Faith And Reason - 2024
'റെഡ് മാസ്' അര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിമാര്‍
സ്വന്തം ലേഖകന്‍ 03-10-2018 - Wednesday
വാഷിംഗ്‌ടണ്‍ ഡി.സി: നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കായുള്ള വാര്‍ഷിക 'ചുവന്ന കുര്‍ബാന' അര്‍പ്പണത്തില്‍ പങ്കെടുത്ത് സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍. വാഷിംഗ്‌ടണ്‍ ഡിസിയിലെ സെന്റ് മാത്യു ദി അപ്പോസ്റ്റല്‍ കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് കത്തോലിക്കാ സംഘടനയായ ജോണ്‍ കാരോള്‍ സൊസൈറ്റിയുടെ ചാപ്ലൈനും, ബേത്സദായിലെ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തിന്റെ അധ്യക്ഷനുമായ മോണ്‍. പീറ്റര്‍ ജെ. വാഘി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ജുഡീഷ്യല്‍ വര്‍ഷാരംഭത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമ വിദ്യാലയങ്ങളിലെ പ്രൊഫസര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉദ്യോഗസ്ഥരും ഭാഗഭാക്കായി. വാഷിംഗ്‌ടണ്‍ ഡി.സി. യിലെ 66-മത് കുര്‍ബാനയായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍പ്പിച്ചത്. ഒക്ടോബര്‍ 1-നാണ് അമേരിക്കയിലെ സുപ്രീം കോടതിയുടെ 2018-2019 ജുഡീഷ്യല്‍ വര്‍ഷമാരംഭിക്കുന്നത്. ഇതിന് മുന്നോടിയായാരിന്നു ബലിയര്‍പ്പണം.
പരിശുദ്ധാത്മാവിന്റെ പ്രതീകമായ അഗ്നി നാളങ്ങളെ സൂചിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ചു കാര്‍മ്മികര്‍ കുര്‍ബാന അര്‍പ്പിക്കുന്നതു കൊണ്ടാണ് ഇതിനെ 'ചുവന്ന കുര്‍ബാന' എന്ന് വിശേഷിപ്പിക്കുന്നത്. സഭാ വ്യത്യാസമില്ലാതെ കഴിഞ്ഞ 66 വര്‍ഷമായി ഈ കുര്‍ബാനയില്‍ വിശ്വാസികള്‍ സംബന്ധിച്ചു വരുന്നു.
സഭയേയും രാജ്യത്തേയും നേര്‍വഴിക്ക് നയിക്കുവാന്‍ അമേരിക്കക്കാര്‍ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കണമെന്ന് മോണ്‍. വാഘി ദിവ്യബലി മദ്ധ്യേ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം തിരുസഭയില്‍ ഉണ്ടെന്നും പൊതുജന നന്മക്കു ഉതകും വിധം നീതിന്യായ വ്യവസ്ഥയെ സേവിക്കുവാന്‍ വേണ്ട ചൈതന്യം തങ്ങള്‍ക്ക് നല്‍കണമെന്ന് പരിശുദ്ധാത്മാവിനോട് അപേക്ഷിക്കണം. ഒരു യഥാര്‍ത്ഥ സുഹൃത്തിന്റേയും, സംരക്ഷകന്റേയും നൈര്‍മ്മല്യത്തോടുകൂടി നമ്മെ സംരക്ഷിക്കുവാനും, നയിക്കുവാനും, ശക്തിപ്പെടുത്തുവാനും, ആശ്വസിപ്പിക്കുവാനും പരിശുദ്ധാത്മാവ് ഇറങ്ങിവരും.
സത്യത്തിന്റെ ആത്മാവെന്ന നിലയില്‍ പരിശുദ്ധാത്മാവിനെയും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയില്‍ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങളേയും അദ്ദേഹം താരതമ്യം ചെയ്യുകയുണ്ടായി. സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെ മനസ്സിലാക്കുവാന്‍ തക്കവിധം നമ്മുടെ ബോധ്യങ്ങളെ വര്‍ദ്ധിപ്പിക്കുവാന്‍ പരിശുദ്ധാത്മാവിനോടപേക്ഷിക്കണമെന്ന്‍ മോണ്‍. വാഘി ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി ജഡ്ജിമാരായ സ്റ്റീഫന്‍ ബ്രെയര്‍, ജോണ്‍ റോബര്‍ട്സ്, ക്ലാരെന്‍സ് തോമസ്, അറ്റോര്‍ണി ജെനറല്‍ ജെഫ് സെഷന്‍ എന്നിവര്‍ക്ക് പുറമെ അടുത്തിടെ സേവനത്തില്‍ നിന്നും വിരമിച്ച അന്തോണി കെന്നഡിയും ഇക്കൊല്ലത്തെ കുര്‍ബാനയില്‍ സംബന്ധിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.