News - 2025

കത്തോലിക്കാ വിശ്വാസികൾ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണം ; ബിഷപ്പ്. ഈഗന്‍.

സ്വന്തം ലേഖകൻ

പോര്‍ട്ട്സ്മൗത്ത് : ബ്രിട്ടനില്‍ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളും, പഠനങ്ങളും, രാഷ്ട്രനിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പോര്‍ട്ട്സ്മൗത്ത് രൂപതാ ബിഷപ്പ് മാര്‍.ഫിലിപ്പ് ഈഗന്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനിലെ സമകാലിക സാമൂഹ്യ വ്യവസ്ഥിതിക്ക് കത്തോലിക്കാ സഭയുടെ നയങ്ങളോടുള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ ഇടയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് , എല്ലാ കത്തോലിക്കാ വിശ്വാസികളും വളരെ ശക്തമായിത്തന്നെ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. അല്ലാത്ത പക്ഷം ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന , പരമ്പരാഗതമായ ക്രിസ്തീയ മൂല്യങ്ങളെ വിലകുറച്ചു കാണുന്ന, മറ്റൊരു സംസ്കാരത്തിലേക്ക് നാം വഴുതി വീഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആയതിനാല്‍ നമ്മുടെ പ്രത്യേകമായ ജീവരക്ഷ നല്‍കുന്ന സന്ദേശം പകര്‍ന്ന് നല്‍കിക്കൊണ്ട് സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ നാം ശക്തമായി മുന്നോട്ടിറങ്ങണമെന്ന് അദ്ദേഹം തന്‍റെ ഇടയലേഖനത്തിലൂടെ ഓരോ ക്രൈസ്തവ വിശ്വാസിയോടും അഭ്യര്‍ത്ഥിക്കുന്നു.

പൊതുതാല്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഐക്യം, സഹാനുഭാവം ഇവയോരോന്നിനെപ്പറ്റിയും കത്തോലിക്കാ സഭയുടെ പഠനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അദ്ദേഹം തന്‍റെ സന്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ ലളിതമായി ജീവിക്കുന്നതിനുള്ള വഴികള്‍ തിരഞ്ഞെടുക്കുവാനും, അതിലൂടെ പാവങ്ങളെ കൂടുതല്‍ സഹായിക്കുവാനും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നു.

വെറും സാമൂഹ്യ, സാമ്പത്തിക തലത്തിന് അപ്പുറത്തേക്ക് പൊളിറ്റിക്സ് എന്നത് ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സമൂഹത്തിന്‍റെ നിര്‍മ്മിതിയാണ് നാം ലക്ഷ്യമാക്കേണ്ടത് എന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു.

സദാചാര നിഷ്ഠമായ, വിശ്വാസ്യതയുള്ള, ആത്മാര്‍ത്ഥതയുള്ള ക്രിസ്ത്യന്‍ പൈതൃക സമ്പത്തു തന്നെയാണ് ഇന്നും ബ്രിട്ടണെ മഹത്തരമാക്കുന്നതെന്ന് , എന്‍.എച്ച്.എസ് പോലുള്ള മറ്റ് സവിശേഷമായ രാഷ്ട്ര സംവിധാനങ്ങള്‍, സഹോദരസ്നേഹത്തിലും, ദൈവസ്നേഹത്തിലധിഷ്ഠിതമായ നീതിയും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന നമ്മുടെ തനതായ പ്രവണതകൽ എന്നിവയെ എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹം പറയുന്നു.

ബിഷപ്പ് ഈഗനും, അദ്ദേഹത്തിന്‍റെ പോര്‍ട്ട്സ്മൗത്ത് രൂപതയും ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ കാമറൂണിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി മാരടങ്ങിയ, ജനപ്രതിനിധികള്‍ക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം, എല്ലാ പ്രാര്‍ത്ഥനയും, ഉറപ്പു നല്‍കിയിരുന്നു.

സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വോട്ടുചെയ്ത രാഷ്ട്രീയ പ്രതിനിധികളെ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഈഗന്‍, മുന്‍പ് ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കൂടാതെ, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 2009 ലെ എന്‍സൈക്ലിക്കല്‍ കാരിത്താസ് ഇന്‍വെറിറ്റേറ്റ്, അതോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈയിടെ പുറത്തിറങ്ങിയ എന്‍സൈക്ലിക്കല്‍ ഓണ്‍ ദി എന്‍വയോണ്‍മെന്‍റ് എന്നിവയെപ്പറ്റി പഠിക്കുന്നതിന് നീതിനിഷ്ഠമായതും, സാമൂഹ്യ പ്രതിബന്ധതയുള്ളതുമായ ഒരു ടീം രൂപീകരിക്കാന്‍ അദ്ദേഹം തന്‍റെ രൂപതയിലെ ഓരോ ഇടവകയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

More Archives >>

Page 1 of 1