News - 2024

സഭൈക്യ സംഗമത്തിനായി ഫ്രാന്‍സിസ് പാപ്പ സ്വിറ്റ്സര്‍ലണ്ടിലേക്ക്

സ്വന്തം ലേഖകന്‍ 19-06-2018 - Tuesday

ജനീവ: സഭകളുടെ ആഗോള കൂട്ടായ്മ എന്ന പേരില്‍ അറിയപ്പെടുന്ന 'ദി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ സ്വിറ്റ്സര്‍ലണ്ടിലേക്ക്. സംഘടനയുടെ 70 ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 21നാണ് പാപ്പ സ്വിറ്റ്സര്‍ലണ്ടില്‍ എത്തിച്ചേരുക. പുലര്‍ച്ചെ 10 മണിക്ക് സ്വിറ്റ്‌സര്‍ലാന്റില്‍ എത്തുന്ന പാപ്പ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമിതിയില്‍ എത്തി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും. വൈകീട്ട് മറ്റൊരു യോഗത്തിലും പാപ്പ പങ്കെടുക്കും.1969-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും 1984-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ജനീവയിലെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.

1948- ല്‍ രൂപീകരിച്ച സംഘടനയില്‍ ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, ലൂഥറന്‍, ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ് തുടങ്ങിയ വിഭാഗങ്ങള്‍ അംഗങ്ങളാണ്. കത്തോലിക്ക സഭ സമിതിയില്‍ അംഗമല്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. 110 രാജ്യങ്ങളില്‍ നിന്നായി 560 മില്ല്യന്‍ ആളുകളെയാണ് 'ദി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' പ്രതിനിധീകരിക്കുന്നത്. സര്‍വ്വ സംഗമത്തിലേയ്ക്കുളള മാര്‍പാപ്പയുടെ ആഗമനം വസന്തകാലത്തിന്‍റെ അന്ത്യഭാഗത്താണെങ്കിലും ആഗോള പ്രസ്ഥാനത്തെ സംബന്ധിച്ച് സഭൈക്യത്തിന്‍റെ ഒരു നവവസന്തം ആയിരിക്കുമെന്ന് ഡബ്ല്യു‌സി‌സി സെക്രട്ടറി ജനറല്‍ ഓലാവ് ഫിക്സെ ത്വൈത് പറഞ്ഞു. നീതിയും സമാധാനവും ലോകത്തു കൈവരിക്കാന്‍ പാപ്പ നടത്തുന്ന സന്ദര്‍ശനവും കൂട്ടായ ചര്‍ച്ചകളും ഏറെ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »