News
ഗള്‍ഫിലെ ആദ്യ ബസിലിക്ക പദവിയില്‍ ഔവർ ലേഡി ഓഫ് അറേബ്യ ദേവാലയം
പ്രവാചകശബ്ദം 18-08-2025 - Monday
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നോർത്തേൺ അറേബ്യ അപ്പോസ്തോലിക് വികാരിയേറ്റ് മോണ്‍. ആള്‍ഡോ ബെരാര്‍ഡി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്ക ദേവാലയമാണിതെന്നും വലിയ ഭക്തിയുടെ ഒരു ആരാധനാലയമായ ദേവാലയത്തിന് ലഭിച്ച മൈനര്‍ ബസിലിക്ക പദവിയില്‍ സന്തോഷമുണ്ടെന്നും ബിഷപ്പ് ആള്‍ഡോ ബെരാര്‍ഡി പറഞ്ഞു. വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ മാതൃദേവാലയവും കുവൈറ്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയവുമായ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ട ഡയമണ്ട് ജൂബിലി ആഘോഷം രണ്ടു വര്‍ഷം മുന്‍പ് നടത്തിയിരിന്നു.
കുവൈറ്റി മണ്ണില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കത്തോലിക്കാ ദേവാലയമാണ് പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയം. 1945 ഡിസംബര്‍ 25-നാണ് മഗ്വായില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ കൂടാരത്തില്‍വെച്ച് കുവൈറ്റിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. 1946 മുതല്‍ 1948 വരെ കര്‍മ്മലീത്ത മിഷ്ണറിയായ ഫാ. കാര്‍മല്‍ സ്പിറ്റേരി ഇടക്കിടെ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നു.
1948-ല്‍ അഹമദിയിലെ ഒരു ഊര്‍ജ്ജ നിലയം ചാപ്പലാക്കി മാറ്റുകയും ദൈവമാതാവിന്റെ സമര്‍പ്പണ തിരുനാള്‍ ദിനത്തില്‍ അവിടെ ആദ്യ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ കുവൈറ്റിലെ ആദ്യ റെസിഡന്റ് വൈദികനായി ഫാ. തിയോഫാനോ സ്റ്റെല്ലായെ നിയമിച്ചു. ഇദ്ദേഹം പിന്നീട് കുവൈറ്റിലെ ആദ്യത്തെ അപ്പസ്തോലിക വികാരിയായി ഉയര്‍ത്തപ്പെട്ടു. 1952-ല്‍ കുവൈറ്റ് ഓയില്‍ കമ്പനി (കെ.ഒ.സി) അഹമദിയില്‍ ഒരു പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഉത്തരവാദിത്വമേറ്റെടുത്തു.
അന്ന് തിരുസഭയുടെ പരമാദ്ധ്യക്ഷനായിരിന്ന പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ ആശീര്‍വദിച്ച് അയച്ച കല്ലായിരുന്നു ദേവാലയത്തിന്റെ മൂലക്കല്ല്. 1955 ഡിസംബര്‍ എട്ടിനാണ് പുതിയ ദേവാലയത്തിന്റെ ആദ്യ കല്ലിടല്‍ ചടങ്ങ് നടന്നത്. 1956-ല്‍ ദേവാലയം ‘ഔര്‍ ലേഡി ഓഫ് അറേബ്യ’യുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ജി.സി.സി രാഷ്ട്രങ്ങളില്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ രാഷ്ട്രമാണ് കുവൈറ്റ്. 2000 വരെ കുവൈറ്റില്‍ അപ്പസ്തോലിക കാര്യാലയം സ്ഥാപിക്കപ്പെട്ടിരുന്നില്ല. കുവൈറ്റ്, ബഹ്‌റൈന്‍ ഖത്തര്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്ത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
