News - 2024

ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി

സ്വന്തം ലേഖകന്‍ 28-03-2018 - Wednesday

ദുബായ്: വിശുദ്ധവാരത്തോടനുബന്ധിച്ച് ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി. ദേവാലയങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്ക് കര്‍ശനമായ നിര്‍ദേശം പോലീസ് ഇതിനോടകം നല്കിയിട്ടുണ്ട്. പെസഹ വ്യാഴം മുതല്‍ ഏപ്രില്‍ ഒന്ന് ഈസ്റ്റര്‍ ദിനം വരെ ദേവാലയങ്ങളില്‍ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. ബാഗുകളുമായി ആരെങ്കിലുമെത്തിയാല്‍ വ്യക്തമായ പരിശോധനകള്‍ക്ക് ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ച ദുബായിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ വിശ്വാസികള്‍ കുര്‍ബാനയ്‌ക്കെത്തിയപ്പോഴാണ് പോലീസ്‌ നിര്‍ദ്ദേശം അധികൃതര്‍ അറിയിച്ചത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായ ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ വിശുദ്ധവാരത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിമൂന്നില്‍ പരം ഭാഷകളിലായി ഇവിടെ വിശുദ്ധ ബലിയര്‍പ്പണം നടക്കുന്നുണ്ട്. 5 വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് നേതൃത്വം നല്‍കുന്നത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഫിലിപ്പീന്‍സ്, ഇറാനിയന്‍, പാലസ്തീനിയന്‍, സ്പാനിഷ്, ജര്‍മ്മന്‍, എതോപ്യന്‍, തുടങ്ങിയ കമ്മ്യൂണിറ്റികളും ആഫ്രിക്കന്‍ കമ്മ്യൂണിറ്റികളും ഈ ഇടവകയ്ക്ക് കീഴിലാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നത്.


Related Articles »