Videos

സാബത്ത്, നവംബർ 15 : വചന സന്ദേശം

ബ്രദർ കെ. തോമസ്‌ പോള്‍ 14-11-2015 - Saturday

Reading 1 കൂടാരമുകളില്‍ മേഘം (സംഖ്യ 9:15-18)

സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതല്‍ പ്രഭാതം വരെ അതു കൂടാരത്തിനു മുകളില്‍ നിന്നു. നിരന്തരമായി അത് അങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ ഇസ്രായേല്‍ ജനം യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഇസ്രായേല്‍ ജനം യാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പനപോലെ അവര്‍ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളില്‍ നിശ്ചലമായി നില്‍ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി.

Reading 2 പുതിയ ജറുസലെം (ഏശ 54:1-15)

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം. നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക. നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.

ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല. നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.

കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.

പീഡിപ്പിക്കപ്പെട്ടവളും മനസ്‌സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്‌നംകൊണ്ടും നിര്‍മിക്കും. കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും. നീതിയില്‍ നീ സുസ്ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല. ആരെങ്കിലും അക്രമം ഇളക്കിവിട്ടാല്‍ അതു ഞാന്‍ ആയിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപ തിക്കും.

Reading 3 ബലി, പഴയതും പുതിയതും (ഹെബ്ര 9:5-15)

പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല. ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്.

നവീകരണകാലം വരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പല വിധ ക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ. എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്.

കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു.

Gospel യേശു ദേവാലയം ശുദ്ധീകരിക്കുന്നു (യോഹ 2:13-22)

(മത്തായി 21:12-13), (മര്‍ക്കോസ് 11:15-17), (ലൂക്കാ 19: 45- 46)

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.

അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടുചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്‌സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ?

എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.

More Archives >>

Page 1 of 1