News - 2024
പിതാവിന്റെ ജീവന് പകരമായി ലഭിച്ച തുക ക്രിസ്ത്യന്‍-മുസ്ലിം പള്ളികള്‍ക്ക് സംഭാവന ചെയ്തുകൊണ്ട് മകന്‍
സ്വന്തം ലേഖകന്‍ 15-07-2017 - Saturday
മിന്യ, (ഈജിപ്ത്): ഈജിപ്തില്‍ ജിഹാദികളാല്‍ കൊല്ലപ്പെട്ട തന്റെ പിതാവിന്റെ ജീവന് പകരമായി ലഭിച്ച തുക മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സംഭാവന ചെയ്ത മകന്‍ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. കോപ്റ്റിക്ക് ക്രിസ്ത്യാനിയായ മൈക്കേല്‍ ആതിഫ് മുനീറാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കായി ഈജിപ്ത് സര്‍ക്കാര്‍ നല്‍കുന്ന തുക മിന്യാ പ്രവിശ്യയിലെ ഒരു മുസ്ലീം പള്ളിക്കും, ക്രിസ്ത്യന്‍ ദേവാലയത്തിനുമായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 5,000 യൂറോക്ക് തുല്യമായ തുകയാണ് സംഭാവനയായി നല്‍കുന്നത്.
ഫിക്രിയാ ഗ്രാമത്തിലെ സാന്‍ മിക്കേല്‍ ദേവാലയത്തിനും, സാഫ്ത് അല്‍-ലബ്ബാനിലെ ഒരു മുസ്ലീം പള്ളിക്കും തുല്യമായിട്ടായിരിക്കും ഈ സംഭാവന നല്‍കുക. മെയ് 26-ന് സാന്‍ സാമുവല്‍ ആശ്രമത്തിലേക്ക് തീര്‍ത്ഥാടനത്തിനായുള്ള യാത്രാമധ്യേയാണ് മൈക്കേല്‍ ആതിഫ് മുനീറിന്റെ പിതാവ് തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത്. അന്നത്തെ ആക്രമണത്തില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 28 പേരോളം കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന് ഇരയായവരുടെ ഓര്‍മ്മക്കായി ജൂലൈ ആദ്യവാരത്തില്‍ സാന്‍ സാമുവേല്‍ ആശ്രമത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചിരിന്നു. ഓര്‍ത്തഡോക്സ് മെത്രാനായ ക്രീറ്റ് ബസീലിയോസ് നേതൃത്വം നല്‍കിയ കുര്‍ബാനയ്ക്ക് ശേഷം മിന്യാ പ്രവിശ്യയുടെ ഗവര്‍ണറായ എസ്സാം അല്‍ ബെദേവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക കൈമാറി. എന്നാല്‍ തന്റെ കുടുംബം ഈ തുക മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സംഭാവനയായി നല്‍കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് മൈക്കേല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ആക്രമണങ്ങള്‍ വഴി ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കും, മുസ്ലീംകള്‍ക്കുമിടയില്‍ വിഭാഗീയത വളര്‍ത്തുവാനാണ് തീവ്രവാദികള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ വഴി അവരുടെ ആഗ്രഹത്തിന് വിപരീതമായ കാര്യമാണ് സംഭവിക്കുന്നതെന്ന് അവരെ മനസ്സിലാക്കുകയാണ് തന്റെ ഈ സംഭാവനയുടെ പിന്നിലെ ലക്ഷ്യമെന്ന് യുവാവായ മൈക്കേല്‍ വ്യക്തമാക്കി. അതേ സമയം ഈജിപ്തിലെ ക്രൈസ്തവര്‍ ഇപ്പോഴും ഭീതിയുടെ നടുവിലാണ്. രാജ്യത്തെ അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് സൈന്യത്തിന്റേയും, സര്‍ക്കാറിന്റേയും നിര്‍ദ്ദേശപ്രകാരം വിവിധ ക്രിസ്ത്യന്‍ സഭകള്‍ തീര്‍ത്ഥാടനവും പ്രാര്‍ത്ഥനാകൂട്ടായ്മയും ഒഴിവാക്കിയിരിന്നു.