News

മദർ തെരേസയുടെ സന്യാസിനികൾ കൊല്ലപ്പെട്ടത് മതപരമായ കാരണങ്ങളാൽ: അറേബ്യൻ വൈദികൻ

സ്വന്തം ലേഖകൻ 05-03-2016 - Saturday

യെമനിൽ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ (മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹം) ആക്രമണവും കൊലപാതകങ്ങളും ആസൂത്രിതവും മതപരവുമായിരുന്നു എന്നത് വ്യക്തമാണെന്ന് മോൺ. പോൾ ഹിൻഡർ അറിയിച്ചു. ആക്രമണത്തിൾ നാലു സന്യാസിനികളും പത്ത് ജീവനക്കാരും കൊല്ലപ്പെട്ടു. സ്ഥാപനത്തിൽ താമസിച്ചിരുന്ന ഒരു മലയാളി വൈദികനെ അക്രമികൾ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു.

ജീവിത വ്യതത്തിനിടയിൽ ജീവത്യാഗം ചെയ്യേണ്ടി വന്നവരാണ് അവർ എന്ന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയായ മോൺ. ഹിൻഡർ പറഞ്ഞു. തെക്കൻ യെമനിലെ ഏഡനിൽ പ്രവർത്തിക്കുന്ന മിഷിനറീസ് ഓഫ് ചാരിറ്റിയുടെ മന്ദിരത്തിൽ, ആലംബഹീനരും അംഗവൈകല്യമുള്ളവരും വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെട്ടവരുമുൾപ്പടെ അനവധി പേർ താമസിക്കുന്നുണ്ട്. അവിടെ നടന്നത് മതപരമായ ആക്രമണം തന്നെയാണെന്ന് മോൺ. ഹിൻഡർ ആവർത്തിച്ചു.

വെള്ളിയാഴ്ച രാവിലെ 8.30-നാണ് യൂണിഫോമിട്ട ഒരു കൂട്ടം ആളുകൾ മന്ദിരത്തിന്റെ മതിൽ കെട്ടിനുള്ളിൽ പ്രവേശിച്ചത്. വരുന്ന വഴി അവർ ഗാർഡീനേയും മുന്നിൽ കണ്ട ജീവനക്കാരെയും വെടിവെച്ചു കൊന്നു. അതിനു ശേഷം മന്ദിരത്തിൽ കയറി രോഗീപരിചരണത്തിലേർപ്പെട്ടിരുന്ന നാലു സന്യാസിനികളെയും വെടിവെച്ചു. ഓഫീസ് മുറിക്കുള്ളിലായിരുന്ന മദർ സുപ്പീരിയർ അക്രമത്തിൽ നിന്നും രക്ഷപെട്ടു. ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ ആൻസ്ലം, വാൻണ്ടയിൽ നിന്നുമുള്ള സിസ്റ്റർ ഗ്രീറ്റ, സിസ്റ്റർ റെഗ്നീറ്റയും, സിസ്റ്റർ ജൂഡിറ്റ്, (കെനിയ) എന്നിവരാണ് കൊല്ലപ്പെട്ട സന്യാസിനികൾ.

ആക്രമണം നടക്കുന്ന സമയം ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന പാലാ രാമപുരം സ്വദേശിയായ ഫാദർ ടോം ഉഴുന്നല്ലിനെ പിന്നീട് കാണാതായി. അദ്ദേഹത്തെ അക്രമികൾ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു.

തങ്ങളുടെ പ്രവർത്തനം അപകട മേഖലയിലാണെന്ന് സന്യാസിനികൾക്ക് അറിയാമായിരുന്നു. "ഇതിനു മുമ്പും സമാനമായ ആക്രമണങ്ങൾ തങ്ങളുടെ നേരെ ഉണ്ടായിട്ടും തങ്ങള്‍ ഏറ്റെടുത്ത ആത്മീയ ദൗത്യം ഉപേക്ഷിച്ചു പോകാൻ സന്യാസിനികൾ തയ്യാറായിരുന്നില്ല." മോൺ. ഹിൻഡർ പറഞ്ഞു.

പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പുറത്തു കാണുന്നില്ല എങ്കിലും ഈ പ്രദേശം സുരക്ഷിതമല്ല എന്ന് എല്ലാവർക്കും അറിയാം. വാർത്തകൾ പുറത്തറിയാൻ ബുദ്ധിമുട്ടുള്ള പ്രദേശമാണിത് എന്ന് ഫാദർ ഹിൻഡർ തുടർന്നു പറഞ്ഞു.

1998-ൽ അൽ ഹുദായിദ് നഗരത്തിലെ മിഷിനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ആതുരാലയത്തിൽ ഒരാൾ അതിക്രമിച്ചു കയറി മൂന്ന് സന്യാസിനികളെ വെടിവച്ചു കൊലപ്പെടുത്തുകയുണ്ടായി. മനോനില തെറ്റിയ ഒരു സൗദിയാണ് ആ കൃത്യം ചെയ്തത് എന്ന് പിന്നീട് യെമൻ അധികാരികൾ വിശദീകരിച്ചു. അന്ന് കൊല്ലപ്പെട്ടവരിൽ രണ്ടു പേർ ഇന്ത്യയിൽ നിന്നുമുള്ള സന്യാസിനികളായിരുന്നു - സിസ്റ്റർ ലൈലയും സിസ്റ്റർ അനിറ്റയും. വധിക്കപ്പെട്ട മൂന്നാമത്തെ സന്യാസിനി സിസ്റ്റർ മൈക്കല്ലെ ഫിലിപ്പൈൻസുകാരിയായിരുന്നു.

അൽ ഖൊയിദ്ദ, ജിഹാദി മുസ്ലീം തീവ്രവാദികൾ യെമൻ കലാപഭൂമിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Related Articles »