‍ദിനാള്‍ പറഞ്ഞു.
45 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ കോളജിലെ 179 ജനാലപ്പാളികൾ, 10 കംപ്യൂട്ടറുകൾ, രണ്ട് സിസി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും, ബയോമെട്രിക് പഞ്ചിങ് മെഷീൻ, 12 സ്വിച്ച് ബോർഡുകൾ, ആറു വലിയ നോട്ടീസ് ബോർഡുകൾ, നിരവധി കസേരകളും മേശകളും, പ്രിൻസിപ്പലിന്റെ ഓഫിസ്, വാട്ടര്‍ ടാപ്പുകൾ, ടോയ് ലെറ്റ് വാഷ് ബെയ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.