Meditation. - March 2024
നമ്മുടെ തിരിച്ചു വരവിനായി കരുണയോടെ കാത്തിരിക്കുന്ന ദൈവം
സ്വന്തം ലേഖകന്‍ 14-03-2024 - Thursday
"ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു .ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ,സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക"(ലൂക്കാ 15 : 11-12)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 14
ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ യേശു ആ യുവാവിന്റെ കഥ നാടകീയമായി അവതരിപ്പിക്കുന്നു. സാഹസികമായി പിതാവിന്റെ ഭവനത്തിൽ നിന്ന് പോകുന്ന അവന്‍, സ്വത്ത് മുഴുവൻ ദുർവ്യയം ചെയ്യുന്നു. ധൂർത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും രീതിയിൽ സ്വയം നശിക്കുന്നു. പിന്നീടുള്ള കഷ്ടപാടിന്റെയും അലച്ചിലിന്റെയും പട്ടിണിയുടെയും കറുത്തദിനങ്ങൾ അവനെ ദുഃഖിതനാക്കി. അതിലുപരി നഷ്ടമായ അന്തസ്സ്, അതിലൂടെ അനുഭവിച്ച നാണക്കേടും അവഹേളനവും അവനെ കൂടുതല്‍ തളര്‍ത്തി. ഒടുവില്‍ അവന്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി പോകുന്നു, പിതാവിന്റെ സന്തോഷത്തോടെയുള്ള സ്വീകരണം- ഒരു നിമിഷം ചിന്തിച്ച് നോക്കുക.
പിതാവ് തീർച്ചയായും ആ മകനെ മറന്നിരുന്നില്ല. ആ മകനോടുള്ള തന്റെ സ്നേഹത്തിനു ഒരു കുറവും വന്നിരിന്നില്ല. അതുകൊണ്ട് തന്നെ ആ മകനു വേണ്ടി പിതാവ് കാത്തിരുന്നു. നഷ്ട്ടപ്പെട്ട് പോയ മകന്‍ തിരികെ വന്നപ്പോൾ അവനെ പിതാവ് കെട്ടിപിടിക്കുന്നു. എന്നിട്ട് പുത്രന്റെ തിരച്ചു വരവ് ആഘോഷിക്കുന്നു. ഈ ഉപമയിലെ ഏറ്റം ഉദാത്തമായ ഭാഗം തിരിച്ചുവന്ന മകനെ സ്വീകരിക്കുവാൻ കാണിക്കുന്ന പിതാവിന്‍റെ സ്നേഹവും, സന്തോഷവും, സന്തോഷപ്രകടനവും തന്നെയാണ്. കരുണാർദ്രനായ എപ്പോഴും ക്ഷമിക്കുവാൻ തയ്യാറുള്ള ദൈവത്തേ ഈ ഉപമയില്‍ നമ്മുക്ക് കാണാന്‍ സാധിയ്ക്കും.
ആ ധൂർത്തപുത്രൻ എല്ലാ മനുഷ്യരുടെയും പ്രതീകമാണ്. പിതാവിന്റെ ഭവനത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രവും, സ്വന്തവും ആയ ഒരു ജീവിതം മോഹിക്കുന്നവർ ഇന്ന്‍ ഏറെയാണ്. തന്നെ കീഴ്പ്പെടുത്തിയ ആസക്തികൾ പൊള്ളയായ മരീചിക ആയിരുന്നു എന്നുള്ള തിരിച്ചറിവ് ഇവരെ പിന്നീട് കുറ്റബോധത്തിലേക്ക് നയിക്കുന്നു. ധൂര്‍ത്ത പുത്രന്റെ പാത നാം പിന്തുടര്‍ന്നാല്‍ ഏകാന്തത, നഷ്ടബോധം, അവഞ്ജ, അവഗണന, തന്റേതു മാത്രമായ ഒരു ലോകത്തിലേയ്ക്കുള്ള ഉൾവലിച്ചിൽ ഇതെല്ലാം നമ്മുടെ ജീവിതത്തിലും സംഭവിക്കാം. എന്നിരിന്നാലും ഈ ഉപമയിലെ പിതാവിനെ പോലെ, തന്നിൽ നിന്ന് അകന്നു പോയ മകനെ/ മകളെ കാത്തിരിക്കുന്ന ഒരു ദൈവം നമ്മുക്കുണ്ട്. തിരച്ചു വരുമ്പോൾ വാരിപുണരുകയും, വിരുന്ന് ഒരുക്കുവാൻ കൽപ്പിക്കുകയും ചെയ്യുന്ന പിതാവായ ദൈവം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.