News - 2024
ആഗോള സഭ നാളെ സൃഷ്ട്ടിയുടെ സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും
സ്വന്തം ലേഖകന്‍ 31-08-2017 - Thursday
വത്തിക്കാന്‍ സിറ്റി: നാളെ സെപ്തംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച ആഗോള ക്രൈസ്തവ വിഭാഗങ്ങള്‍ സംയുക്തമായി സൃഷ്ട്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കും. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ പരസ്പരം കൈകോര്‍ത്താണ് ഇത്തവണ സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം ആവിഷ്ക്കരിക്കുന്നത്. സഭകളുടെ ആഗോള കൂട്ടായ്മ, ആംഗ്ലിക്കന്‍ സഭാകൂട്ടായ്മ, കിഴക്കിന്‍റെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ്, ഫ്രാന്‍സിസ് പാപ്പാ എന്നിവര്‍ ആഗോളതലത്തില്‍ ഭൂമിയുടെ സുസ്ഥിതിക്കായി പദ്ധതിയെ പിന്‍താങ്ങുന്നുണ്ട്.
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ ഒന്നാമന്‍റെ അഭ്യര്‍ത്ഥനപ്രകാരം കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭകളും , ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം പടിഞ്ഞാറന്‍ സഭകളും നാളെ ( സെപ്തംബര്‍ 1) സൃഷ്ട്ടിയുടെ സംരക്ഷണത്തിനുള്ള ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. നാളത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി സൃഷ്ടികളുടെ സംരക്ഷണത്തിനായി എല്ലാവരും ഒരേമനസ്സോടെ നിലകൊള്ളണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയയും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്.
പരിസ്ഥിതിക്കായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാരിസ്ഥിതിക അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഭൂമിയുടെ തേങ്ങലും അതില്‍ കഴിയുന്ന ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ രോദനവും കേള്‍ക്കണമെന്നും ഇരുവരും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ അനുസ്മരണ ദിനമായ ഒക്ടോബര്‍ 4-വരെ നീണ്ടുനില്ക്കുന്ന വിധത്തിലാണ് ചില ദേശീയ സഭകളുടെ കൂട്ടായ്മകള്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 2015-ല്‍ ആണ് ആദ്യമായി പരിസ്ഥിതി സുസ്ഥിതിക്കായി ആഗോള പ്രാര്‍ത്ഥനാദിനം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചത്.