Social Media

ക്രിസ്ത്യാനികളുടെ അഭിഭാഷകയായ പരിശുദ്ധ കന്യകാമറിയം: അഭിഭാഷകയായ സിസ്റ്റർ എഴുതുന്നു

അഡ്വ. സി. ലിനറ്റ് എസ്‌കെ‌ഡി 05-10-2018 - Friday

'നീതിന്യായ പീഠത്തിൽ ഹാജരാക്കപ്പെടുന്ന ഒരാൾക്ക് സ്വയം നീതി ലഭിക്കാനുള്ള വാദമുഖങ്ങൾ സമർത്ഥിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അയാളെ നീതി ആർജ്ജിച്ചെടുക്കാൻ സഹായിക്കുക എന്നുള്ളതാണ് ഒരു അഭിഭാഷകന്റെ ജോലി. അഭിഭാഷകരുടെ കഴിവും ആർജ്ജവവും അനുസരിച്ച് വാദമുഖങ്ങൾ ശക്തമാകും. നീതിനിർവഹണ വ്യവസ്ഥയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും. എന്നാൽ ദൈവത്തിൻറെ ന്യായാസനത്തിൽ മനുഷ്യർക്കുവേണ്ടി ന്യായവാദം നടത്തുന്ന ഒരു അഭിഭാഷക ഉണ്ട് അതാണ് പരിശുദ്ധ കന്യകാമറിയം. കാൽവരി കുരിശിനു ചുവട്ടിൽ വച്ച് ലോകത്തിന് അമ്മയായി പുത്രനായ ദൈവം അവളെ നൽകിയ സമയം മുതൽ മനുഷ്യവംശത്തിനു വേണ്ടി ദൈവസന്നിധിയിൽ ന്യായവാദം നടത്തുന്ന നല്ല അമ്മയും അഭിഭാഷകയും ആണ് പരിശുദ്ധ കന്യകാമറിയം.

കാനായിലെ കല്യാണ വിരുന്ന് മറിയം എന്ന അഭിഭാഷകയുടെ മികവ് തെളിയിക്കുന്ന ഒന്നാണ്. കാനായിലെ കല്യാണ വീട്ടിലെ കുറവുകളെ അറിയുന്ന നല്ല അമ്മയായി, അഭിഭാഷകയായി അവൾ മാറുന്നു .കുറവുകളെ കുറവുകൾ ആയി കാണാതെ അതിനുള്ള പരിഹാരവും അവൾ നിർദേശിക്കുന്നുണ്ട്. അവർക്ക് വീഞ്ഞില്ല എന്ന ഒരു വാക്കു കൊണ്ട് തന്നെ വലിയ നാണക്കേടിൽനിന്ന് അവരെ രക്ഷിക്കണമെന്ന് പരോക്ഷമായി അമ്മ മകനോട് പറയുന്നു.

ക്രിസ്തു പോലുമറിയാതെ ക്രിസ്തുവിന്റെ വ്യക്തിത്വത്തെ സ്വാധീനിച്ച അമ്മ അവൻ പറയുന്നത് ചെയ്യുവാൻ പരിചാരകരോട് നിർദേശിക്കുന്നു . താൻ പറയുന്ന പ്രശ്നങ്ങൾക്ക് ക്രിസ്തു പരിഹാരമുണ്ടാകുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതായത് താൻ ജന്മം കൊടുത്ത് വളർത്തിവലുതാക്കിയ മകൻ തനിക്ക് ചെയ്യാൻ കഴിയുന്ന ഒരു നന്മ ഒരിക്കലും നിഷേധിക്കുകയില്ല എന്ന ബോധ്യം. നീതി ബോധത്തോടെ മക്കളെ വളർത്തിയ ഒരമ്മയ്ക്ക് ഉള്ള ബോധ്യമാണ് അത്. തുടർന്ന് ക്രിസ്തുവിൻറെ ജീവിതത്തിൽ ആഘോഷ നിമിഷങ്ങളിൽ നിന്നും മറിയത്തെ നമ്മൾ കണ്ടുമുട്ടുന്നില്ല.എന്നാൽ അവൻറെ ജീവിതത്തിലെ നൊമ്പര പാടുകളിൽ അവൾ കൂടെയുണ്ട്. നീതിബോധമുള്ള ഒരമ്മയായി പരിശുദ്ധ കന്യാമറിയം കാൽവരി മല മുതൽ ലോകത്തിൻറെ അവസാന നാളുവരെ ലോകത്തിനുവേണ്ടി, മനുഷ്യവംശത്തിനു വേണ്ടി ന്യായവാദം നടത്താൻ പരിശുദ്ധ അമ്മ ദൈവസന്നിധിയിൽ ഉണ്ടാകും.

ജപമാലയിലെ മുത്തുകൾ പോലെ സഭയെ കോർത്തിണക്കി ക്രിസ്തുവിലേക്ക് തീർത്ഥാടനം ചെയ്യുന്ന നല്ല അമ്മയായി മറിയം നമ്മുടെ കൂടെയുണ്ട്. കാലം കൈവിട്ടു പോകുന്നു എന്ന് വിലപിക്കുന്ന ഈ നാളുകളിൽ പരിശുദ്ധ അമ്മയുടെ നീതിബോധം നമ്മുടെ അനുദിന ജീവിതത്തിൽ ഉണ്ടാകണം. യൗസേപ്പിന് അവൾ ഒരു നല്ല ഭാര്യയാണ് ക്രിസ്തുവിന് അവൾ നല്ല അമ്മയാണ്. അപ്പസ്തോലന്മാർക്ക് അവൾ ഒരു മാതൃകയാണ്. തിരുസഭയ്ക്ക് ഒരു വഴികാട്ടിയാണ്. അത്തരമൊരു നീതി ബോധത്തിലേക്ക് ആണ് മറിയം നമ്മളെ വിളിക്കുന്നത്. ജീവിതം വച്ചു നീട്ടുന്ന ഉത്തരവാദിത്തങ്ങൾ മറിയത്തിന്റെ കരംപിടിച്ച് നീതി ബോധത്തോടെ ചെയ്യുവാൻ ജപമാല മണികളിൽ നമുക്ക് മുറുകെ പിടിക്കാം.



പരിശുദ്ധ ജപമാലയുടെ പുണ്യം നിറഞ്ഞ ദിവസങ്ങളിൽ സ്നേഹപൂർവ്വം ജപമാലയെ ഹൃദയത്തിലേറ്റു വാങ്ങാം. ആത്മാവിന്റെ വരദാനങ്ങൾ നിറഞ്ഞ് ജീവിതത്തിൽ എല്ലായിടത്തും നീതിപൂർവം പ്രവർത്തിക്കുവാൻ ദൈവ സന്നിധിയിലെ അഭിഭാഷകയായ മറിയം നമ്മളെ സഹായിക്കട്ടെ. ലോകത്തെ ദൈവത്തോട് ചേർത്തുനിർത്തുന്ന ജപമാല മണികളാൽ ക്രിസ്തുവിൽ നമുക്ക് ബന്ധിതരാകാം.

- അഡ്വ. സി. ലിനറ്റ് എസ്‌കെ‌ഡി

More Archives >>

Page 1 of 7