Life In Christ
35 വർഷം നിരീശ്വരവാദിയായിരുന്ന ബെലെൻ ഇന്ന് ലക്ഷങ്ങളിലേക്ക് യേശുവിനെ പകരുന്നതിന്റെ തിരക്കില്‍
പ്രവാചകശബ്ദം 22-10-2024 - Tuesday
35 വർഷത്തോളം നിരീശ്വരവാദിയായി ജീവിച്ച സ്പാനിഷ് വനിത ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. ബെലെൻ പെരാലെസ് എന്ന സ്പാനിഷ് വനിതയുടെ ജീവിതസാക്ഷ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കൗമാര പ്രായത്തില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നുപോകുകയും പിന്നീട് മൂന്നര പതിറ്റാണ്ട് നിരീശ്വരവാദിയായി ജീവിക്കുകയും ചെയ്ത ബെലെൻ ഏകരക്ഷകനായ യേശുവിനെ കണ്ടുമുട്ടുവാനും അവിടുന്നു നല്‍കുന്ന ആന്തരിക സമാധാനം അനുഭവിക്കുവാനും വേദിയായത് ജോൺ പോൾ രണ്ടാമൻ്റെ ശവകുടീരമായിരിന്നു.
ഒറ്റപ്പെടലിന്റെ ബാല്യം:
നാല് സഹോദരങ്ങളുള്ള ഒരു കത്തോലിക്ക കുടുംബത്തിലാണ് ബെലെൻ ജനിച്ചത്. എന്നാൽ ചെറുപ്പം മുതലേ അവൾക്ക് എപ്പോഴും ഒറ്റപ്പെടലിന്റെ അനുഭവമായിരിന്നു. "ആരും തന്നെ സ്നേഹിക്കുന്നില്ല" എന്ന തോന്നൽ എപ്പോഴും ഉണ്ടായിരുന്നുവെന്ന് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ അവൾ തുറന്നു പറയുന്നു. പിതാവിന്റെ ജോലിക്കായി ഒരു നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം മാറുന്നത് അവളില്‍ അരക്ഷിതാവസ്ഥകൾക്ക് ആക്കം കൂട്ടുകയും ആഴത്തിലുള്ള വൈകാരിക മുറിവുണ്ടാക്കുകയും ചെയ്തു. ഇത് ബാല്യത്തില്‍ തന്നെ അവളെ ദുഃഖത്തിലാഴ്ത്തിയിരിന്നു.
ഒരു ബോർഡിംഗ് സ്‌കൂളിൽ താമസിച്ചിരുന്ന സമയത്ത് ലൈംഗീകമായി ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്ന് അവള്‍ വൈകാരികമായി തകര്‍ന്നിരിന്നു. കൗമാരത്തിൽ തന്നെ അവളുടെ വിശ്വാസം മങ്ങാൻ തുടങ്ങി. ഉള്ളിലുള്ള നീരസം ദൈവത്തോടും അമ്മയോടുമുള്ള അവളുടെ ബന്ധത്തെ ഉലച്ചു. "വളരെ ദേഷ്യത്തോടെയാണ് ഞാൻ സ്കൂൾ വിട്ടത്... ആ വേനൽക്കാലത്ത് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് നിർത്തി" ബെലെൻ പറയുന്നു.
ഇരുട്ടിൽ സഞ്ചരിച്ച 35 വര്‍ഷങ്ങള്‍
പിന്നീടുള്ള അവളുടെ ജീവിതവും ഏറെ ദുസ്സഹമായിരിന്നു. ആന്തരിക സമാധാനമില്ലാതെ, താളം തെറ്റിയപ്പോലെ ജീവിതം മുന്നോട്ടു നീക്കി. വിവാഹം കഴിച്ചെങ്കിലും വഞ്ചനയും ദുരുപയോഗത്തിന്റെ വേദനകളും ജീവിതത്തില്‍ തുടര്‍ക്കഥയായി. “എന്റെ ആദ്യ ഭർത്താവ് എന്നെ വഞ്ചിച്ചു... ഞാൻ വിവാഹമോചനത്തിന് കേസ് കൊടുക്കാൻ ചെന്നപ്പോഴാണ് അയാള്‍ തട്ടിപ്പുക്കാരനാണെന്ന് മനസിലാക്കുന്നത്. ആദ്യ ഭർത്താവായ ആ മനുഷ്യനുമായുള്ള ആ സംഭവത്തിനുശേഷം, കാര്യങ്ങൾ മോശമായി. ഞാൻ എന്റെ മകളുമായി ആ വീട്ടിൽ നിന്ന് പുറത്തിറങ്ങി, ഞങ്ങൾ ആദ്യം മുതൽ ജീവിതം വീണ്ടും ആരംഭിച്ചു".
"ഇതിനിടെ ഇപ്പോഴത്തെ മൂത്ത മകളുടെ പിതാവിനെ കണ്ടുമുട്ടി. ജീവിതം ആരംഭിച്ചു. 1996ൽ, ഇൻ്റർനെറ്റ് ആരംഭിക്കുമ്പോൾ, അദ്ദേഹം ഒരു കിറ്റ് വാങ്ങുകയും തൻ്റെ ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വില്‍പ്പന ആരംഭിച്ചു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പദ്ധതി വൻ വിജയമായിരുന്നു. എന്നിരിന്നാലും മറ്റ് പലരുമായി ഞാന്‍ ബന്ധം തുടര്‍ന്നു. വീണ്ടും വിവാഹം കഴിച്ചു.
എനിക്ക് അറിയാത്ത ആസക്തിയുള്ള മറ്റൊരു വ്യക്തിയുമായി ജീവിതം ആരംഭിച്ചു. അദ്ദേഹം ഒരു സൈക്കാട്രിസ്റ്റ് ആയിരിന്നെങ്കിലും മയക്കുമരുന്നിന് അടിമയായിരിന്നു. എനിക്കു രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു, രണ്ട് കൊച്ചുകുട്ടികളോടൊപ്പം താന്‍ തനിച്ചായി. തന്റെ ജീവിതം നിരാശയാൽ അടയാളപ്പെടുത്തപ്പെട്ടു". വിശ്വാസത്തിൽ നിന്ന് പൂർണ്ണമായും അകന്നാണ് അക്കാലയളവില്‍ ജീവിച്ചതെന്ന് അവര്‍ പറയുന്നു. ഇക്കാലയളവില്‍ ഒന്നും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ അവള്‍ തയാറായിരിന്നില്ല.
ദൈവവുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച
2012-ലെ വേനൽക്കാലത്ത് പെൺമക്കളോടൊപ്പം റോമിലേക്കു യാത്ര നടത്തുവാന്‍ ബെലെൻ പെരാലെസ് തീരുമാനിച്ചു. റോമൻ കൊളോസിയം സന്ദർശിക്കുക എന്നത് മാത്രമായിരിന്നു അവളുടെ ലക്ഷ്യം. എന്നാല്‍ മകൾ ഗബ്രിയേല, വത്തിക്കാൻ സന്ദർശിക്കാൻ അമ്മയെ നിർബന്ധിച്ചു. “എനിക്ക് കൊളോസിയത്തിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മകൾ വത്തിക്കാനിലേക്ക് പോകാൻ ആഗ്രഹിച്ചു. അവസാനം ഞാൻ വഴങ്ങി” - ബെലെൻ പറയുന്നു. ഈ സന്ദര്‍ശനം അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയായിരിന്നു.
അവിടെ പെൺമക്കളുടെ ഫോട്ടോകൾ എടുക്കുമ്പോൾ, വിശദീകരിക്കാനാകാത്ത എന്തോ ഒന്ന് അനുഭവപ്പെടാൻ തുടങ്ങിയിരിന്നതായി ബെലന്‍ പറയുന്നു. “പെട്ടെന്ന്, എനിക്ക് ശാരീരികമായ എന്തോ അനുഭവപ്പെട്ടു,. എന്നിലേക്ക് എന്തോ ഒന്ന് പെട്ടെന്ന് കടന്നുവന്നപോലെ. ദൈവം ഉണ്ടെന്നും മരിച്ചാൽ നരകത്തിൽ പോകുമെന്നുള്ള തിരിച്ചറിവ് ഉള്ളിലുണ്ടായി". ആ ഞെട്ടൽ വളരെ വലുതായിരിന്നു. അവള്‍ പൊട്ടികരയാൻ തുടങ്ങി. “തുറന്ന രണ്ടു ടാപ്പുകൾ പോലെ തൻ്റെ കണ്ണില്‍ നിന്നു കണ്ണുനീർ ഒഴുകുക"യായിരിന്നുവെന്ന് ബെലെൻ പെരാലെസ് പറയുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശവകുടീരത്തിന് മുന്നിൽ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ചിന്ത അവളെ അലട്ടി. കത്തോലിക്ക സഭ എന്ന് വിളിക്കുന്ന തന്റെ "അമ്മ"യിൽ നിന്ന് വേർപിരിഞ്ഞ് സഭയില്‍ നിന്നു പുറത്താണെന്നും ഈ വർഷങ്ങളിലെല്ലാം താൻ ദൈവത്തെ നിരസിച്ചതായും അവൾക്ക് തോന്നി. ദൈവം ഉണ്ടെന്നും താൻ അവിടുത്തെ നിരസിച്ചുവെന്നും മനസ്സിലാക്കിയെന്നും സഭയ്ക്ക് പുറത്തായിരിക്കുന്നതിൻ്റെ വല്ലാത്ത വേദന അനുഭവപ്പെട്ടുവെന്നും ബെലെൻ സമ്മതിക്കുന്നു.
“ദൈവത്തെ ഞാൻ നിരസിച്ചുവെന്നു മനസ്സിലാക്കി. സഭയ്ക്ക് പുറത്തായിരിക്കുമ്പോഴുള്ള വേദന ആ സമയങ്ങളില്‍ അനുഭവപ്പെട്ടു. എന്റെ ആത്മാവ് വൃത്തികെട്ടതായിരുന്നു, പാപങ്ങൾ നിറഞ്ഞതായിരുന്നു. എന്റെ മനസ്സിലൂടെ കഴിഞ്ഞ കാല പാപങ്ങൾ ഓടിക്കൊണ്ടിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ശവകുടീരത്തിന്നരികെ നിന്നു ഞാന്‍ മക്കളോടു പറഞ്ഞു. "കുട്ടികളേ, നമുക്ക് പ്രാർത്ഥിക്കാം." ആ സമയങ്ങളില്‍ കണ്ണുനീര്‍ ഒഴുകുകയായിരിന്നു. "എന്റെ ഇളയ മകൾ ഏതാനും ടിഷ്യൂ എടുത്ത് എന്റെ മുഖം തുടച്ചു. എനിക്ക് പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് കര്‍തൃപ്രാർത്ഥന ഓർക്കാൻ പോലും കഴിഞ്ഞില്ല, പതിമൂന്നു വയസ്സിന് ശേഷം 35 വർഷമായി ഞാൻ പ്രാർത്ഥിച്ചിട്ടില്ല, അപ്പോള്‍ എനിക്ക് 48 വയസ്സായിരുന്നു” - ബെലെൻ കഴിഞ്ഞ കാല ജീവിതം ഓര്‍ത്തെടുത്തു പറയുന്നു.
വീട്ടിലേക്കുള്ള മടക്കവും കുമ്പസാരവും
ആ സംഭവത്തിന് ശേഷം, ബെലെൻ മാഡ്രിഡിലേക്ക് മടങ്ങി, എന്നാൽ വിശ്വാസത്തിലേക്ക് മടങ്ങാനുള്ള പ്രക്രിയ എളുപ്പമായിരുന്നില്ല. അപ്പോഴും അവൾ സഭയിൽ നിന്ന് അകന്നു തന്നെയാണെന്ന തോന്നല്‍ ശക്തമായിരിന്നു. വീണ്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് അവൾ കരുതി. ഒരു വർഷക്കാലം, അവൾ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു, പക്ഷേ കുമ്പസാരിക്കാൻ ധൈര്യപ്പെട്ടില്ല. "കുമ്പസാരിക്കാതിരിക്കുന്നതാണ് നല്ലത്, കുമ്പസാരിച്ചാല്‍ അവർ തന്നെ ഇവിടെ നിന്ന് പുറത്താക്കുമെന്നാണ്" കരുതിയതെന്ന് ബെലെൻ പറയുന്നു. കാരണം അത്രയേറെ മോശമായിരിന്നു അവളുടെ ആ കഴിഞ്ഞകാല ജീവിതം.
ഒടുവിൽ, ഒരു ദിവസം, അവൾക്ക് ഒരു ആന്തരിക വിളി അനുഭവപ്പെട്ടു. "ദൈവം ഉള്ളിൽ നിന്ന് എന്നോട് പറയുന്നത് ഞാൻ കേട്ടു: "നീ എന്താണ് കാത്തിരിക്കുന്നത്?” അവൾ ചുവടുവെക്കേണ്ട അടയാളമായിരുന്നു അത്. "ഞാൻ ഇടവകയിലേക്ക് പോയി, എന്റെ പെൺമക്കളെ ഒരു ബെഞ്ചിൽ ഇരുത്തി ഞാൻ ആദ്യമായി കണ്ട കുമ്പസാരക്കൂട്ടിലേക്ക് പോയി.
ഞാൻ വൈദികനോട് പറഞ്ഞു: "നോക്കൂ, എൻ്റെ പേര് ബെലെൻ, മോഷ്ടിക്കുകയും കൊല്ലുകയും ചെയ്യുക ഒഴികെ എല്ലാം ഞാൻ ചെയ്തു.”
വൈദികന്‍ എന്നോട് പറഞ്ഞു: ‘ഹല്ലേലൂയാ, ഇന്ന് സ്വർഗത്തിൽ ആഘോഷമാണ്. ദൈവം നിന്നെ ഇപ്പോൾ ആലിംഗനം ചെയ്യുന്നു". അന്ന് നടത്തിയ ആ ഏറ്റുപറച്ചിൽ ദൈവവുമായും കത്തോലിക്ക സഭയുമായുള്ള അനുരഞ്ജനത്തിൻ്റെ തുടക്കമായിരുന്നു. "ദൈവത്തിൻ്റെ കാരുണ്യം എനിക്കറിയില്ലായിരുന്നു. ഞാൻ പള്ളിയിൽ തിരിച്ചെത്തിയപ്പോൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആലിംഗനം പോലെയായിരുന്നു അത്” - അവള്‍ തുറന്നു സമ്മതിക്കുന്നു.
അറിഞ്ഞ ക്രിസ്തുവിനെ പകരുവാന്‍ മാറ്റിവെച്ച ജീവിതം
ഈ സംഭവവികാസങ്ങള്‍ അവളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചിരിന്നു. ആരാധനയും കൂദാശകളുമാണ് തന്റെ മുറിവുകൾ ഉണക്കിയതെന്ന് ബെലെൻ അനുഭവിച്ചറിഞ്ഞു. തൻ്റെ ജീവിതക്കഥ അനേകരോട് പങ്കുവെയ്ക്കാനും അങ്ങനെ സുവിശേഷ പ്രഘോഷണത്തിനായി ജീവിതം സമര്‍പ്പിക്കാനും അവള്‍ തീരുമാനമെടുത്തു. "ഞാൻ യേശുവിനോട് പറഞ്ഞു, ഇനി മുതൽ, ഞാൻ അങ്ങയുടെ മാർക്കറ്റിംഗ് യൂണിറ്റാണ്. ഞാൻ എവിടെ പോയാലും ഞാൻ നിന്നെ കൂടെ കൊണ്ടുപോകും’’. കഴിഞ്ഞ ഏതാനും വർഷങ്ങളായി, നിരവധി സുഹൃത്തുക്കളെ കുമ്പസാരക്കൂട്ടിലേക്ക് കൊണ്ടുപോകുവാനും വഴിയിൽ കണ്ടുമുട്ടുന്നവർക്ക് ജപമാലകൾ നൽവാനും ക്രിസ്തു വിശ്വാസത്തിലേക്ക് അടുപ്പിക്കാനും അവള്‍ക്ക് കഴിയുന്നു.
ബെലെൻ യൂട്യൂബിൽ ആരംഭിച്ച 'എൽ റൊസാരിയോ ഡി ലാസ് 11' എന്ന ചാനൽ അനേകര്‍ക്ക് സത്യ വിശ്വാസത്തിന് വഴിയായി മാറി. എല്ലാ ദിവസവും രാത്രി 11നു നടത്തുന്ന ജപമാലയിലും ചാനലിലൂടെ പങ്കുവെയ്ക്കുന്ന അനുഭവസാക്ഷ്യങ്ങളിലൂടെയും അനേകര്‍ യേശുവിനെ അടുത്ത് അറിഞ്ഞു. ഇന്ന് അഞ്ചര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് സ്വന്തമായുള്ള, ഈശോയേ അനേകര്‍ക്ക് പകരുന്ന ഒരു യൂട്യൂബ് ചാനലായി 'എൽ റൊസാരിയോ ഡി ലാസ് 11' മാറി. ഒരു കാലത്ത് നിരീശ്വരവാദിയായി കടുത്ത പാപങ്ങളില്‍ ജീവിച്ച ഒരു ജീവിതം, ഇന്ന് അനേകര്‍ക്ക് സത്യദൈവത്തെ പകരുവാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ - "ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം" എന്ന വാക്യമല്ലാതെ മറ്റ് എന്തു പറയുവാന്‍ കഴിയും....!
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟