News

ദൈവത്തിന്റെ നാമം നിരോധിച്ചുകൊണ്ട് നാസ സത്യത്തിൽ നിന്നും അകലുന്നു

സ്വന്തം ലേഖകന്‍ 23-02-2016 - Tuesday

1968-ൽ അപ്പോളോ 8 ചന്ദ്രനെ പ്രദിക്ഷിണം വയ്ക്കുമ്പോൾ, ആ സ്പെയ്സ് ഷിപ്പിലെ അംഗങ്ങൾ ഉൽപ്പത്തി പുസ്തകം പാരായണം ചെയ്താണ് അമേരിക്കയുടെ വിജയം ആഘോഷിച്ചത്!

പിന്നീട് നടന്ന ബഹിരാകാശ പദ്ധതികളിലെ പല ചരിത്ര മുഹൂർത്തങ്ങളിലും, ദൈവത്തെ അംഗീകരിച്ചുകൊണ്ടുള്ള പ്രവർത്തികളാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ ഇതെല്ലാം വിസ്മരിച്ചു കൊണ്ട്, ബഹിരാകാശ കേന്ദ്രത്തിലെ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ ന്യൂസ് ലെറ്ററിൽ യേശു എന്ന പദം ഉപയോഗിക്കുന്നത് നാസ നിരോധിച്ചു.

ജോൺസൺ സ്പെയ്സ് സെന്ററിലെ ക്രൈസ്തവരായ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള, Praise & Worship ക്ലബ്ബിന്റെ ആനുകാലിക പ്രസിദ്ധീകരണത്തിലാണ്, "യേശു നമ്മുടെ ജീവിതം" എന്ന വാക്യമുള്ളത്. നാസയിലെ ക്രൈസ്തവ ഉദ്യോഗസ്ഥർക്കെല്ലാം ഈമെയിലായി അയക്കുന്ന ഒരു പ്രസിദ്ധീകരമാണിത്.

എന്നാൽ "യേശു" എന്ന പദം പ്രസ്തുത പ്രസിദ്ധീകരണത്തിൽ ഉപയോഗിക്കുന്നത് സ്ഥാപനത്തിൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് നാസയിലെ അഭിഭാഷകർ, ക്രിസ്ത്യൻ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചു. ആ വാചകം ഭരണഘടനാ വിരുദ്ധമാണെന്ന് അവർ അഭിപ്രായപ്പെട്ടു!

മതപരമായ അവകാശങ്ങളെ ബഹുമാനിക്കുന്ന ഒരു ചരിത്രമാണ് നാസയ്ക്ക് ഉള്ളത്. എന്നിട്ടും, ഇപ്പോൾ യേശുവിനെ പറ്റിയുള്ള ഒരു വാക്യം ഒരു ക്രിസ്തീയ ഈമെയിൽ പ്രസിദ്ധീകരണത്തിൽ വരുന്നതിനെ നാസ എതിർക്കുന്നത് വളരെ നിർഭാഗ്യകരമാണ് നാസ എൻജിനീയറായ സോഫിയ സ്മിത്ത് പറഞ്ഞു.

ബഹിരാകാശ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ ഈമെയിൽ സെൻസർ ചെയ്ത്, യേശുവിനെ പറ്റിയുള്ള വാചകം നീക്കി കളയാൻ ഗവൺമെന്റിന് അധികാരമില്ല എന്ന്, Praise & Worship ഗ്രൂപ്പിനു പരാതി കൊടുത്ത, ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിഭാഷക ജെറോമി ഡിസ് പ്രതികരിച്ചു.

"ഒരു ക്രിസ്തീയ സംഘടനയുടെ പ്രസിദ്ധീകരണത്തിൽ യേശു എന്ന പേരുള്ളതുകൊണ്ട് പ്രസിദ്ധീകരണം തടയുക എന്നത് വ്യക്തമായും മതവിവേചനമാണ്. നാസ ഇതിനു മാപ്പു പറയണം." ജെറോമി ഡിസ് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച്ച നാസ ഇറക്കിയ ഒരു കുറിപ്പിലാണ്, ഫെഡറൽ നിയമപ്രകാരം തങ്ങൾ യേശുവിനെ കുറിച്ചുള്ള വാചകം സെൻസർ ചെയ്തതായി അറിയിച്ചത്.

ക്രൈസ്തവ രാഷ്ട്രമായ അമേരിക്കയുടെ ബഹിരാകാശ പദ്ധതികളിലെ പല ചരിത്രമുഹൂർത്തങ്ങളിലും, യേശുവിനെ അംഗീകരിച്ചുകൊണ്ടുള്ള പ്രവർത്തികളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇന്ന് ദൈവത്തിന്റെ നാമം പോലും നാസ നിരോധിക്കുന്നു. ഉയർച്ചയുടെ പടികൾ കയറുമ്പോൾ മനുഷ്യനും സ്ഥാപനങ്ങളും സ്വന്തം കഴിവിൽ ആശ്രയിച്ചുകൊണ്ട്, ദൈവത്തെതന്നെ ധിക്കരിക്കുന്ന ആധുനിക ലോകത്തിന്റെ തെറ്റായ പ്രവണതയിലേക്ക് നാസയുടെ ഈ പ്രവർത്തി വിരൽ ചൂണ്ടുന്നു.

(Source: The Tablet)


Related Articles »