Social Media
ബോണക്കാട് കുരിശ് മല: നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക്
കാത്തലിക് വോക്സ് 06-01-2018 - Saturday
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ സമുദ്ര നിരപ്പിൽ നിന്നും 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലമാണ് ബോണക്കാട് കുരിശുമല. വനഭൂമിയിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുമ്പുതന്നെ ആരംഭിച്ച ബോണക്കാട് തേയില തോട്ടവും ഈ തേയില തോട്ടത്തിലെ തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി സ്ഥാപിതമായ ദൈവാലയവും ഇവിടെ ഉണ്ട്. എസ്റ്റേറ്റ് വക ഭൂമിയിൽ നിന്നും നൽകിയ 90 സെന്റ് വസ്‌തുവിലാണ് ബോണക്കാട് അമലോത്ഭവ മാതാ ദൈവാലയം സ്ഥിതി ചെയ്യുന്നത്. തോട്ടം ആരംഭിച്ച നാൾ മുതൽ ആരാധനയ്‌ക്കുളള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും അവിടെ സേവനമനുഷ്‌ഠിച്ചിരുന്ന ഭാഗ്യസ്‌മരണാർഹനായ മോൺസിഞ്ഞോർ മാനുവൽ അനുപുടയാൻ 1938-ൽ ദൈവാലയത്തിന്റെ പണി ആരംഭിക്കുകയും 1940-ൽ പൂർത്തിയാക്കുകും ചെയ്‌തു. 1942 മുതൽ 1953 വരെ പുണ്യസ്‌മരണാർഹനായ അഭിവന്ദ്യ പീറ്റർ ബെർണാഡ് പെരേര തിരുമേനിയും തുടർന്ന് 1965 വരെ റവ.ഫാ. ടെലസ്‌ഫോർ ഗോമസും അവിടുത്തെ വികാരിമാരായിരുന്നു.
1957-ൽ അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ടെലസ്‌ഫോർ ഗോമസ് വിശ്വാസികൾക്ക് കാൽവരി അനുഭവം പകർന്നു നൽകുന്നതിലേക്ക് ആ പ്രദേശത്തെ ഏറ്റവും ഉയർന്ന മലയായ കറിച്ചട്ടിമലയുടെ നെറുകയിൽ ഒരു കുരിശ് സ്ഥാപിക്കുകയുണ്ടായി. ബോണക്കാട് ഉപദേശിയായിരുന്ന ശ്രീ. രാജമണിയും ഒരു കൂട്ടം വിശ്വാസികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും വിതുര ദൈവാലയത്തിലുണ്ടായിരുന്ന കുരിശാണ് അവിടെ കൊണ്ടുപോയി പ്രതിഷ്‌ഠിച്ചതെന്നും വിതുര ദൈവാലയത്തിലെ മുൻ ഉപദേശി ശ്രീ. ജോസഫ് ജോൺ സാക്ഷ്യപ്പെടുത്തുന്നു. ശ്രീ. ജോസഫ് ജോണ്‍ ഉപദേശി ഈ ഓർമ്മകളുമായി ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.
ജീവിതത്തിലെ പ്രശ്‌നങ്ങൾക്കും യാതനകൾക്കും രോഗങ്ങൾക്കും പരിഹാരമാണ് മലകയറ്റമെന്ന് വിശ്വസിച്ചവർ അവിടെ എത്തി പ്രാർത്ഥിക്കുവാനും ആശ്വാസം കണ്ടെത്തുവാനും തുടങ്ങി. ഇവിടെ കുരിശ് സ്ഥാപിച്ചതിനുശേഷം പ്രകൃതി
ദുരന്തമോ, വന്യജീവികളുടെ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് പഴമക്കാർ വിശ്വസിക്കുന്നു. 1964-ൽ ഉണ്ടായ ഉരുള്‍ പൊട്ടലിൽ ഈ മല ഒഴികെ സമീപ പ്രദേശങ്ങളെല്ലാം ഒലിച്ചുപോയത് വിശ്വാസത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ഈ മലയിൽ നിന്നും പുറപ്പെടുന്ന ഒരിക്കലും വറ്റാത്ത നീരുറവ അത്ഭുത രോഗ സൗഖ്യം നല്‍കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ വിശ്വാസികൾ കൂടുതലായി ഈ മലയിൽ വരാൻ തുടങ്ങി. 1987 മുതൽ തപസ്സുകാലങ്ങളിൽ വിശിഷ്യാ വിശുദ്ധവാരത്തിൽ വിതുരയ്‌ക്ക് പുറത്തു നിന്നും വിശ്വാസികൾ ഇവിടെ വന്നുതുടങ്ങി. അവർ കൂട്ടത്തോടെ ഈ മലയിലെത്തി പ്രാർത്ഥിച്ച് മടങ്ങുമായിരുന്നു. ധാരാളം മറ്റ് മതസ്ഥരും ഈ മലയെ തങ്ങളുടെ അഭയ കേന്ദ്രമായി കാണുകയും ഇവിടേക്ക് തീർഥാടനം നടത്തുകയും ചെയ്‌തു പോന്നു.
1996-ൽ നെയ്യാറ്റിൻകര രൂപത സ്ഥാപിതമാകുകയും 1998 ഓടു കൂടി വിതുര ഇടവകയുടെ നേതൃത്വത്തിൽ മലയിലേയ്‌ക്ക് സംഘടിതമായ തീർഥാടനം ആരംഭിക്കുകയും ചെയ്‌തു. 2008 മാർച്ച് മാസം 10-ാം തീയതി ഇത് രൂപതയുടെ ഔദ്ദ്യോഗിക തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തുടർന്ന് നെറുകയിൽ സ്ഥാപിച്ചിരുന്ന കുരിശിനു പുറമേ കുരിശിന്റെ വഴിയില്‍ 13 കുരിശുകള്‍ കൂടി സ്ഥാപിച്ചു. ഇതില്‍ 9 എണ്ണം എസ്റ്റേറ്റ് ഭൂമിയിലും 4 എണ്ണം വനഭൂമിയിലുമാണ്.
ഒരു തീർഥാടന കേന്ദ്രമായി പ്രഖ്യാപനം ചെയ്‌തതതോടു കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ മല കയറുന്നതിനായി ഇവിടെ എത്തിച്ചേർന്നു തുടങ്ങി. 1998 മുതൽ തന്നെ തീർഥാടന കാലത്ത് പ്രത്യേക സർവ്വീസുകൾ നടത്തി കെ.എസ്.ആര്‍.ടി.സി.യും സുരക്ഷിതത്വമൊരുക്കി വനം വകുപ്പും പോലീസും മറ്റു സൗകര്യങ്ങളൊരുക്കി പഞ്ചായത്ത് അധികാരികളും തീർഥാടന കേന്ദ്രത്തോട് സഹകരിച്ചുവന്നിരുന്നു. ഓരോ തീർഥാടന കാലത്തും വഴികൾ നന്നായി തെളിക്കുക, കുരിശുകളുടെ അറ്റകുറ്റപണികൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവന്നിരുന്നു.
മതവ്യത്യാസമില്ലാതെ ആ നാട്ടിലെ എല്ലാവരും ഇതിൽ സഹകരിക്കുകയും ചെയ്‌തിരുന്നു. തീർഥാടനത്തോട് അനുബന്ധിച്ചു നടത്തുന്ന മത-സംസ്‌കാരിക സമ്മേളനങ്ങളില്‍ മന്ത്രിമാരും ജനപ്രതിനിധികളും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്ത് വരാറുമുണ്ട്. 2017-ൽ തീർഥാടന കേന്ദ്രത്തിന്റെ വജ്ര ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി.
നിലവിലെ പ്രശ്‌നം
2017 മാർച്ച് മാസം തീർഥാടന കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷത്തെ തുടർന്ന് കുരിശുമലയ്‌ക്കെതിരെ വിവിധ പരാതികൾ അധികാരികളുടെ മുന്നിൽ എത്തുന്ന സ്ഥിതിവിശേഷം സംജാതമായി. പപ്പാത്തിച്ചോലയിലെ കുരിശു പൊളിക്കലിന്റെ പശ്ചാത്തലത്തിൽ ക്രൈസ്‌തവർ വനം കൈയ്യേറുന്നുവെന്ന വ്യാജപരാതികൾ ഉന്നയിച്ചുകൊണ്ട് ചിലർ പരസ്യമായി രംഗത്തുവരികയും ചില
മാധ്യമങ്ങളെ സ്വാധീനിച്ച് തെറ്റായ വാർത്തകൾ നൽകുകയും ചെയ്‌തു. ഇതിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് അധികൃതർ ഇടവക വികാരി റവ.ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തിനെയും മറ്റ് ഇടവക പ്രവർത്തകരെയും പ്രതികളാക്കി കേസെടുത്തു.
തുടർന്ന് 2017 ആഗസ്റ്റ് 11-ന് കുരിശുകൾ നീക്കം ചെയ്യാൻ വനം വകുപ്പ് ഒരു രഹസ്യ നീക്കം നടത്തുകയും ചെയ്‌തു. ഈ നീക്കം തടയാൻ ശ്രമിച്ച വികാരി അച്ചനും ഇടവക പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുക്കുയും ചെയ്‌തു. ഈ സാഹചര്യത്തിൽ 2017 ആഗസ്റ്റ് 14-ന് രൂപതാ നേതൃത്വം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രിയെ കാണുകയും പരാതി നല്‍കുകയും ചെയ്‌തു. അതേ ദിവസം തന്നെ ഉച്ചയ്‌ക്ക് ശേഷം മൂന്നു ദിവസത്തിനകം കുരിശുകൾ മുഴുവൻ നീക്കം ചെയ്യണമെന്ന് കാണിച്ച് വനം വകുപ്പ് ഇദംപ്രഥമമായി നോട്ടീസ് നൽകുകയുണ്ടായി.
ആഗസ്റ്റ് 15 ന് വീണ്ടും രൂപതാ നേതൃത്വം വനം വകുപ്പ് മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. വിശ്വാസികൾ കാലാകാലങ്ങളായി വണങ്ങി വരുന്ന പ്രധാന കുരിശുമാത്രം സംരക്ഷിക്കാമെന്നും മറ്റു കുരിശുകൾ നീക്കം ചെയ്യേണ്ടി വരുമെന്നും ഇതു സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഉന്നത ഉദ്ദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്നും ബഹുമാനപ്പെട്ട മന്ത്രി നിർദ്ദേശം വയ്‌ക്കുകയും രൂപതാ നേതൃത്വം തത്വത്തിൽ നിർദ്ദേശം അംഗീകരിക്കുകയും ഉന്നതതല യോഗം നടക്കുന്നതുവരെ കുരിശുകൾ ഒന്നും നീക്കം ചെയ്യുകയില്ലായെന്ന് ബഹുമാനപ്പെട്ട മന്ത്രി ഉറപ്പുനൽകുകയുമുണ്ടായി.
എന്നാൽ ബഹുമാനപ്പെട്ട മന്ത്രിയുടെ ഉറപ്പിനെ മാനിക്കാതെ വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ ആഗസ്റ്റ്-19 ശനിയാഴ്‌ച വീണ്ടും നോട്ടീസ് നല്‍കുകയാണുണ്ടായത്. ഈ നോട്ടീസ് ലഭിക്കുന്നതിനു മുമ്പ്, അതായത് ആഗസ്റ്റ്-18 വെളളിയാഴ്‌ച അര്‍ദ്ധരാത്രിയിൽ, കുരിശുമലയിലെ എല്ലാ കുരിശുകളും തകർക്കപ്പെട്ടിരുന്നു. കുരിശ് തകർത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ്-19 ശനിയാഴ്‌ച വിതുര പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തുകൊണ്ട് നമ്മുടെ വിശ്വാസികൾ വിതുര കലുങ്കു ജംഗ്‌ഷനിൽ ഉപരോധ സമരം ആരംഭിച്ചു. തുടർന്ന് തഹസിൽദാറും ജനപ്രതിനിധികളും പോലീസ് അധികാരികളും സഭാനേതൃത്വവും ചേർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച മലയിൽ ആരാധനയ്‌ക്കുളള സൗകര്യമൊരുക്കാമെന്നും കുരിശ് പുനസ്ഥാപിക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങൾ ചർച്ചചെയ്‌തു തീരുമാനിക്കാമെന്നും ഉറപ്പുലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയും ചെയ്‌തു.
എന്നാൽ പിറ്റേ ദിവസം രാവിലെ 10 മണിക്ക് ബോണക്കാട് ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കാനായി കടന്നു വന്ന വൈദികരെയും സിസ്റ്റേഴ്‌സിനെയും വിശ്വാസികളെയും ബോണക്കാട് ദൈവാലയത്തില്‍ നിന്നും 9 കിലോമീറ്റർ അകലെ കാണിത്തടം ചെക്ക്‌പോസ്റ്റിൽ തടഞ്ഞത് ചെറിയ സംഘർഷത്തിലേക്ക് നയിച്ചു. മണിക്കൂറുകൾ നീണ്ട വാക്കു തർക്കങ്ങൾക്കു ശേഷമാണ് അധികൃതർ ഒരു ചെറിയ സംഘത്തിനു മാത്രം മലയിൽ പോകാൻ അനുമതി നൽകിയത്. ആഗസ്റ്റ്- 20 ഞായറാഴ്‌ച വൈകുന്നേരം രൂപതാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി.
അദ്ദേഹം അനുഭാവ പൂർവ്വമായ നിലപാടു സ്വീകരിച്ചുവെങ്കിലും കുരിശ് പുനസ്ഥാപിക്കുക, ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, കുരിശു തകർത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ശക്തമായ സഹന സമരങ്ങളുടെ പന്ഥാവിലേക്ക് പ്രവേശിക്കുവാൻ സഭാ നേതൃത്വം നിര്‍ബന്ധിതമായിരിക്കുകയാണ്. ആഗസ്റ്റ്-24 വ്യാഴാഴ്‌ച വൈകുന്നേരം മുതൽ ശക്തമായ രാപ്പകൽ സമയം ആരംഭിച്ചിരുന്നു. കുരിശ് പുന:സ്ഥാപിക്കുന്നതുവരെ സമര രംഗത്തായിരിക്കുവാൻ തീരുമാനിച്ചു. തുടർന്ന് വീണ്ടും വനം മന്ത്രി രാജുവുമായി കത്തോലിക്കാസഭാ തേതൃത്വങ്ങളും മറ്റു ക്രിസ്‌തീയസഭാ നേതൃത്വങ്ങളും ചേർന്ന് ചർച്ചയെതുടർന്ന് 10 അടി ഉയരമുള്ള തടിയിൽ തീർത്ത കുരിശ് സ്‌ഥാപിക്കുവാൻ അനുമതി നൽകി. തുടർന്ന് ഓഗസ്റ്റ് 31-ന് സ്‌ഥാപിച്ച തേക്കിൽ തീർത്ത മരക്കുരിശ് ബോംബ് വച്ച് തകർക്കപ്പെട്ട നിലയിൽ നവംബർ 26-ന് കണ്ടെത്തി. നിലവിൽ 3അടി പൊക്കമുള്ള കുരിശിന്റെ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്.
സി) നിലപാടുകള്‍
1. 1961 ലാണ് കേരളാ സംസ്ഥാന വന നിയമം നിലവില്‍ വരുന്നത്. 1964 ല്‍ ഫോറസ്റ്റ് സെറ്റില്‍മെന്റ് റൂള്‍സും നിലവില്‍ വന്നു. ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് 1957 ലാണ് കുരിശുമലയില്‍ കുരിശ് സ്ഥാപിച്ചത്. പുതിയ നിയമം നിലവില്‍ വന്ന ശേഷം നാളിതുവരെയും കുരിശ് സംരക്ഷിക്കപ്പെടുകയും ഇതിനെതിരെ പരാതികളോ നിയമ പ്രശ്‌നങ്ങളോ ഉണ്ടാകുകയോ ചെയ്‌തിട്ടില്ല. കൂടാതെ കുരിശുകളും ഒരു ചെറിയ അള്‍ത്താരയും ഒഴികെ ഏതൊരുവിധ നിര്‍മ്മാണങ്ങളോ, വേലികെട്ടി തിരിക്കലോ, വ്യാജരേഖകള്‍ ചമയ്‌ക്കലോ, ഭൂമിയുടെമേല്‍ ഉടമസ്ഥാവകാശം ഉന്നയിക്കലോ സഭയുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തില്‍ കുരിശുമലയില്‍ അനധികൃത കൈയ്യേറ്റം നടന്നുവെന്ന ആക്ഷേപം അപ്രസക്തമാണ്.
2. കഴിഞ്ഞ 60 വര്‍ഷങ്ങളായി സമാധാനപരമായും വനത്തിനോ വന സമ്പത്തിനോ യാെതാരു കോട്ടം വരുത്താതെയും വന്യജീവികളുടെ
സൈ്വര്യ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാതെയുമാണ് നാനാജാതി മതസ്ഥര്‍ ഇവിടെ തീര്‍ഥാടനം നടത്തുന്നത്. നാളിതുവരെ തീര്‍ഥാടനത്തിനും തീര്‍ഥാടകര്‍ക്കും വനം വകുപ്പ് എല്ലാ സഹായവും സംരക്ഷണവും നല്‍കിയിട്ടുമുണ്ടായിരുന്നു. 2017 മാര്‍ച്ച് മാസത്തിനു ശേഷം ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ പരാതികള്‍ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്‌തിട്ടുളളത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
2017 ആഗസ്റ്റ് 11 ന് കുരിശുകള്‍ തകര്‍ക്കാന്‍ ഒരു സംഘം ആള്‍ക്കാരുമായി വനം വകുപ്പ് കുരിശുമലയില്‍ എത്തുന്നത് രൂപതാ നേതൃത്വത്തിന് ഒരു നോട്ടീസ് പോലും നല്‍കാതെയാണ്. വനഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി നടത്തേണ്ട പ്രാഥമിക ചര്‍ച്ചകള്‍ പോലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആയതിനാല്‍ വനം വകുപ്പ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും നടപടികളും സഭയ്‌ക്ക് സ്വീകാര്യമല്ല.
3. 2017 ആഗസ്റ്റ് 14 നാണ് ഇദംപ്രഥമമായി വനംവകുപ്പ് രൂപതയ്‌ക്ക് ഒരു നോട്ടീസ് നല്‍കുന്നത്. തുടര്‍ന്ന് രൂപതാ നേതൃത്വം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും മന്ത്രി പറഞ്ഞ പരിഹാര നിര്‍ദ്ദേശങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പുകള്‍ക്ക് വിലകല്‍പിക്കാതെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 19 ന് വീണ്ടും രൂപതയ്‌ക്ക് നോട്ടീസ് നല്‍കുകയാണ് ഉണ്ടായത്. കുരിശുമല തകര്‍ക്കുക എന്ന ഛിദ്ര ശക്തികളുടെ ലക്ഷ്യത്തിനോട് സഹകരിക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യ മതേതരത്വ ഭാരതത്തില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ ഭൂഷണമല്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
4. കുരിശുകള്‍ തകര്‍ത്തത് തങ്ങളല്ല എന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഇത്തരുണത്തില്‍ ഈ അതിക്രമത്തിനു പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണ് എന്ന് അനുമാനിക്കാം. അങ്ങനെയെങ്കില്‍ ഇതു സഭയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമാണ്. വടക്കേ ഇന്‍ഡ്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വളരെ വലുതാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളും ആശങ്കയുടെ നിഴലിലാണ്. അടിയന്തിര ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത നമ്മുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
5. കുരിശു തകര്‍ത്തതിനു പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണ് എങ്കില്‍ പോലീസ് അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും ക്രൈംബ്രാഞ്ച് പോലുളള ഉന്നതതല അനേ്വഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഭദ്രമാക്കിയിട്ടുളള വനഭൂമിയില്‍ അര്‍ദ്ധരാത്രിയില്‍ അക്രമികള്‍ക്ക് കടന്നുചെല്ലുവാന്‍ ഉണ്ടായ സാഹചര്യവും അതിനായി നടന്ന ഗൂഡാലോചനയും ഇതില്‍ സഹായിച്ച ഉദ്ദേ്യാഗസ്ഥരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.
6. കഴിഞ്ഞ 60 വര്‍ഷങ്ങളായി ഭക്താനുഷ്‌ഠാനങ്ങള്‍ നടത്തി വന്നിരുന്ന മലയിലേയ്‌ക്ക് വിശ്വാസികള്‍ പ്രവേശിക്കുന്നത് വനംവകുപ്പ് ഇപ്പോള്‍ ചെറുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും വര്‍ഷങ്ങളായി ക്രൈസ്‌തവര്‍ ആരാധന നടത്തിവരുന്ന സ്ഥലമാണ് കുരിശുമല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടും നിഷേധാത്മകമായ നിലപാടാണ് വനംവകുപ്പും പോലീസും സ്വീകരിച്ചിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് ആരാധനാ
സ്വാതന്ത്ര്യം ഉറപ്പുവരുത്തണം.
7. 1957 മുതല്‍ അവിടെ കുരിശ് ഉണ്ടായിരുന്നുവെന്നും നൂറുകണക്കിന് പ്രദേശവാസികളുടെ സാക്ഷിമൊഴികള്‍ ഉണ്ട്. ബഹുമാനപ്പെട്ട എം.പി., എം.എല്‍.എ. തുടങ്ങി വാര്‍ഡ് മെമ്പര്‍മാര്‍ വരെയുളള ജനപ്രതിനിധികള്‍ക്ക് വര്‍ഷങ്ങളായി തീര്‍ഥാടനം നടന്നുവരുന്ന കാര്യം ബോധ്യപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊളളുന്ന കുരിശുമലയില്‍ നിന്നും നീക്കം ചെയ്‌ത കുരിശുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
8. വിശ്വാസികളെയും വൈദികരെയും സന്യസ്‌തരേയും പ്രതികളാക്കി നിരവധി കേസുകള്‍ എടുത്ത് മനോ ധൈര്യം തകര്‍ക്കുവാനുളള ബോധപൂര്‍വ്വമായ ശ്രമം വനംവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനോടകം എടുത്തിട്ടുളള എല്ലാ കേസുകളും അടിയന്തിരമായി പിന്‍വലിക്കണം. ഇത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ച കാര്യമല്ല. മുഖ്യമന്ത്രി തന്നെ ഈ പ്രശ്‌നത്തില്‍ നേരിട്ടിടപെട്ടുകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം.
(നെയ്യാറ്റിൻകര അതിരൂപതയുടെ മീഡിയ സെല്‍ വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം)