Youth Zone - 2024

ബ്രിട്ടീഷ് യുവത്വം വിശുദ്ധ കുര്‍ബാനയുമായി കൂടുതല്‍ അടുക്കുന്നു

സ്വന്തം ലേഖകന്‍ 13-06-2018 - Wednesday

ലണ്ടന്‍: ബ്രിട്ടണില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് സര്‍വ്വേ ഫലം. കത്തോലിക്കാ ഗവേഷണ സംഘടനയായ കാമിനോ ഹൗസ് ആന്‍ഡ്‌ സിംഫെഡും കത്തോലിക്കാ യൂത്ത് മിനിസ്ട്രി ഫെഡറേഷനും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. 2017 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും യുവജനങ്ങള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. 2009-ല്‍ ഏറ്റവും ചുരുങ്ങിയത് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ 25 ശതമാനമായിരുന്നുവെങ്കില്‍ 2017-ല്‍ അത് 36 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നു.

ഇതേ കാലയളവില്‍ തന്നെ ഇടവിട്ടു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 59 ശതമാനത്തില്‍ നിന്നും 75 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സഭയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷകള്‍ ഇനിയും സജീവമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന വസ്തുതകളും സര്‍വ്വേയില്‍ ഉണ്ട്. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത കത്തോലിക്കരെന്ന് അവകാശപ്പെടുന്നവരില്‍ 59 ശതമാനത്തോളം പേര്‍ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുമ്പോള്‍, 38 ശതമാനം പേര്‍ യേശു വെറുമൊരു മനുഷ്യനാണെന്ന് വിശ്വസിക്കുന്നു.

തങ്ങളുടെ വിശ്വാസപരമായ വ്യക്തിത്വം വെളിപ്പെടുത്താത്തവരില്‍ 22 ശതമാനം പേര്‍ യേശു യേശു ദൈവപുത്രനാണെന്ന് പറഞ്ഞപ്പോള്‍, 68 ശതമാനം പേര്‍ പറഞ്ഞത് യേശു മനുഷ്യനാണെന്നാണ്. ദൈവമാണ് ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നതെന്ന സഭാ പ്രബോധനത്തില്‍ വിശ്വസിക്കുന്നത് 38 ശതമാനം യുവജനങ്ങള്‍ മാത്രമാണ്. യൂത്ത് സിനഡിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുറത്തുവന്ന സര്‍വ്വേ ഫലം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും, യുവജനങ്ങളെ സഭയുമായും സഭാപ്രബോധനങ്ങളുമായും കൂടുതല്‍ അടുപ്പിക്കുന്നതിനു വേണ്ട ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

More Archives >>

Page 1 of 2