Arts

കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്ലോസ് വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം 1600 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പ്രവാചകശബ്ദം 19-10-2022 - Wednesday

ഇസ്താംബൂള്‍: സാന്താക്ലോസ് എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന മീറായിലെ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ ശവകുടീരം കണ്ടെത്തി. തെക്കന്‍ തുര്‍ക്കിയിലെ അന്റാല്യ ജില്ലയിലെ ഡെമ്രെ പട്ടണത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിനടിയിലാണ് വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. ശവകുടീരം സംരക്ഷിക്കുന്നതിനായി അത് സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ ദേവാലയത്തിന് മുകളില്‍ മറ്റൊരു ദേവാലയം കൂടി പണികഴിപ്പിച്ചിരിക്കുകയായിരുന്നു. സമീപ കാലത്ത് പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലത്തുനിന്നും മൊസൈക്കുകളും, കല്ല്‌ പാകിയ തറയും കണ്ടെത്തിയതാണ് ഈ ചരിത്ര പ്രധാനമായ കണ്ടെത്തലിലേക്ക് നയിച്ചത്.

മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഉയര്‍ന്ന ജലനിരപ്പില്‍ ശവകുടീരം സ്ഥിതി ചെയ്യുന്ന ആദ്യത്തെ ദേവാലയം മുങ്ങിപ്പോയെന്നും, നൂറ്റാണ്ടുകള്‍ക്ക് ശേഷം അതിന് മുകളിലായി മറ്റൊരു ദേവാലയം പണിയുകയായിരുന്നുവെന്നും അന്റാല്യ പ്രൊവിന്‍ഷ്യല്‍ സാംസ്കാരിക പൈതൃക ബോര്‍ഡിന്റെ തലവനായ ഒസ്മാന്‍ ഇരാവ്സര്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ വിശുദ്ധ നിക്കോളാസ് കാലു കുത്തിയിട്ടുള്ള തറ ഉള്‍പ്പെടെയുള്ള ആദ്യ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ വരെ എത്തിയിട്ടുണ്ടെന്നും, വിശുദ്ധ നിക്കോളാസ് നടന്നിട്ടുള്ള തറയില്‍ വിരിച്ചിരുന്ന തറയോടുകള്‍ ഖനനം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇരാവ്സര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ തുര്‍ക്കിയായി അറിയപ്പെടുന്ന സ്ഥലത്ത് ക്രിസ്തുവിന് ശേഷം 270-നും 340-നും ഇടയില്‍ ജീവിച്ചിരുന്ന ഗ്രീക്ക് സ്വദേശിയായ മെത്രാനായിരിന്നു വിശുദ്ധ നിക്കോളാസ്.

അശരണരോടുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹായ സഹകരണം വഴിയായും അദ്ദേഹം പ്രസിദ്ധനായിരിന്നു. നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയും ഇപ്പോഴും സാന്താക്ലോസിലൂടെ നിലനില്‍ക്കുന്നുണ്ട്. വിശുദ്ധ നിക്കോളാസിന്റെ ഡച്ച് നാമമായ സിന്റ് നിക്കോളാസ് എന്നതിന്റെ ചുരുക്കമായ ‘സിന്റര്‍ ക്ലാസ്’ എന്ന ഡച്ച് പദത്തില്‍ നിന്നുമാണ് ‘സാന്റാക്ലോസ്’ എന്ന പേര് ഉണ്ടായത്.

വിശുദ്ധ നിക്കോളാസിനെ അടക്കം ചെയ്തിരിക്കുന്നത് എവിടെയാണെന്നതിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ഏതോ ഒരു ദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതെന്നാണ് ഇക്കാലമത്രയും രേഖകളില്‍ സൂചിപ്പിച്ചിരിന്നത്. മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ഇറ്റലിയിലെ ബാരിയിലേക്ക് കടത്തി എന്നാണ് ആദ്യം പുരാവസ്തുഗവേഷകര്‍ കരുതിയിരുന്നതെങ്കിലും, അവര്‍ തെറ്റായ അസ്ഥികളാണ് കടത്തിയതെന്നാണ് ഇപ്പോഴത്തെ അനുമാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »