India - 2025

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അമ്മമാരെയാണ് സഭ ആഗ്രഹിക്കുന്നത്: ബിഷപ്പ് ജോസഫ് കാരിക്കശേരി

സ്വന്തം ലേഖകന്‍ 17-08-2017 - Thursday

കൊച്ചി: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അരൂപിയില്‍ ബന്ധങ്ങള്‍ വളര്‍ത്താന്‍ കഴിയുന്ന അമ്മമാരെയാണു സഭയും സമൂഹവും ആഗ്രഹിക്കുന്നതെന്ന്‍ കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി. കെസിബിസി വനിതാ കമ്മീഷന്‍ എറണാകുളം സോണ്‍ ലീഡേഴ്‌സ് മീറ്റ് പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ ഇഴയടുപ്പമാണ് കുടുംബഭദ്രതയുടെ കാതലെന്നും ബിഷപ്പ് പറഞ്ഞു.

സാമൂഹ്യനീതിയും ക്രിസ്തീയ വനിതാ നേതൃത്വവും എന്ന വിഷയത്തില്‍ എറണാകുളംഅങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ക്ലാസ് നയിച്ചു. കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. വര്‍ഗീസ് മണവാളന്‍, മേഖല സെക്രട്ടറി ഡോളി ജോസഫ്, ഡോ. റോസക്കുട്ടി, ഡോ. കെ.വി. റീത്താമ്മ, മോളി ബോബന്‍, മേഴ്‌സി ഡേവി എന്നിവര്‍ പ്രസംഗിച്ചു.

റൈസിംഗ് വുമണ്‍ ഓഫ് ഇന്ത്യ അവാര്‍ഡിന് അര്‍ഹയായ ഡോ. റോസക്കുട്ടിയെ യോഗം ആദരിച്ചു. ഇടുക്കി, മുവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ, എറണാകുളം എന്നീ രൂപതകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.


Related Articles »