India - 2025
ഡോണ്‍ ബോസ്കോ കോളേജിന് നേരെയുള്ള ആക്രമണം: പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 14-07-2017 - Friday
കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബത്തേരി ഡോണ്‍ ബോസ്കോ കോളേജിനും ചാപ്പലിനും നേരെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. ഡോണ്‍ബോസ്കോ കോളജ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അടിച്ചുതകർത്ത എസ്എഫ്ഐ-ഡിവൈഎഫ്ഐ നടപടി അപലപനീയവും കാടത്തവുമാണെന്ന് കർഷക മോർച്ച ദേശീയ സെക്രട്ടറി പി.സി മോഹനൻ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിടിഎയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന റാലിയിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഡോണ്‍ബോസ്കോ കോളജിൽ നിന്ന് ആരംഭിച്ച റാലി ട്രാഫിക് ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് പോലീസ് സ്റ്റേഷൻ റോഡ് വഴി തിരികെ കോളജിലെത്തി സമാപിച്ചു. ഡോണ്‍ബോസ്കോ ബംഗളൂരു പ്രൊവിൻഷ്യൽ ഫാ. ജോയ്സ് തോണിക്കുഴി, വൈസ് പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ, പ്രിൻസിപ്പൽ ഫാ. ജോയി ഉള്ളാട്ടിൽ, വൈസ് പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് ചീപ്പിങ്കൽ, സലിം, മിനി മാത്യു, കെ.ജെ. എൽദോ, മാത്യു വർഗീസ്, വി.എസ്. ബാബു, പി.എം. മനു, പ്രവീണ്‍ മാത്യു എന്നിവർ നേതൃത്വം നൽകി.
കോളജും, ചാപ്പലും തല്ലിതകർത്ത നടപടി അങ്ങേയറ്റം ഹീനവും വേദനാജനകവുമാണെന്നും ഭരണകക്ഷിയിൽപെട്ടവർ തന്നെ ആക്രമണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും പിടിഎ യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഡോണ്‍ബോസ്കോ കോളജ് രാഷ്ട്രീയരഹിത കാമ്പസായി പ്രമേയം പാസാക്കി. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ അച്ചടക്ക കമ്മിറ്റി, നിയമോപദേശക കമ്മിറ്റി എന്നിവ രൂപീകരിച്ചു. അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. യോഗത്തില്‍ സ്ത്രീകളടക്കം ആയിരത്തോളം പേര് പങ്കെടുത്തു.
കോളേജിനും ചാപ്പലിനും നേരെയുള്ള ആക്രമണത്തെ യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളി കാർപ്പോസ് മെത്രാപ്പോലീത്ത അപലപിച്ചു. അതിക്രമങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും അപലപനീയമാണെന്ന് മലബാർ ഭദ്രാസന കൗണ്‍സിൽ വിലയിരുത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്ത്, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ് കവുംങ്ങന്പിള്ളിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവന നൽകിവരുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംരക്ഷണം നൽകുന്നതിലുള്ള സർക്കാരിന്റെ ഉദാസീനയാണു സുൽത്താൻബത്തേരി കോളജിൽ കണ്ടതെന്നു കോട്ടയത്തു കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം വിലയിരുത്തി. ഇത്തരം നീചമായ ആക്രമണം ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മതിയായ സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.