Social Media - 2024

കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍

ഫാ. അരുൺ കലമറ്റത്തിൽ 26-01-2023 - Thursday

ഇന്ന്‌ തിരുസഭയെ 'കുറ്റമില്ലാത്തവളാക്കാന്‍' പരിശ്രമിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്‌!! കുറ്റം കണ്ടുപിടിക്കലും വിമർശിക്കലും അതു ചര്‍ച്ച ചെയ്യലും ഒരു ആത്മീയ ശുശ്രൂഷയായി പോലും അവതരിപ്പിക്കപ്പെടുന്നു! തിരുസഭയെ നവീകരിക്കുവാനുള്ള ആഗ്രഹം പരിശുദ്ധാത്മ പ്രേരിതമാണ്‌. എന്നാല്‍ മറ്റേതു നന്മയുടെ കാര്യത്തിലുമെന്നപോലെ ഇതിലും തിന്മയുടെ ഇടപെടലും ആജ്ഞതയുടെയും മാനുഷികമായ പാപ പ്രവണതയുടെയും സ്വാധീനവും വിവേക പൂര്‍വ്വം തിരിച്ചറിയണം! തിരുസഭയെ വിമര്‍ശിക്കുന്നവരില്‍ കാണാറുള്ള പ്രധാന കുറവ്‌ തിരുസഭ എന്താണ്‌ എന്നതിനെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണ്‌.

എന്താണ്‌ യഥാര്‍ത്ഥത്തില്‍ തിരുസഭ?

ദൈവജനം എന്നോ, വിശ്വാസികളുടെ സമൂഹം എന്നൊ ഒക്കെ ഉത്തരം പറയുമെങ്കിലും തിരുസഭ അതിനുമൊക്കെ ഏറെ ഉപരിയാണ്‌ എന്നോര്‍ക്കണം. (വിശാലമായ അര്‍ത്ഥത്തില്‍ എല്ലവരും ദൈവജനവും സമൂഹവുമൊക്കെത്തന്നെയാണ്) എന്നാൽ തിരുസഭയെക്കുറിച്ചു വി.ഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു:

- "അത് ക്രിസ്തുവിന്റെ ശരീരമാണ്‌"!!! എന്തെന്നാൽ, ക്രിസ്തു "തന്റെ ശരീരമായ" സഭയുടെ...(എഫേ‌ 5:23)

- "സഭയാകുന്ന തന്റെ ശരീരത്തെ"പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ...(കൊളോ‌ 1:24)

- അവന്‍ സഭയാകുന്ന ശരീരത്തിന്റെ.....(കൊളോ‌ 1:18)

എന്നിങ്ങനെ അനേകം തവണ വി. ഗ്രന്ഥം ആവർത്തിച്ചു പഠിപ്പിക്കുന്ന ദൈവിക രഹസ്യമാണ്‌ തിരുസഭ ക്രിസ്തുവിന്റെ ശരീരമാണ്‌" എന്നത്‌. ആ ശരീരം സ്വർഗ്ഗത്തിലും ശുദ്‌ധീകരണ സ്ഥലത്തും ഈ ഭൂമിയിലുമായി വ്യാപിച്ചു കിടക്കുന്ന ദൈവിക ശരീരമാണ്‌. അതിനാലാണ്‌ സഭയെ "തിരു"സഭ എന്നു നാം വിളിക്കുന്നതും. ഈ ബോധ്യത്തിൽ അടിയുറച്ചു വേണം തിരുസഭയെക്കുറിച്ചു ചിന്തിക്കാനും പരാമർശിക്കാനും അതിൽ അംഗമാകാനും. അതീവ ഗൗരവമുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്‌. വിമർശ്ശിക്കുന്നവരും സഭയെ സ്നേഹിക്കുന്നവരും

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ!

1. തിരുസഭ ഈശോയുടെ ശരീരമാണെന്ന തിരിച്ചറിവില്ലാത്ത, ആദരവില്ലാത്ത ആര്‍ക്കും തിരുസഭയെ നവീകരിക്കാനാവില്ല!

തിരുസഭയെ ഒരു പാര്‍ട്ടിപോലെയൊ ക്ലബ്ബ് പോലെയൊ കണക്കാക്കുന്നവരുണ്ട്. പാര്‍ട്ടിയിലോ ക്ലബ്ബിലൊ ഒക്കെ സംസാരിക്കുന്നതു പോലെയായിരിക്കും ഇവര്‍ തിരുസഭയെക്കുറിച്ച് സംസാരിക്കുന്നത്. അധികാരം, പങ്കാളിത്തം, സ്ഥാനം, സ്വത്തിന്റെ വിനിയോഗം തുടങ്ങിയ വിഷയങ്ങളായിരിക്കും ഇവരുടെ വാക്കുകളില്‍ മുഴങ്ങിക്കേള്‍ക്കുക. തിരുസഭയെക്കുറിച്ചു പറയുമ്പോള്‍ ദൈവ ഭയമുണ്ടാകണം! ക്രിസ്തു ശരീരത്തെയാണു ഞാന്‍ വിധിക്കുന്നതെന്നും പരാമര്‍ശിക്കുന്നതെന്നും ഓര്‍മ്മയുണ്ടാവണം!

2. വിധേയത്വം എന്ന പുണ്യം കൂടാതെ തിരുസഭയെ തിരുത്താന്‍/നവീകരിക്കാന്‍ ശ്രമിക്കുന്ന ആരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരല്ല! അവര്‍ ചെയ്യുന്നത് സ്വന്തം 'അഹ'ത്തിന്റെ ശുശ്രൂഷയാണ്‌. സ്വന്തം പ്രശസ്തിക്കു വേണ്ടി തിരുസഭയെ വിമര്‍ശിക്കുന്നവരെ കാണാം. അതുവഴി പലരാലും അംഗീകരിക്കപ്പെടുമെന്നും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാമെന്നും കരുതുന്നവരുണ്ട്. മോശമായ പദപ്രയോഗങ്ങളും, എല്ലാത്തിനോടും എല്ലാവരോടും പുച്ഛവും, "ഞാനല്ലാതെ മറ്റൊരു ശരിയില്ല" എന്ന ഭാവവും, ആരെയും (തിരുസഭാധികാരികളെയൊ അവരുടെ തീരുമനങ്ങളെയൊ പോലും) വിധിക്കാനുള്ള അധികാരമുണ്ടെന്ന ചിന്തയും ഇതിന്റെ ലക്ഷണമാണ്‌. പലപ്പോഴും തിരുസഭയുടെ കുറവുകള്‍ സമൂഹ മധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ലക്ഷ്യം തന്നിലേക്കു ശ്രദ്ധ ആകര്‍ഷിക്കുക തന്നെയാണ്‌!

3. അശുദ്ധമായ ജീവിതവും പലതരം പാപങ്ങളും അതുണ്ടാക്കുന്ന കുറ്റബോധവും ചിലരില്‍ "കുറ്റം കണ്ടെത്തല്‍ ശുശ്രൂഷ"യായി മാറുന്നു

മദ്യപിച്ചു വീട്ടില്‍ വന്ന്‌ ഭാര്യയെ എടുത്തിട്ടു തല്ലുന്ന ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടില്ലെ? ഇനിയൊരിക്കലും കുടിക്കില്ലന്നു പലതവണ പ്രതിജ്ഞ ചെയ്തിട്ടു വീണ്ടും കുടിച്ചു വീട്ടിലെത്തുമ്പൊ ദരിദ്രമായ കൂരയും കെട്ടിക്കാറായ മകളുടെ മുഖവും പാവം ഭാര്യയുടെ ദൈന്യതയും ഒടുങ്ങാത്ത കുറ്റ ബോധം അയാളില്‍ നിറയ്ക്കും. അപ്പോഴാണയാള്‍ ഭാര്യയെ എടുത്തിട്ടു തല്ലുന്നത്‌!!! "എന്നേക്കാള്‍ വലിയ കുറ്റക്കാരി നീയാ" ണെന്നാണ്‌ അയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ടാണ്‌ നീയിങ്ങനെ തല്ലു കൊള്ളുന്നതെന്നാണ്‌ അയാള്‍ പറയാതെ പറയുന്നത്!!

("മന്ത്രിമാർ വരെ എന്നേക്കാൾ വലിയ കള്ളന്മാരാ. അതൊക്കെ വച്ചു നോക്കുമ്പൊ ഞാനെത്ര ഭേദമാ"ണെന്നു പറയുന്ന മോഷ്ടാവിന്റെ മനോഭാവം തന്നെ)

നമ്മുടെ തിന്മകളും വിശുദ്ധിയില്ലായ്മയും നമ്മെ ലജ്ജിതരാക്കുമ്പോഴാണു നാം തിരുസഭയെ കുറ്റം പറയാൻ തുടങ്ങുന്നത്‌. എന്നെക്കാൾ കുറവുകൾ സഭക്കുണ്ടെന്നു സ്ഥാപിക്കുന്നതു വഴി സ്വയം ന്യായീകരിക്കപ്പെട്ടതായി നമുക്കു തോന്നുന്നു. തിരുസഭക്ക്‌ എന്നും കുറവുകളുണ്ടായിരുന്നു. പക്ഷേ വിശുദ്ധർ ഒരിക്കലും അതു പറഞ്ഞു നടന്നിരുന്നില്ല. അവർ സഭയെ സ്നേഹിച്ചു, അനുസരിച്ചു, സഭയുടെ ക്രമീകരണങ്ങളെ ആദരിച്ചു. എപ്പോഴും നന്മകളെക്കുറിച്ചു ദൈവത്തെ സ്തുതിച്ചു. എന്നാൽ സഭയെ സ്നേഹിക്കാത്തവരും പാപത്തിൽ വസിക്കുന്നവരും കുറവുകളും കുറ്റങ്ങളും എപ്പോഴും പറഞ്ഞു നടന്നു.

ഞാൻ സത്യം തുറന്നു പറഞ്ഞ്‌ സഭയെയും സഭാധികാരികളെയും നന്നാക്കാൻ ശ്രമിക്കുകയാണെന്ന നാട്യത്തോടെ തന്നെ! പലരിലും അതിന്നും തുടരുന്നു. നന്നായി കണ്ണുനീരോടെ ഒന്നു കുമ്പസാരിച്ചാല്‍ പരിശുദ്ധാത്മാവ്‌ അവരെ ഈ മേഖലയില്‍ സഹായിക്കുക തന്നെ ചെയ്യും!

4. പരിശുദ്ധാത്മാവിലുള്ള വിശ്വസക്കുറവാണ്‌ മറ്റൊരു കാരണം.

തിരുസഭയെ നയിക്കുന്നത്‌ പരിശുദ്ധാത്മാവല്ലാതെ മറ്റാരുമല്ല! വിശുദ്ധീകരിക്കുന്നവനായ റൂഹാദ് കൂദാശയില്‍ വിശ്വസിക്കാത്തവര്‍ ഇതെല്ലാം ഞാന്‍ തന്നെ ശരിയാക്കേണ്ടതാണെന്നു കരുതി "ഇപ്പ ശരിയാക്കിത്തരാം" എന്നും പറഞ്ഞു വാളുമായി ഇറങ്ങുന്നതു കാണാം! തിരുസഭയുടെ കുറവുകളെക്കുറിച്ചുള്ള അമിതമായ ആകുലത ദൈവീകമല്ല! ഒരു ശരീരം എങ്ങനെയാണു തന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നത്‌? സ്വയം സൗഖ്യപ്പെടാനുള്ള ഒരു സംവിധാനം ദൈവം ശരീരത്തില്‍ തന്നെ ഒരുക്കിയിട്ടുള്ളതു കണ്ടിട്ടില്ലേ. മുറിവുണ്ടായാലും മെല്ലെ അതു സ്വയം സുഖമാവും. അതു ദൈവിക ക്രമീകരണമാണ്‌. ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരമായ തിരുസഭയെ സ്വയം സൗഖ്യപ്പെടുത്താനുള്ള സംവിധാനം പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് ദൈവം സഭയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അമിത ആകുലത ദൈവികമല്ല തന്നെ!

പണ്ട് ചില കുറവുകള്‍ കണ്ട് സഹിക്കവയ്യാതെ തിരുത്താനിറങ്ങിയ ലൂഥറിനെയും അനുചരന്മാരെയും മറക്കാതിരിക്കാം! അവരുടെ ലക്ഷ്യം നല്ലതായിരുന്നെങ്കിലും സ്വന്തം ആത്മനാശവും സഭയുടെ വിഭജനവുമായിരുന്നു ഫലം! എന്നാല്‍ തിരുസഭ കാലക്രമത്തില്‍ ആ കുറവുകളെ മറികടന്ന് ഇന്നും വിരാജിക്കുന്നു! (എന്നാല്‍ നമുക്കു നിഷ്ക്രിയരാകാം എന്നല്ല ഇതിനര്‍ത്ഥം. വിശുദ്ധര്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച തങ്ങളുടെ സഹനങ്ങളും പ്രര്‍ത്ഥനകളും ക്രിയാത്മകവും വിശുദ്ധവുമായ ഇടപെടലുകളും നമുക്കു വേണം!)

5. വിശ്വാസവും ദൈവഭയവും നഷ്ടപ്പെടുന്നിടത്ത്‌ 'കളപറിക്കല്‍' കൂടും. പലപ്പോഴും വലിയ സഭാ വിചാരണ നടത്തുന്നവര്‍ അടിസ്ഥാന വിശ്വാസമോ ദൈവ ശാസ്ത്രപരമായ അറിവൊ ഇല്ലാത്തവരാണ്‌. അല്പം ലിറ്റര്‍ജിയോ ചെറിയൊരു ദൈവശാസ്ത്ര കോഴ്സോ കൂടിയത് ആരെയും വിമര്‍ശിക്കാനൊരു ലൈസന്‍സായി കരുതുന്നവരും ഉണ്ട്. മുറി വൈദ്യന്‍ ആളെ കൊല്ലും എന്നത് തന്നെ! വൈദികരോടൊ തിരുസഭാ സംവിധാനങ്ങളോടോ ഉള്ള അടുപ്പം ചിലര്‍ക്കൊക്കെ sense of the sacred നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. familiarity breads contempt എന്ന്‌ നാം കേട്ടിട്ടുണ്ട്. ദൈവഭയമില്ലാതെ ആരെയും എന്തും പറയാമെന്നു കരുതാന്‍ പാടില്ല. തിരുസഭയേയും അതില്‍ അവിടുന്നു നിയമിച്ചിരിക്കുന്ന ശുശ്രൂഷകരെയും ആദരിക്കാനും മാനിക്കാനും നമുക്കു കടമയുണ്ട്. കാരണം ക്രിസ്തു അവയെ മാനിക്കുന്നു എന്നതു തന്നെ!

6. ദൈവിക ശിക്ഷയെക്കുറിച്ചുള്ള പ്രബോധനം കാലഹരണപ്പെട്ടു എന്നു കരുതരുത്‌! നാം പറഞ്ഞുവരുന്ന ഇക്കാര്യത്തില്‍ പ്രത്യേകിച്ചും! പരി. പിതാവ് ബെനഡിക്ട് പാപ്പാ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന ഒന്നുണ്ട്: "തിരുസഭ എന്റെയോ നിന്റെയോ അല്ല, അവന്റേതാണ്‌" എന്ന്‌! സഭ അവിടുത്തേതാണ്‌! അവന്റെ ശരീരമാണത്! അവന്റെ മണവാട്ടിയാണവള്‍! അതുകൊണ്ട് “അവനെ” ഭയപ്പെടുന്നത് വിവേകമാണ്! അവന്റെ മണവാട്ടിയെ ദൂഷണം പറയുന്നതും പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്നതും സൂക്ഷിക്കണം! വിവേകികളായ പണ്ടത്തെ നല്ല കുടുംബ നാഥന്മാരായ കാരണവന്‍മാര്‍ ഇതൊക്കെ മക്കളെ പഠിപ്പിച്ചിരുന്നു.

7. "ആരും വിമര്‍ശനത്തിന്‌ അതീതരല്ല" എന്ന്‌ പലരും ആവര്‍ത്തിക്കുന്നതു കേട്ടിട്ടുണ്ട്. അഹന്ത എന്ന പാപം ഭംഗിയായി അവതരിപ്പിക്കുന്ന ഒരു വാചകമാണത്‌! "എല്ലാവരും എനിക്കു കീഴില്‍" എന്നാണതിന്റെ ധ്വനി. നമുക്കു വിമര്‍ശിക്കാന്‍ പാടില്ലാത്തവര്‍, അഥവാ "എന്റെ" വിമര്‍ശനത്തിന്‌ അതീതരായവരൊക്കയുണ്ട് ലോകത്തില്‍ എന്നോര്‍ക്കണം. തിരുസഭയേക്കാളും ജ്ഞാനവും മെത്രാന്‍ സംഘത്തേക്കാള്‍ ആധികാരികതയും അവകാശപ്പെടുന്നവരുണ്ട്! മറ്റൊന്നുകൂടിയുണ്ട്: "ആരും വിമര്‍ശനത്തിന്‌ അതീതരല്ല" എന്നവര്‍ത്തിക്കുന്ന ആരെങ്കിലും തന്നെ ആരെങ്കിലും വിമര്‍ശിക്കുന്നത് അനുവദിച്ചുകൊടുക്കുന്നതു കണ്ടിട്ടുണ്ടോ? വിമര്‍ശനങ്ങളില്‍ ഏറ്റവും അസഹിഷ്ണുത കാട്ടുന്നതും അവരായിരിക്കും.

8. ഉദ്ദേശ്യം എത്ര നല്ലതാണെങ്കിലും സോഷ്യല്‍ മീഡിയയിലുള്ള കുറ്റവിചാരണകളെ ഒരുവിധത്തിലും ന്യയീകരിക്കാനാവില്ല! "നാലുപേരറിഞ്ഞാലെങ്കിലും നന്നാവട്ടേ!", "ഇതൊക്കെ നേരിട്ടു പറഞ്ഞു മടുത്തു!" തുടങ്ങിയ മറുവാദങ്ങളൊന്നും ദൈവ സന്നിധിയില്‍ വിലപ്പോവില്ല! കാരണം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും closed group കളില്‍ ഉള്ളവരും എല്ലാം ഒരേ പക്വതയിലുള്ളവരല്ല എന്നോര്‍ക്കണം! അവരില്‍ കുട്ടികളുണ്ട്, ദുര്‍ബല മന്‍സ്കരുണ്ട്, വിശ്വസ ബോധ്യങ്ങളില്ലാത്തവരുണ്ട്, സഭ വിട്ടുപോകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുണ്ട്, ചില ദുരനുഭവങ്ങളാല്‍ സഭയില്‍ നിന്നകന്നു കഴിയുന്നവരുണ്ട്, സഭാ ശത്രുക്കളുമുണ്ട്!!!

അവരെയൊക്കെ ഈ വിമര്‍ശനങ്ങള്‍ എങ്ങനെയൊക്കെ ബാധിക്കും എന്നതിനേക്കുരിച്ച് എന്തു ധാരണയാണ്‌ നമുക്കുള്ളത്?? ഈ വിമര്‍ശനങ്ങള്‍ മൂലം ഒരാത്മാവെങ്കിലും നഷ്ടപ്പെടാന്‍ ഇടവന്നാല്‍ കര്‍ത്താവതു നിസ്സാരമായെടുക്കും എന്നു കരുതരുത്! "വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ചഹ്ന വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌."!! (മര്‍ക്കോ 9.42) എന്നുപറഞ്ഞത്‌ കർത്താവാണ്‌. !!!

കിണറ്റിന്‍ കരയിലും ചായക്കടയിലും 'ഒരുമിച്ചിരുന്നു കുറ്റം പറയുന്ന' വെറും 'പരദൂഷണ സംഘത്തെക്കാള്‍ പല കത്തോലിക്കാ ഗ്രൂപ്പുകളും അധപതിച്ചിട്ടുണ്ട്. പലരും തിരുസഭയെ സ്നേഹിക്കുന്നവരല്ല. തിരുസഭാ നിയമങ്ങളോ, സഭാ പിതാക്കന്മാരുടെ പഠനങ്ങളോ, സഭാ ചരിത്രമോ, സഭാ പ്രബോധനങ്ങളൊ ഒന്നും ആഴത്തില്‍ അറിയാതെ എന്തിനേക്കുറിച്ചും ആരും കേറി അഭിപ്രായം പറയുന്ന പരിതാപാവസ്ഥ! പലര്‍ക്കും പല അജണ്ടകള്‍. ചിലര്‍ക്കു liturgy യുടെ പേരില്‍ മറ്റുള്ളവരെ അവഹേളിക്കണം. ചിലര്‍ക്ക് അഭി. പിതാക്കന്മാരെ അനുസരണ പഠിപ്പിക്കണം, ചിലര്‍ക്ക് സ്വയമൊരു ദൈവശാസ്ത്രജ്ഞന്റെ പരിവേഷം ഉണ്ടാക്കിയെടുക്കണം... ഈ മുഴുനേര ഓണ്‍ലൈന്‍ വിമര്‍ശ്ശകരെ "വിമര്‍ശന തൊഴിലാളികള്‍" എന്നാരെങ്കിലും വിളിച്ചുകൂടായ്കയില്ല.

ചരിത്രത്തില്‍ വന്നു കടന്നു പോയ പല പാഷണ്ഡതകളും പലരുടെയും എഴുത്തുകളില്‍ പ്രതിഫലിക്കുന്നതു കാണാം. പഠനം കൂടാതെ വായില്‍ വരുന്നത് എഴുതി വിടുന്നതിന്റെ കുഴപ്പമാണ്‌. യൂറോപ്പിനെ നശിപ്പിച്ച റിഫോര്‍മേഷന്‍- ലൂഥറന്‍ ആശയങ്ങള്‍ പുത്തന്‍ ദര്‍ശനങ്ങളായി എഴുതിവിടുന്നവരുണ്ട്. രാജകീയ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യത്തെയും ഒന്നായി കാണാനുള്ള പ്രവണത, അന്റി ക്ലെറിക്കലിസം, സെക്കുലര്‍ അഡ്മിനിസ്റ്റ്രേഷന്‍ വാദം... ഇവയൊക്കെ ഇക്കൂട്ടത്തില്‍ പെടും. ചിലര്‍ കറ കളഞ്ഞ ലിബറേഷന്‍ തിയോളജിയുടെ വക്താക്കളാണ്‌. ഇതൊക്കെ തിരുസഭയെ ഓരോ കാലത്ത് എങ്ങനെയൊക്കെ തകര്‍ത്തുവെന്ന് അറിയാഞ്ഞിട്ടാണോ അതോ ബോധപൂര്‍വ്വം അതിനിറങ്ങിത്തിരിച്ചിരിക്കുകയാണോ ആവോ!

9. വിഭാഗീയതയാണ്‌ അപകടകരമായ മറ്റൊന്ന്!. "പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമാണ്‌ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് വി. യൂദാസ് (യൂദാ 1. 19) പഠിപ്പിക്കുന്നു. പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നവരെ നിരാകരിക്കണമന്ന് വി. പൗലോസ് (റോമ 16.17) ഓര്‍മ്മിപ്പിക്കുന്നു. ചിലര്‍ക്ക് റീത്ത് വിരോധം, ചിലര്‍ക്ക് പ്രാദേശിക വാദം. ചിലര്‍ക്ക് കരിസ്മാറ്റിക് വിരോധം...!! എല്ലാം തിരുസഭയുടേതാണെന്ന് ചിന്തിക്കാത്തവര്‍ തിരുസഭയെ പടുത്തുയര്‍ത്തുന്നില്ല! എല്ലാ റീത്തും തിരുസഭയുടേതാണ്‌.

ലിറ്റര്‍ജി യുടെ വൈവിധ്യവും പ്രാദേശിക വൈവിധ്യങ്ങളും ഒക്കെ തിരുസഭയുടെ മനോഹാരിത തന്നെയാണ്‌. കരിസ്മാറ്റിക് മാത്രമല്ല സഭാ ചരിത്രത്തില്‍ വളര്‍ന്ന എല്ലാ ആധ്യാത്മിക-പ്രാര്‍ത്ഥനാ രീതികളും ദൈവാത്മാവിന്റെ ദാനമാണ്‌. അവയെ വളര്‍ത്തുന്നത് പരിശുദ്ധാത്മാവാണ്‌!! നാമതിനെ ആദരിച്ചേ മതിയാവൂ. അല്ലാത്തവ കത്തോലികമല്ല! എനിക്കിഷ്ടമില്ലാത്തതിനെ എല്ലാം അവഹേളിക്കുന്നത് നന്മയല്ല.

10. വിമർശ്ശനം മാത്രം നടത്തുന്ന ആളുകളുണ്ട്‌. ചിലരുടെ വാക്കുകളിൽ ശക്തമായ വെറുപ്പ്‌ പ്രകടമാണ്‌. അതു വൈദികരോടൊ സംവിധാനങ്ങളോടോ ആകാം. തിരുസഭാ ശുശ്രൂഷകരിൽ നിന്നോ സഭാ സംവിധാനങ്ങളിൽ നിന്നോ പല കാരണങ്ങളാൽ മുറിവേറ്റതിന്റെ ലക്ഷണമാണിത്‌. ഏറെ വേദനാജനകമായ കാര്യമാണിത്‌ . പക്ഷേ, ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ കാര്യം പറഞ്ഞതുപോലെ ഒരു ദുരനുഭവത്തിൽ നിന്നും എല്ലായിടത്തും തിന്മയാണെന്ന പൊതു നിഗമനത്തിലേക്ക്‌ ഒരാൾ എത്താനിടയുണ്ട്‌. എന്തിരുന്നാലും മുറിവേറ്റവർ ശുശ്രൂഷിക്കപ്പെടേണ്ടതുണ്ട്‌. ഒപ്പം അവർ സൗഖ്യം പ്രാപിക്കാൻ ശ്രമിക്കുകയും വേണം. അല്ലെങ്കിൽ അവർ അനേകരെ മുറിപ്പെടുത്തുകയേയുള്ളൂ.

11. മാതാപിതാക്കളിൽ നിന്നും ചെറുപ്പകാലത്ത്‌ തീവ്രമായ ദുരനുഭവങ്ങളുണ്ടായിട്ടുള്ളവർ പിൽക്കാലത്ത്‌ വലിയ സഭാ വിരോധികളായി മാറാറുണ്ട്‌. ഇതൊരു ഫ്രോയിഡിയൻ തിയറിയാണ്‌. ഹിറ്റ്ലറും ലൂഥറും ഒക്കെ ഉദാഹരണങ്ങൾ. ബാല്യത്തിൽ അപ്പനോടുണ്ടായിരുന്ന പ്രകടിപ്പിക്കാൻ കഴിയാത്ത പകയും ദേഷ്യവും പിന്നീട്‌ കാലാന്തരത്തിൽ പിതൃ ഭാവത്തിലുള്ള സകലതിനോടുമുള്ള പകയായി പരിണമിക്കുന്നു. അത്‌ വൈദികരാകാം, മേലധികാരികളാകാം, തിരുസഭ തന്നെയുമാകാം. എളിമയോടെ ദൈവ സന്നിധിയിൽ ആത്മശോധന ചെയ്യേണ്ട വിഷയമാണിത്‌.

തിരുസഭയെ വിമര്‍ശ്ശിക്കുന്നവരൊക്കെ സഭാ ശത്രുക്കളല്ലന്ന് നന്നായി അറിയാവുന്നതു കൊണ്ടാണ്‌ ഇത്രയും എഴുതിയതു തന്നെ. തിരുസഭയെ വിശുദ്ധീകരിക്കാനുള്ള പരിശ്രമത്തിനും പരാക്രമത്തിനുമിടയില്‍ വന്നുഭവിക്കാവുന്ന കൂടുതല്‍ മാരകമായ വിപത്തുകളെക്കുറിച്ച് നാം ഉത്കണ്ഠപ്പെടുക തന്നെ വേണം! കള പറിക്കാന്‍ വെമ്പല്‍കൊണ്ട ശിഷ്യന്മാരോട് ഈശോ ഇങ്ങനെ പറഞ്ഞു: "ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും" (മത്തായി 13:28-29).

കള പറിക്കുന്നതിനേക്കാള്‍ വിളകള്‍ വളര്‍ത്താന്‍ നമുക്കു പരിശ്രമിക്കാം. അതാണ്‌ ദൈവീകം. കള പറിക്കാനുള്ള ശ്രമത്തിനിടെ അനേകര്‍ അധ്വാനിച്ച വിളകള്‍ നഷ്ടപ്പെടാതിരിക്കട്ടെ! ഫെയ്സ് ബുക്കില്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ 'സദുദ്ദേശ്യത്തൊടെ' ഓരോരുത്തരും ഓരോ കുറ്റങ്ങളോ ദുരനുഭവങ്ങളൊ ആകും പങ്കുവക്കുന്നത്. പക്ഷേ അതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുന്ന ഒരാള്‍ക്കുണ്ടാവുന്ന ധാരണ എന്തായിരിക്കും? തിരുസഭ തിന്മയുടെ കൂമ്പാരമാണെന്നല്ലേ!

ഇതെല്ലാം വായിച്ച് ഞാനൊരു വൈദികനാകാനില്ല എന്നു തീരുമാനിച്ച, ദൈവവിളി ഉപേക്ഷിച്ച കുട്ടികളെ എനിക്കറിയാം. കുട്ടികളെ സന്യാസത്തിനയക്കില്ല എന്നു തീരുമാനിച്ച കാര്‍ന്നൊന്മാരെയും അറിയാം! ഇതിനൊക്കെ ദൈവ തിരുമുന്‍പില്‍ കണക്കു കൊടുക്കേണ്ടി വരില്ലന്നാണോ? വി. ഗ്രന്ഥം അവതരിപ്പിക്കുന്ന കാനാനെയും ഷേമിനെയും യാഫെത്തിനെയും ഓർക്കുന്നത്‌ ഉചിതമാണ്‌. അത്‌ നമുക്കൊരു പാഠമാണ്‌.

കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്‌നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതന്റെ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്‌തു. ഷേമുംയാഫെത്തും ഒരു തുണിയെടുത്ത്‌ തങ്ങളുടെ തോളിലിട്ട്‌, പുറകോട്ടു നടന്നുചെന്ന്‌ പിതാവിന്റെ നഗ്‌നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട്‌ പിതാവിന്റെ നഗ്‌നത കണ്ടില്ല. ലഹരി വിട്ടുണര്‍ന്ന നോഹ തന്റെ ഇളയ മകന്‍ ചെയ്‌തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യ വേല ചെയ്യുന്നവനായിത്തീരും. അവന്‍ തുടര്‍ന്നു പറഞ്ഞു:ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. യാഫെത്തിനെ ദൈവം പുഷ്‌ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും (ഉല്‍പത്തി 9:22-27).

പ്രിയ കുഞ്ഞുങ്ങളേ, യുവജനങ്ങളെ, തിരുസഭയെ സ്നേഹിക്കുന്നവരെ,

തിരുസഭക്ക്‌ തീർച്ചയായും കുറവുകളൊക്കെയുണ്ട്‌ ഈ ഭൂമിയിൽ. മുറിവുകളുള്ള, മുറിവേറ്റ, നഗ്നമാക്കപ്പെട്ടവന്റെ ശരീരമാണത്‌. ആ മുറിവുകളും കുറവുകളും വീണ്ടും നഗ്നമാക്കി ആഘോഷിക്കാനുള്ളതല്ല!! നമ്മുടെ ത്യാഗത്താലും പ്രാർത്ഥനയാലും വിശുദ്ധ ജീവിതത്താലും സുഖപ്പെടുത്താനുള്ളവയാണ്‌. അവശ്യ സന്ദർഭങ്ങളിൽ അറിയിക്കേണ്ടവരെ സ്നേഹത്തോടെ, ആദരവോടെ അറിയിക്കാൻ നമുക്കു കടമയുമുണ്ട്‌. അതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ. ഓരോ ദിവസവും പലതവണ പാപത്തിൽ വീഴുന്ന സ്വന്തം ബലഹീനതയുടെ ഓർമ്മ എളിമയോടെ അതു ചെയ്യാൻ നമ്മെ സഹായിക്കും. എങ്കിൽ പോലും യുഗാന്ത്യത്തിൽ വിരുന്നിനിരിക്കുംവരെ അതൊക്കെ ആശരീരത്തിന്റെ ഭാഗം തന്നെയാണ്‌.

മിശിഹായുടെ ശരീരമായ തിരുസഭയെ തീക്ഷണതയോടെ സ്നേഹിക്കാൻ, ആദരവോടെ സമീപിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

#repost

More Archives >>

Page 1 of 2