Social Media - 2024
സഭ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയൊന്നുമല്ല
ശാന്തിമോന്‍ ജേക്കബ് 12-12-2017 - Tuesday
സ്വാശ്രയം വന്നാലും നേഴ്‌സുമാരുടെ വേതനപ്രശ്‌നം വന്നാലും ലൈംഗികപീഡനം നടന്നാലും ആര്‍ക്കും വന്ന് കൊട്ടാവുന്ന ചെണ്ടയാണ് കേരളത്തിലെ കത്തോലിക്കാസഭ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇപ്പോള്‍ അക്കാര്യത്തില്‍ ഒന്നു കൂടി തീരുമാനമായി. ഓഖി വന്നപ്പോഴും സഭയുടെ നേരെയാണ് ആക്രോശങ്ങളും കുറ്റപ്പെടുത്തലുകളും. മെത്രാന്മാരുടെ കൊള്ളരുതായ്മകളും വൈദികരുടെ അഴിമതികളും കന്യാസ്ത്രീമാരുടെ അവിഹിതങ്ങളും എല്ലാം കൂട്ടിക്കുഴച്ചുകൊണ്ടുള്ള നിര്‍ദ്ദയവും നിരുത്തരവാദിത്തപരവും നീതിരഹിതവുമായ വിമര്‍ശനങ്ങള്‍ക്ക് മേലുള്ള മറ്റൊരു കൈയൊപ്പുകൂടിയായി കടല്‍ക്ഷോഭത്തില്‍ പെട്ട കടലോര ജനതയ്ക്ക് വേണ്ടി കേരളത്തിലെ സഭ എന്തു ചെയ്തു എന്ന മട്ടിലുള്ള മാധ്യമവിചാരണകളും സോഷ്യല്‍ മീഡിയായിലെ സംഘടിതമായ പക്ഷം ചേരലുകളും.
സഭ അവിടെ എന്തു ചെയ്തു, എന്തു ചെയ്യുന്നു എന്ന് കേവലമായി്ട്ടുപോലും അന്വേഷിക്കാതെയാണ് ഈ മാധ്യമവിചാരണയെന്നതാണ് ഖേദകരം. ക്രിസ്തു പറഞ്ഞതുപോലെ വന്നുകാണുക എന്നതാണ് അതിനുള്ള മറുപടി. ചങ്ങനാശ്ശേരി അതിരൂപതയില്‍ പെട്ട തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ഇടവകയിലെ ഒരു വൈദികന്‍റെ ഒരു സന്ദേശം ഇന്ന് വാട്ട്‌സാപ്പിലൂടെ കേള്‍ക്കുകയുണ്ടായി. സഭ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെക്കുറിച്ച അദ്ദേഹം പങ്കുവച്ചതുകേട്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി എന്നതാണ് സത്യം. മതമോ ജാതിയോ നോക്കാതെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് പറയുന്ന അച്ചന്‍, ക്യാമ്പിലേക്ക് വരൂ.. അവിടെയുള്ളവരുടെ കണ്ണീര് കാണൂ എന്നാണ് ആഹ്വാനം ചെയ്യുന്നത്. അതെ, വരിക, അവിടെയായിരിക്കുക.അതാണ് മുഖ്യം.
ഇത് കൂടാതെ പരിചയത്തിലുള്ള ചില കന്യാസ്ത്രീ സുഹൃത്തുക്കള്‍ പങ്കുവച്ച കാര്യവും ഹൃദയസ്പര്‍ശിയായി തോന്നി.
പഞ്ചായത്ത് അധികാരികള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ കലങ്ങിനില്ക്കുമ്പോള്‍ സഹായിക്കാനും പ്രവര്‍ത്തിക്കാനും മുമ്പില്‍ നില്ക്കുന്നത് ചിലരൊക്കെ നിന്ദിക്കുന്ന ഈ കന്യാസ്ത്രീയമ്മമാരും വൈദികരുമൊക്കെയാണ്.. ഫേസ്ബുക്കിലെ ഒരു വാക്ക് കടമെടുത്ത് പറഞ്ഞാല്‍ ഈ ദുരന്തം നടന്നപ്പോള്‍ ആളുകള്‍ ആദ്യം ഓടിച്ചെന്നത് സെക്രട്ടറിയേറ്റിലേക്കോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വീട്ടുമുറ്റത്തേക്കോ ആയിരുന്നില്ല. മറിച്ച് പള്ളിയിലേക്കും സഭാധികാരികള്‍ക്കും മുമ്പിലേക്കായിരുന്നു.
തങ്ങള്‍ക്ക് നീതി കിട്ടുമെന്നും തങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നവരുടെ ഇടയിലേക്കാണല്ലോ ഏതൊരാളും കരം നീട്ടിചെല്ലുന്നത്. ആ കരം പിടിക്കാന്‍ ഇവിടെ സഭയുണ്ടായിരുന്നു. റീത്തിന്റെയോ ഇടവകയുടെയോ മതത്തിന്റെയോ മുഖം നോക്കിയായിരുന്നില്ല സഭയുടെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യന്റെ കണ്ണീരിന് എന്നും എവിടെയും ഉപ്പുരസമാണ് ഉള്ളതെന്ന് മനസ്സിലാക്കാനുള്ള വിവേകം നമ്മുടെ സഭാധികാരികള്‍ക്കുണ്ടായിരുന്നു.
ചില മാധ്യമങ്ങള്‍ വിധിയെഴുതിയതു പോലെ ലത്തീന്‍ സഭാംഗങ്ങള്‍ക്ക് മാത്രം സംഭവിച്ച നഷ്ടമായിട്ടല്ല ഈ ദുരന്തത്തെ കേരളസഭ കണ്ടത്.കെസിബിസി സമ്മേളനത്തില്‍ സഭാധ്യക്ഷന്മാര്‍ വല്ലാര്‍പാടം ബസിലിക്കയില്‍ ഒരുമിച്ചു ചേര്‍ന്ന് കടലോര ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത് റീത്ത് നോക്കിയായിരുന്നില്ല. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് കേരളകത്തോലിക്കാസഭയും ഭാരതകത്തോലിക്കാസഭയും ദുരിതബാധിതരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതും പ്രത്യേക ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വരുമാനമെങ്കിലും സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതും റീത്ത് നോക്കിയല്ല. ഈ ആഹ്വാനം തീരെ ചെറുതുമല്ല. മാനുഷികതയും സഹാനുഭൂതിയും കരുണയും മാത്രമായിരുന്നു അതിനെല്ലാം പ്രചോദകം.
കേരളത്തില്‍ വിവിധ ഡിനോമിനേഷനുകളിലായി ആറായിരത്തോളം ഇടവക ദേവാലയങ്ങളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ ഇടവകകളില്‍ ഓരോന്നില്‍ നിന്നും നമുക്ക് സമാഹരിക്കാന്‍ കഴിയുന്നത് വലിയൊരു തുകയാണ്. ഇത്രയും സംഘടിതമായ രീതിയില്‍ ധനസമാഹരണം നടത്താനും അത് മറ്റൊരിടത്തും ചോരാതെ അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിക്കാനും കഴിയുന്നതും സഭയ്ക്ക് മാത്രമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരങ്ങളെല്ലാം എന്ന് കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഉറപ്പില്ലാതിരിക്കെ വ്യക്തമായ രീതിയില്‍ സഭ ശേഖരിക്കുന്ന ഈ തുക എത്രയോ പേരുടെ കണ്ണീരൊപ്പാന്‍ സഹായകമായിത്തീരും എന്ന് ആര്‍ക്കാണ് അറിയാത്തത്?
കടലില്‍ പോയവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന് പോലും തെറ്റുമ്പോള്‍ ഓരോ ആളെയും അയാളുടെ കുടുംബത്തെയും എത്ര കൃത്യമായിട്ടാണ് സഭയുടെ കണക്കുപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്!. അങ്ങനെയൊരു സംവിധാനം ഇല്ലായിരുന്നുവെങ്കില്‍ ഇന്നും നാം സര്‍ക്കാര്‍ പറയുന്ന കണക്കില്‍ മാത്രം വിശ്വസിച്ച് കാര്യം കടത്തിവിട്ടേനേ..പുറങ്കടലില്‍ അനാഥമായിപോയ ആ ജീവിതങ്ങളെയൊന്നും രേഖപ്പെടുത്താന്‍ ഒരു ചരിത്രകാരനും വരികയുമില്ലായിരുന്നു. ഇങ്ങനെ സഭയുടെ നന്മയുടെ വിവിധ മുഖങ്ങളെ മനപ്പൂര്‍വ്വം കരിവാരിത്തേച്ചുകൊണ്ടാണ് ചില അല്പജഞാനികള്‍ ശബ്ദം മുഴക്കിക്കൊണ്ടിരിക്കുന്നത്.
ഏതാനും ചില്ലറത്തുട്ടുകള്‍ ചാരിറ്റിയെന്ന് പറഞ്ഞ് വലിച്ചുനീട്ടിയിട്ട് താനും കടലോര ജനതയുടെ ജീവിത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എന്ന് പറഞ്ഞ് മാറിനില്ക്കുന്ന ഞാനടക്കമുള്ള ഭൂരിപക്ഷം പോലെയല്ല, ആ ജനതയ്ക്ക് വേണ്ടി ആ ദുരന്തം നടന്ന നാള്‍ മുതല്‍ ഇതുവരേയ്ക്കുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കണ്ണീരൊപ്പുകയും ചെയ്യുന്ന നമ്മുടെ സഭയിലെ വൈദികരും പിതാക്കന്മാരും കന്യാസ്ത്രീമാരും അടങ്ങുന്നവരുടെ കാര്യം. അവര്‍ എപ്പോഴും അവരുടെ കൂടെയുണ്ട്.
ചില വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന കുറിപ്പുകളനുസരിച്ച് ഭരണാധികാരികള്‍ പോലും നിഷ്‌ക്രിയരായി നില്ക്കുമ്പോള്‍ ആ പാവം പിടിച്ച മനുഷ്യരുടെ ഒപ്പം നില്ക്കാനും കണ്ണീരൊപ്പാനും, മാളികമുകളിലിരുന്ന് നിങ്ങള്‍ കല്ലെറിയുന്ന ഈ പാവത്തുങ്ങളേയുള്ളൂ. അത് കാണാതെ പോകരുത്.
മറ്റുള്ളവരെ എന്തും പറയാന്‍ ലൈസന്‍സ് കിട്ടിയവരെന്ന മട്ടില്‍ വിമര്‍ശിക്കുന്ന നിങ്ങള്‍ ആ പാവം ജനതയ്ക്ക് വേണ്ടി എന്തു ചെയ്തു എന്നു കൂടി ചിന്തിക്കുന്നതും നല്ലതായിരിക്കും. പൊതുദുരന്തങ്ങളെ പോലും ജാതിയും മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെ പേരില്‍ വര്‍ഗ്ഗീകരിക്കുന്നത് എത്രയോ ചെറിയ, ദുഷിച്ച മനസ്സുകളാണ് .നിങ്ങള്‍ക്കാകാത്തത് പ്രവര്‍ത്തിക്കുന്നവരെ കല്ലെറിഞ്ഞ്, മനസ്സ് മടുപ്പിച്ച്, പിന്തിരിപ്പിക്കാനല്ലാതെ തങ്ങളാലാവുന്ന വിധം നല്ലവാക്കുകള്‍ പറയാനെങ്കിലും മാധ്യമധര്‍മ്മം നിര്‍വഹിക്കണം. അത് മറ്റ് മാധ്യമപ്രവര്‍ത്തകരോട് കാണിക്കുന്ന മിനിമം മര്യാദയാണ്.
മീന്‍ നാറുന്ന മനുഷ്യരെന്നാണ് കേരളത്തിലെ കടലോര ജനതയെ ഒരു മാധ്യമസുഹൃത്ത് വിശേഷിപ്പിച്ചത്. അതുകൊണ്ടാണത്ര സഭാധികാരികള്‍ അവരെ വലിയവരായി പരിഗണിക്കാത്തതുപോലും.! സുഹൃത്തേ ആ മീന്‍ നാറ്റമുള്ളതാണ് ആഗോള കത്തോലിക്കാസഭ. അത് അപമാനമായിട്ടല്ല അഭിമാനമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കാരണം മീന്‍ പിടിച്ചു നടന്നിരുന്ന ഒരാളെയാണ് കര്‍ത്താവീശോമിശിഹാ പിടിച്ച് മനുഷ്യരെ പിടിക്കുന്നവനാക്കിയതും ആ പാറയില്‍ തന്റെ സഭയാകുന്ന പള്ളി പണിതതും. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ കത്തോലിക്കാസഭ.
സഭയെന്നും പാവങ്ങളോടും പീഡിതരോടും പക്ഷം ചേര്‍ന്നാണ് നടക്കുന്നത്. എവിടെയെങ്കിലും ചില അപഭ്രംശങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്നുമില്ല. പക്ഷേ ഏതെങ്കിലും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ നന്മയെയും തമസ്‌ക്കരിക്കുന്നത് പൊറുക്കാനാവില്ല.
സഭയുടെ എല്ലാ നന്മകളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും സഭയുടെ പേരില്‍ അധികാരികള്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളോടും നയപരിപാടികളോടും അന്ധമായ വിധേയത്വം ഉള്ളവരുമല്ല ഞങ്ങള്‍. ജനാധിപത്യം നിലനില്ക്കുന്ന ഒരു ഭരണസംവിധാനം സഭയില്‍ നിലനില്ക്കുന്നുമുണ്ട്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരുമല്ല. സഭയുടെ പ്രവര്‍ത്തനങ്ങളിലുളള വിയോജിപ്പുകളോട് ആരോഗ്യപരമായി വിമര്‍ശിക്കാന്‍ ഇവിടെ സഭാംഗങ്ങളായ ഞങ്ങളുണ്ട്. പുറമെ നിന്നുള്ളവരല്ലല്ലോ സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.? ഓരോരുത്തരും സ്വന്തം വീട്ടുമുറ്റം വൃത്തിയാക്കുമ്പോള്‍ ലോകം മുഴുവന്‍ വൃത്തിയാകും എന്നതാണ് ഞങ്ങളുടെ വിശ്വാസം.
സ്വന്തം വീട്ടുകാര്യങ്ങളെ തിരുത്താതെ അന്യന്റെ വീട്ടുകാര്യങ്ങളിലേക്ക് നോക്കി തിരുത്തല്‍ ശക്തികളാകാന്‍ ഇവിടെ നിങ്ങളിലാര്‍ക്ക് ആരാണ് അധികാരം നല്കിയിരിക്കുന്നത്? ഇനി മറ്റൊരു ചോദ്യം കൂടി.. കത്തോലിക്കാസഭയെയും അധികാരികളെയും നിര്‍ദ്ദയമായി വിമര്‍ശിക്കാന്‍ കാണിക്കുന്ന ധൈര്യം നിങ്ങള്‍ മറ്റേതെങ്കിലും മതങ്ങളെയോ അധികാരികളെയോ വിമര്‍ശിക്കാന്‍ കാണിക്കുമോ? ഇല്ല. എന്തുകൊണ്ടാണത്? അതിനൊന്നേ മറുപടിയുള്ളൂ. ഭയം..
ക്രൈസ്തവരെ എന്തു പറഞ്ഞാലും അത് ദേഹത്ത് കൊള്ളുന്ന പ്രതികരണമായി മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്. അതുകൊണ്ട് ആവര്‍ത്തിക്കട്ടെ, "സഭ ആര്‍ക്കും വന്നു കൊട്ടാവുന്ന ചെണ്ടയല്ല".
കടല്‍ക്ഷോഭം മൂലം ദുരിതത്തിലായ, ഇനിയും തിരിച്ചുവരാത്തവരെ നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരെ കരം പിടിച്ചും നെഞ്ചോടു ചേര്‍ത്തും ആശ്വസിപ്പിക്കാന്‍ സന്നദ്ധരായിരിക്കുന്ന പ്രിയപ്പെട്ട സഭാംഗങ്ങളേ നിങ്ങളുടെ പുണ്യപ്പെട്ട ആ കരങ്ങളെ ഈ വിദൂരതയില്‍ നിന്ന് സ്‌നേഹപൂര്‍വ്വം ഒന്ന് ചുംബിച്ചുകൊള്ളട്ടെ.. എത്രയോ മഹത്തായ സല്‍ക്കര്‍മ്മങ്ങളാണ് നിങ്ങള്‍ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കും നിന്ദനങ്ങള്‍ക്കും നിങ്ങളിലെ സുവിശേഷാഗ്നി കെടുത്തുവാന്‍ കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്. കാരണം ഒരു കാറ്റിനും കെടുത്താത്ത ആ വിളക്ക് ദൈവമാണല്ലോ നിങ്ങളുടെ ഉള്ളില്‍ കൊളുത്തിയിരിക്കുന്നത്..
നിന്ദനങ്ങളും വിമര്‍ശനങ്ങളും കേട്ട് നിങ്ങള്‍ നിരാശരാകരുത്. മാങ്ങയുള്ള മാവിനേ ആളുകള്‍ കല്ലെറിയൂ..അത് മറക്കരുത്. നിങ്ങള്‍ ഫലം ചൂടി നില്ക്കുന്ന വൃക്ഷങ്ങളാണ്. വെയില്‍ കൊണ്ടും മഴയേറ്റും തണലും താങ്ങുമാകുന്നവര്‍.. നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍...
(പ്രമുഖ മാധ്യമപ്രവർത്തകനും, ഹൃദയവയൽ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ് ലേഖകൻ)