News - 2025
കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് ഷിക്കാഗോയിലേക്ക്
സ്വന്തം ലേഖകന്‍ 01-09-2017 - Friday
വാഷിംഗ്ടൺ: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി ഷിക്കാഗോ അതിരൂപതയിലെ ദേവാലയത്തില്‍ സെപ്റ്റബർ അഞ്ചിന് സ്ഥാപിക്കും. മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ മർക്കോസിന്റെ ദേവാലയത്തിലാണ് തിരുശേഷിപ്പ് പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കുക. വൈകുന്നേരം ഏഴ് മണിക്ക് ഫാ. ഇബാരയുടെ നേതൃത്വത്തിൽ ദിവ്യബലിയും തിരുശേഷിപ്പിന് സ്വീകരണവും ദേവാലയത്തില്‍ നല്‍കും. ചടങ്ങിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യസ്തരും പങ്കെടുക്കും.
ദേവാലയത്തിലെത്തിക്കുന്ന തിരുശേഷിപ്പിൽ മദർ തെരേസയുടെ മുടിയുടെ ഭാഗങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. തിരുശേഷിപ്പ് സന്ദർശിക്കാനും നൊവേന പ്രാർത്ഥനകൾക്കും തീർത്ഥാടകർക്ക് പ്രത്യേക അവസരമൊരുക്കുമെന്നു അധികൃതര്‍ പത്രക്കുറിപ്പിൽ അറിയിച്ചു. വിശുദ്ധ മർക്കോസിന്റെ നാമധേയത്തിലുള്ള ഇടവക വികാരി ഫാ. മാർട്ടിൻ ഇബാരയുടേയും ഇടവകയിലെ ഫെർണാഡോ ഇൻഗുയിസിന്റെയും അഭ്യർത്ഥന പ്രകാരമാണ് തിരുശേഷിപ്പ് നല്‍കിയതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി അറിയിച്ചു.
ഇടവകതലത്തിലും ഷിക്കാഗോ രൂപതയിലും സുവിശേഷവത്ക്കരണത്തിന്റെ സ്വാധീനവും മാതൃകയുമാണ് വിശുദ്ധ മദർ തെരേസയെന്നും വിശുദ്ധയുടെ ജീവിതവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിനാണ് തിരുശേഷിപ്പ് ദേവാലയത്തില്‍ സ്ഥാപിക്കുന്നതെന്നും ഇൻഗുയിസ് പറഞ്ഞു. ശുശ്രൂഷയിലൂടെ സുവിശേഷവത്ക്കരണത്തിന്റെ മഹനീയ മാതൃക നല്‍കിയ മദർ തെരേസയുടെ സ്വാധീനം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പും ദേവാലയത്തിലുണ്ട്.