Social Media - 2024

നാടിന്‍റെ ഊട്ടുപുരയായി മാനന്തവാടി മെത്രാന്റെ ഭവനം

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 22-08-2018 - Wednesday

കേരളമൊന്നാകെ പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ അതീവദുരിതം അനുഭവിച്ച ജില്ലകളിലൊന്നായിരുന്നു വയനാട്. പ്രസ്തുത വയനാട് ജില്ല മുഴുവനായും കണ്ണൂര്‍ ജില്ലയിലെ ചുങ്കക്കുന്ന്, കൊട്ടിയൂര്‍ പ്രദേശത്തും, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും, മലപ്പുറത്തെ മണിമൂളി നിലന്പൂര്‍ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ രൂപതയാണ് മാനന്തവാടി. നാടിനെ അപ്രതീക്ഷിതമായ പ്രളയക്കെടുതി വിഴുങ്ങിയപ്പോള്‍ ഏറ്റവുമാദ്യം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് മാനന്തവാടി രൂപതയാണ്. മഴ കൊടുന്പിരിക്കൊണ്ടു വന്നപ്പോള്‍ അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ (ആഗസ്റ്റ് 9, 2018) പറയുന്നു:

"ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനോടൊപ്പം തന്നെ കത്തോലിക്കാസഭയും സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കേരളത്തിലെ എല്ലാ രൂപതകളിലെയും സാമൂഹികസേവന വിഭാഗവും ഭാരതസഭയുടെ ഔദ്യോഗിക സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും സ്ഥാപനങ്ങളും ഇടവകകളും വ്യക്തികളും ഇതിനകം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആഹാരം, വസ്ത്രം, മരുന്ന്, താത്കാലികവാസസ്ഥലങ്ങള്‍ എന്നിവ നല്കി സഹായിച്ചു."

സര്‍ക്കുലര്‍ പുറപ്പെടുവിച്ച പുറകേ തന്നെ അടിയന്തിര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് രൂപതാനേതൃത്വം പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (WSSS) നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വികാരിജനറാള്‍ ഫാ. അബ്രാഹം നെല്ലിക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ചാന്‍സലര്‍ ഫാ. സജി നെടുങ്കല്ലേല്‍, മൈനര്‍ സെമിനാരി‍ റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍ സെമിനാരിയിലെ എല്ലാ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും രണ്ടുദിവസം രാപകലില്ലാതെ നിന്ന് ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളടങ്ങുന്ന കിറ്റ് തയ്യാറാക്കി.

ഉദ്ദേശം 1000 രൂപാ വിലമതിക്കുന്ന ആയിരത്തോളം കിറ്റുകളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആവശ്യക്കാരുടെ എണ്ണം അതിലും കൂടുതലാണെന്ന് മനസ്സിലായതോടെ അത് രണ്ടായിരമായി ഉയര്‍ത്തി. പതിനേഴ് ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങളാണ് ആദ്യത്തെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ജനങ്ങള്‍ക്കായി മാനന്തവാടി രൂപത വിതരണം ചെയ്തത്. ആഗസ്റ്റ് പത്താം തിയതി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കലച്ചന്‍റെ കത്ത് കൂടുതല്‍ വിശദമായ ദുരിതാശ്വാസപദ്ധതികളോടെ പുറത്തുവന്നു. ഇടവകവികാരിമാര്‍ക്കയച്ച കത്തില്‍ ഇടവകാതിര്‍ത്തിയില്‍ പട്ടിണിയനുഭവിക്കുന്ന സകലമനുഷ്യരെയും കണ്ടെത്താനും കൃത്യമായ കണക്ക് രൂപതാകേന്ദ്രത്തിലറിയിക്കാനും നിര്‍ദ്ദേശിച്ചു.

അവര്‍ക്കാവശ്യമായ മെഡിക്കല്‍ സഹായത്തിനുള്ള ടീം റെഡിയാക്കി. മഴ മൂലമുള്ള ദുരിതം തുടരുകയാണെങ്കില്‍ ഇടവകയുടെ സ്ഥാപനങ്ങളും പാരിഷ്ഹാളുകളും ആവശ്യമെങ്കില്‍ ദേവാലയം തന്നെയും തുറന്നുകൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രൂപതാകേന്ദ്രത്തിലേക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുതരണമെന്നും അഭ്യര്‍ത്ഥനയുണ്ടായി. തുടര്‍ന്ന് WSSS-ല്‍ എത്തിച്ചേര്‍ന്ന സാധനസാമഗ്രികള്‍ക്ക് അളവില്ലായിരുന്നു. സംഭരണശേഷി ഇല്ലാതായപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ ഭക്ഷണവസ്തുക്കളുടെ സംഭരണവും വിതരണവും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍റെ താമസസ്ഥലമായ "ബിഷപ്സ് ഹൗസി"ലേക്ക് മാറ്റി.

ബിഷപ്സ് ഹൗസിന്‍റെ ഹാള്‍ അതിനായി തുറന്നിട്ടു. ഹൗസിലെ അന്തേവാസികളായ വൈദികരും തൊട്ടടുത്തുള്ള മൈനര്‍ സെമിനാരിയിലെ വൈദികരും ബ്രദേഴ്സും ഈ നാള്‍ വരെ മുഴുവന്‍ സമയവും ഭക്ഷണവസ്തുക്കള്‍ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മാത്രമായി ശ്രദ്ധയൂന്നിയിരിക്കുകയായിരുന്നു.

ഇടവകകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അയല്‍രൂപതകളായ തലശ്ശേരി, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി എന്നിവയും തൃശ്ശൂര്‍, തിരുവനന്തപുരം രൂപതകളും സഹായവുമായെത്തി. WSSS വഴിയും ബയോവിന്‍ വഴിയും എത്തിച്ചേര്‍ന്നവ വേറെ. അയല്‍രൂപതകളിലെയും മാനന്തവാടി രൂപതയിലെ തന്നെയും നിരവധി ഇടവകകളും വ്യത്യസ്ത സഹായസഹകരണങ്ങളുമായി ബിഷപ്സ് ഹൗസിലെത്തി. പത്തു ദിവസത്തിനകം ബിഷപ്സ് ഹൗസിന്‍റെ ഹാള്‍ പലതവണ നിറഞ്ഞ് ഒഴിഞ്ഞു. ഇടവകകളില്‍ നിന്ന് ആവശ്യക്കാരെ കണ്ടെത്തി വികാരിയച്ചന്മാരുടെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ വാഹനങ്ങളുമായി വന്ന് അവശ്യവസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്തിക്കുന്ന വിതരണപ്രക്രിയയും നിര്‍ബാധം പുരോഗമിച്ചു.

പത്തോളം ദിനരാത്രങ്ങള്‍ മാനന്തവാടി മെത്രാന്‍റെ ഭവനം കഠിനാദ്ധ്വാനത്തിന്‍റെ വേദിയായിത്തീര്‍ന്നു. വൈദികര്‍, സമര്‍പ്പിതര്‍, സെമിനാരിക്കാര്‍, യുവജനങ്ങള്‍, എ.കെ.സി.സി. പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധിയാളുകള്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും സഹകരിച്ചുകൊണ്ട് ബിഷപ്സ് ഹൗസിനെ ഊര്‍ജ്ജ്വസ്വലമാക്കി സൂക്ഷിച്ചു. രൂപതയുടെ അതിര്‍ത്തികളിലേക്ക്, ആവശ്യക്കാരിലേക്ക് ഇടവകകള്‍ വഴി നേരിട്ട് ഭക്ഷണമെത്തിക്കാന്‍ മാനന്തവാടി രൂപതക്ക് സാധിച്ചു. ഈ നാളുകളിലത്രയും നാടിന്‍റെ ഊട്ടുപുരയായി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍റെ ഭവനം മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. 250 ടണ്ണോളം അരി മാത്രം ബിഷപ്സ് ഹൗസില്‍ നിന്ന് നാടിന്‍റെ വിവിധഭാഗങ്ങളിലേക്ക് കയറിപ്പോയി. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അരിയോളം തന്നെയോ അതിനേക്കാളധികമോ ആണ് മറ്റ് അവശ്യവസ്തുക്കളും ഈ ഭവനം വഴി കയറിയിറങ്ങിപ്പോയത്.

രൂപതയിലെ ഇടവകകള്‍ അവരുടെ കഴിവില്‍ അതാതു നാടുകളില്‍ ചെയ്തതും ചെയ്യുന്നതും സാമൂഹ്യസേവനവിഭാഗവും റേഡിയോ മാറ്റൊലിയും യുവജനസംഘടനകളും എ.കെ.സി.സി.യും മറ്റു പ്രസ്ഥാനങ്ങളും സന്ന്യാസസമൂഹങ്ങളുമെല്ലാം ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഇതിനു പുറത്താണെന്ന് സൂചിപ്പിക്കട്ടെ. വിശദമായ കണക്കുകളും കാര്യങ്ങളും എഴുതാന്‍ ഇപ്പോള്‍ വകുപ്പില്ല. അക്ഷരങ്ങളിലൊതുക്കാവുന്ന ആശ്വാസപ്രവര്‍ത്തനമല്ല കത്തോലിക്കാസഭ ഈ ദുരിതബാധിതനാളുകളില്‍ ഈ നാട്ടില്‍ ചെയ്തിരിക്കുന്നത് എന്ന് ചുരുക്കം. തുടര്‍ നടപദ്ധതികള്‍ പ്രഖ്യാപിക്കുന്ന രൂപതാദ്ധ്യക്ഷന്‍റെ സര്‍ക്കുലറും ഉടന്‍ പുറത്തിറങ്ങും.

വന്നവരോടും തന്നവരോടും നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും വിശ്രമമില്ലാത്ത അദ്ധ്വാനത്തിന്‍റെ ക്ഷീണത്തോടെ ഇവിടെ അദ്ധ്വാനിക്കുന്നവര്‍ പറയുന്നു.

More Archives >>

Page 1 of 6