India
ബോണ്‍ നത്താലെ കാരുണ്യത്തിന്റെ ആഘോഷമായി
സ്വന്തം ലേഖകന്‍ 28-12-2017 - Thursday
തൃശ്ശൂര്‍: ജാതിഭേദമില്ലാതെ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കികൊണ്ട് കാരുണ്യത്തിന്റെ ആഘോഷമായി ഇത്തവണ ബോണ്‍ നത്താലെ. ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള ജീവകാരുണ്യ സഹായവും മാര്‍ റാഫേല്‍ തട്ടില്‍ പ്രഥമ മെത്രാനായി സ്ഥാപിതമാകുന്ന ഷംഷാബാദ് രൂപതയ്ക്കുള്ള നിധിയും കൈമാറിക്കൊണ്ടാണ് ആഘോഷം ഒരുക്കിയത്. എല്ലാ ഇടവകകളിലും ജാതിഭേദമില്ലാതെ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കി.
തൃശ്ശൂര്‍ പൗരാവലിയുടേയും തൃശ്ശൂര്‍ അതിരൂപതയുടേയും നേതൃത്വത്തിലായിരിന്നു ബോണ്‍ നത്താലെ ഘോഷയാത്ര. സാന്താക്ലോസ് വേഷമണിഞ്ഞ അയ്യായിരത്തോളം പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഫ്‌ളാഷ്‌മോബ് നൃത്തവും തൃശൂര്‍ മെട്രോ അടക്കമുള്ള മനോഹര ഫ്‌ളോട്ടുകളും പ്രദക്ഷിണ വഴിയില്‍ വിസ്മയക്കാഴ്ചകളൊരുക്കി. പ്രപഞ്ചസൃഷ്ടി, ഇസഹാക്കിന്റെ ബലി, ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ടുള്ള രഥം, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന മാതാവും ഉണ്ണിയും, ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന പൂജരാജാക്കന്മാര്‍, പത്ത് കല്‍പ്പനകള്‍, മംഗളവാര്‍ത്ത, മാലാഖവൃന്ദം തുടങ്ങിയവ ഘോഷയാത്രയുടെ മുഖ്യ ആകര്‍ഷണമായി.
തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വരാജ് റൗണ്ട് ചുറ്റി യശേഷം നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായി. മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ പ്രാവുകളെ പറത്തി. ബോണ്‍ നത്താലെയുടെ ഭാഗമായി തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ ആരംഭിച്ച പ്രദര്‍ശനം ജനുവരി 15 നു സമാപിക്കും.