Events

ഖത്തറിലെ വിശ്വാസികളെ ആത്മീയാഭിഷേകത്തിലേക്ക് നയിച്ചുകൊണ്ട് കെയ്‌റോസ് ധ്യാനം ആരംഭിച്ചു

തോമസ്‌ ചെറിയാൻ 22-02-2016 - Monday

ദൈവജനത്തെ നോമ്പ് കാലത്തിന്‍റെ പരിശുദ്ധിയിലേക്ക് കൂട്ടികൊണ്ടുപോകാന്‍ കെയ്റോസ് ടീമിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച 'പെസഹാനുഭവ ധ്യാനം' ഖത്തറിലെ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. പതിവില്‍ക്കവിഞ്ഞ തണുപ്പിനേ അവഗണിച്ച് ധാരാളം ആള്‍ക്കാര്‍ ധ്യാനത്തില്‍ സന്നിഹിതരായി.

ബഹുമാനപ്പെട്ട കുര്യന്‍ കരിക്കലച്ചന്‍റെ ആത്മീയ നേതൃത്വത്തില്‍ 20 നാണ് ധ്യാനം ആരംഭിച്ചത്.

പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, ക്രിസ്ത്യൻ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കുന്നുണ്ട്. വൈകിട്ട് 7നു ജപമാലയോടെ തുടങ്ങുന്ന ധ്യാനം രാത്രി 9:30നുള്ള ദിവ്യകാരുണ്യ ആരാധനയോടെ പൂര്‍ത്തിയാകും. ഫെബ്രുവരി 24 നു ധ്യാനം സമാപിക്കും.

ഖത്തറിലെ മലയാളം കമ്മ്യൂണിറ്റിക്കായി ആത്മീയ ഗുരു ബഹുമാനപ്പെട്ട ജോയി അച്ചന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കിയ ഈ സ്വര്‍ഗീയ വിരുന്ന് അനേകരെ നിക്കദേമൊസ്സിനു യേശു വിവരിച്ചു കൊടുത്ത രണ്ടാമത്തെ ജനനത്തിലേക്കും, സെഹിയോനില്‍ ശിഷ്യരനുഭവിച്ചറിഞ്ഞ പെന്തക്കുസ്താനുഭവത്തിലേക്കും നയിക്കുമെന്നതില്‍ സംശയമില്ല. ഇതിന് മുന്‍പും നിരവധി ആത്മീയ ശുശ്രൂഷകളിലൂടെ വിശ്വാസികള്‍ക്ക് പുതിയൊരു അനുഭവം നല്കാന്‍ ഖത്തറിലെ റോസറി ചര്‍ച്ചിന് കഴിഞ്ഞിട്ടുണ്ട്.


Related Articles »