News - 2024

അള്‍ജീരിയയില്‍ ജീവത്യാഗം ചെയ്ത 19 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 28-01-2018 - Sunday

വത്തിക്കാൻ സിറ്റി: അൾജീരിയയിൽ വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത 19 പേരെ ഫ്രാൻസിസ് മാർപാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. 1990 കാലഘട്ടത്തില്‍ ഇസ്ലാമിക മതമൗലീക വാദികളാല്‍ കൊലചെയ്യപ്പെട്ട ബിഷപ്പിനേയും 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വിശ്വാസികളായ 11 പേരേയുമാണ് ഇന്നലെ പാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. 1993നും 1996നും ഇടക്ക് കൊലചെയ്യപ്പെട്ടവരാണ് 19 രക്തസാക്ഷികളും. ഒരാന്‍ രൂപതയിലെ മെത്രാനായ പിയരെ ലൂസിയന്‍ ക്ലാവെറി തന്റെ ഡ്രൈവര്‍ക്കൊപ്പം ബോംബാക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത്.

അള്‍ജീരിയയില്‍ തുടര്‍ന്നാല്‍ കൊല്ലപ്പെടുമെന്ന് സന്യാസിമാര്‍ക്കറിയാമായിരുന്നു. ഈ സത്യത്തെ മനസ്സിലാക്കിയാണ് അവര്‍ രാജ്യത്തു തുടര്‍ന്നു രക്തസാക്ഷിത്വം വരിച്ചത്. തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയാല്‍ പരിശീലനം ലഭിച്ച മുസ്ലീം തീവ്രവാദ സംഘം തിബിരിന്‍ ആശ്രമത്തിലെ 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ അവരുടെ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു. ബലാത്കാരത്തിനു വിസമ്മതിച്ചതിനു കുത്തേറ്റു മരിച്ച റൊമാനിയായിലെ സെക്യുലർ ഫ്രാൻസിസ്കൻ ഓർഡർ(ഒഎഫ് സി) അംഗം വേറോണിക്ക അന്റാവലിനെയും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം രക്തസാക്ഷിയായി പ്രഖ്യാപിച്ചു.


Related Articles »