News

വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയതായി തുര്‍ക്കിയിലെ പുരാവസ്തുഗവേഷകര്‍

സ്വന്തം ലേഖകന്‍ 05-10-2017 - Thursday

അങ്കാര: സാന്താക്ലോസ് എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന മീറായിലെ വിശുദ്ധ നിക്കോളാസിന്റേതെന്ന് കരുതപ്പെടുന്ന ശവകുടീരം കണ്ടെത്തിയതായി തുര്‍ക്കിയിലെ പുരാവസ്തുഗവേഷകര്‍. തെക്കന്‍ തുര്‍ക്കിയിലെ അന്റാലിയാ പ്രവിശ്യയിലെ ദെമ്രേയിലെ സെന്റ്‌ നിക്കോളാസ് ദേവാലയത്തിനടിയിലായിട്ടാണ് ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. അന്റാലിയാ പുരാവസ്തു ഗവേഷക വകുപ്പിന്റെ തലവനായ സെമില്‍ കരാബൈരം ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രൊഫ. സെമാ ദോര്‍ഗന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷകര്‍ ദേവാലയത്തിനടിയില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ശവകുടീരം കണ്ടെത്തിയത്.

ദേവാലയത്തിന്റെ തറയില്‍ മാര്‍ബിള്‍ പാകിയിരിക്കുന്നതിനാല്‍ ശവകുടീരത്തിനടുത്തെത്തുക വളരെ ശ്രമകരമായ ഒരു ജോലിയാണെന്നും എന്നാല്‍ ശവകുടീരത്തിന് യാതൊരു കേടുപാടുമില്ലെന്നും സെമില്‍ കരാബൈരം പറഞ്ഞു. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ മീറാ എന്ന പേരിലായിരുന്നു ദെമ്രേ അറിയപ്പെട്ടിരുന്നത്.

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസിന്റെ ജന്മസ്ഥലമാണിതെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടികളോടുള്ള സ്നേഹവും, കാരുണ്യവും വഴിയാണ് നാലാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വിശുദ്ധ നിക്കോളാസ് ലോകമാകെ അറിയപ്പെടുന്നത്. എ.ഡി. 343-ലായിരുന്നു വിശുദ്ധന്റെ മരണം. അദ്ദേഹത്തെ ദെമ്രേയിലെ ഈ ദേവാലയത്തിലാണ് അടക്കം ചെയ്തിരുന്നത്.

Must Read: ‍ വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസ് ആയി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര

1087-ല്‍ ഇറ്റലിയിലെ ബാരിയില്‍ നിന്നുമുള്ള കച്ചവടക്കാര്‍ വിശുദ്ധന്റെ എല്ലുകളടങ്ങിയ തിരുശേഷിപ്പുകള്‍ ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടു പോയി എന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് തുര്‍ക്കിയിലെ പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റിയിട്ടില്ലായെന്നാണ് ഗവേഷകരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ കണ്ടെത്തല്‍ വിനോദസഞ്ചാര മേഖലക്ക് വളര്‍ച്ചയേകുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി. ഡിസംബര്‍ 6-നാണ് വിശുദ്ധ നിക്കോളാസിന്റെ നാമഹേതുകതിരുനാള്‍ ആഘോഷിക്കുന്നത്


Related Articles »